vellapally-nadeshan

ചേർത്തല: കൊവിഡ് -19 പ്രതിരോധ ചികിത്സയിൽ ലോകത്തിനു തന്നെ മാതൃകയായ സംസ്ഥാന ആരോഗ്യ വകുപ്പിനും കൊവിഡ് ചികിത്സയിൽ റെക്കാഡ് സ്ഥാപിച്ച കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിക്കും അഭിനന്ദനങ്ങളുമായി എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മുഖ്യമന്ത്റി പിണറായി വിജയന്റെ നേതൃത്വത്തിൽ മുഴുവൻ മന്ത്റിമാരും ഉദ്യോഗസ്ഥ മേധാവികളും കർമ്മനിരതരാകുന്ന കാഴ്ച മലയാളിക്ക് മാത്രമല്ല, ലോകത്തിനാകെ പ്രതീക്ഷയുടെ നാമ്പുകളാണ് സമ്മാനിച്ചതെന്നും അദ്ദേഹം പ്രത്യേക കുറിപ്പിൽ പരാമർശിച്ചു.

കൊവിഡിനെ പ്രതിരോധിക്കാൻ രാജ്യത്ത് സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചപ്പോൾ കക്ഷിരാഷ്ട്രീയ ഭേദമെന്യേ എല്ലാവരേയും ചേർത്തുനിറുത്തി ആ ദൗത്യം വിജയിപ്പിക്കാനുള്ള കർമ്മപദ്ധതികളാണ് കേരളം ആവിഷ്‌കരിച്ചത്. ആരോഗ്യ വകുപ്പിന്റെ കരുതലിന്റെയും കാരുണ്യത്തിന്റെയും തെളിവാണ് 93 വയസുള്ള തോമസിനേയും 88 വയസുള്ള ഭാര്യ മറിയാമ്മയേയും കൊവിഡ് മുക്തരാക്കി ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്നത്. ഇവരോട് സ്വന്തം മാതാപിതാക്കളോടെന്ന പോലെ സ്‌നേഹ വാത്സല്യത്തോടെ പെരുമാറിയ ഡോക്ടർമാർ, നഴ്‌സിംഗ് സ്​റ്റാഫ്, മ​റ്റ് ആശുപത്രി ജീവനക്കാർ എന്നിവരെ പ്രശംസിക്കാൻ വാക്കുകളില്ല.
കൊറോണ ഭീഷണി നേരിടാൻ യുദ്ധം നയിച്ചുകൊണ്ടിരിക്കുന്ന സംസ്ഥാന സർക്കാരിനും ആരോഗ്യ വകുപ്പിനുമൊപ്പം കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ.ടി.കെ. ജയകുമാർ, പ്രിൻസിപ്പൽ ഡോ.ജോസ് ജോസഫ്, ആർ.എം.ഒ ഡോ. ആർ.പി.രഞ്ജിൻ എന്നിവരുടെ നേതൃത്വത്തിലുള്ള ഡോക്‌ടർമാർ, നഴ്‌സിംഗ് സ്​റ്റാഫ് ,അ​റ്റൻഡർമാർ,ലബോറട്ടറി, ശുചീകരണ വിഭാഗങ്ങളിലെ മുഴുവൻ ജീവനക്കാർ എന്നിവരെ പ്രത്യേകം അഭിനന്ദിക്കുന്നു. രോഗത്തിന്റെ സാമൂഹ്യ വ്യാപനം തടയാൻ പുറത്ത് കഠിനാദ്ധ്വാനം ചെയ്യുന്ന കളക്ടർമാർ മുതൽ റവന്യു,ആരോഗ്യം,പൊലീസ്,അഗ്നിശമന സേന, എക്‌സൈസ് വകുപ്പുകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തുടങ്ങി മുഴുവൻ സംവിധാനങ്ങളും പ്രശംസാർഹമായ സേവനമാണ് കാഴ്ച വയ്ക്കുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു.

 വിഷു ദിനം പ്രാർത്ഥനാദിനം

ഈ വർഷത്തെ വിഷുദിനം പ്രാർത്ഥനാദിനമായി ആചരിക്കുമെന്ന് വെള്ളാപ്പള്ളി നടേശൻ അറിയിച്ചു. ലോകശാന്തിക്കും സമാധാനത്തിനും വേണ്ടിയും രോഗദുരിതങ്ങളിൽ നിന്ന് മാനവരാശിയെ രക്ഷിക്കണമെന്ന് അപേക്ഷിച്ചുകൊണ്ടുമാണ് പ്രാർത്ഥനദിനാചരണം നടത്തുന്നത്. 14ന് രാവിലെ 7നും 8നും ഇടയ്ക്ക് എല്ലാ ഭവനങ്ങളിലും ഗുരുദേവ ചിത്രം പുഷ്പമാല്യങ്ങൾ കൊണ്ട് അലങ്കരിച്ച് 5 തിരിയിട്ട നിലവിളക്ക് കൊളുത്തി സുഗന്ധദ്രവ്യങ്ങൾ പുകച്ച് കുടുംബാംഗങ്ങൾ എല്ലാവരും ഒന്നിച്ചിരുന്ന് പ്രാർത്ഥിക്കണം. ഗുരുസ്‌മരണ,ഗുരുഷഡ്ഗം,ഗുരുസ്തവം എന്നിവയും ഗുരുദേവൻ അരുൾചെയ്ത ഭദ്രകാളൃഷ്‌ടകം,പിണ്ഡനന്ദി,ദൈവദശകം,ഗദ്യപ്രാർത്ഥന എന്നിവയുമാണ് ചൊല്ലേണ്ടത്. പ്രാർത്ഥനയെ സംബന്ധിച്ച വിശദവിവരങ്ങൾ ശ്രീനാരായണ വൈദിക സമിതി പിന്നാലെ അറിയിക്കും.

 പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുക്കണം

കൊവിഡ് സൃഷ്ടിച്ച ഇരുട്ടിനെ വെളിച്ചത്തിന്റെ ശക്തികൊണ്ട് നേരിടാൻ എല്ലാവരും ഇന്ന് രാത്രി 9ന് 9മിനിട്ട് നേരം വീടുകളിൽ ദീപം തെളിയിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനം പ്രാവർത്തികമാക്കണം. സാമൂഹിക അകലത്തിന്റെ ലക്ഷ്മണ രേഖ പാലിച്ചായിരിക്കണം ദീപം തെളിക്കേണ്ടതെന്നും വെള്ളാപ്പള്ളി പറഞ്ഞു.