mohan-lal
mohan lal

തിരുവനന്തപുരം.സമീപകാലത്തൊന്നും നേരിട്ടിട്ടില്ലാത്ത തകർച്ചയെ നേരിടുകയാണ് മലയാള സിനിമാ ലോകം.കൊവിഡ് -19 സൃഷ്ടിച്ച പ്രതിസന്ധിയിൽ സംസ്ഥാനത്തെ മുഴുവൻ തിയറ്ററുകളും അടഞ്ഞു കിടക്കുകയും സിനിമാ ചിത്രീകരണങ്ങൾ നിറുത്തിവയ്ക്കുകയും ചെയ്തതോടെ ചലച്ചിത്ര മേഖലയിൽ 500 മുതൽ 550 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.സമ്പൂർണ്ണ ലോക്ക് ഡൗണായതിനാൽ വിഷു റിലീസും മുടങ്ങി.

mohan-lal
mohan lal

മധ്യവേനലവധിയും ,വിഷു,റംസാൻ എന്നീ വിശേഷ ദിവസങ്ങളും വരുന്നതിനാൽ ഏപ്രിലും മേയും തിയറ്ററുകളിൽ ഏറ്റവും കൂടുതൽ പ്രേക്ഷകരെത്തുന്ന മാസങ്ങളാണ് . മികച്ച കളക്ഷനാണ് ഈ കാലയളവിൽ ലഭിക്കാറുള്ളത്.എന്നാൽ വിഷു റിലീസ് മുടങ്ങിയതോടെ വലിയ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്.മേയിൽ വരുന്ന റംസാനിലാണ് ഇനി പ്രതീക്ഷ.പക്ഷേ അപ്പോഴേക്കും സ്ഥിതിഗതികൾ സാധാരണനിലയിലെത്തുമോയെന്ന ആശങ്ക ഇല്ലാതില്ല.മാത്രമല്ല ലോക്ഡൗണും നിയന്ത്രണങ്ങളും പിൻവലിച്ചാലും തിയറ്ററുകളിലേക്ക് പ്രേക്ഷകർ സജീവമായി തിരിച്ചെത്താൻ പിന്നെയും സമയമെടുത്തേക്കുമെന്നാണ് ചലച്ചിത്ര പ്രവർത്തകർ വിലയിരുത്തുന്നത്. തിയറ്ററുകൾ തുറന്ന് പ്രവർത്തിക്കാൻ സാനിറ്റൈസ് ചെയ്യുന്നതുൾപ്പെടെ വലിയ ചെലവും വേണ്ടിവരും.

കേരളത്തിൽ സ്ഥിതിഗതികൾ മെച്ചപ്പെട്ടാലും തമിഴ്നാട് ഉൾപ്പെടെയുള്ള അന്യ സംസ്ഥാനങ്ങൾ സാധാരണ അവസ്ഥയിലെത്താതെ ഷൂട്ടിംഗ് പുനരാരംഭിക്കാൻ കഴിയില്ല.കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി മാർച്ച് 11 മുതലാണ് തിയറ്ററുകൾ അടച്ചിട്ടത്.അപ്പോൾ വരനെ ആവശ്യമുണ്ട്,അയ്യപ്പനും കോശിയും, ഫോറൻസിക് ,കപ്പേള തുടങ്ങിയ ചിത്രങ്ങൾ തിയറ്ററിൽ പ്രദർശിപ്പിച്ചു വരികയായിരുന്നു.കപ്പേള റിലീസ് ചെയ്ത് മൂന്ന് ദിവസം പിന്നിട്ടപ്പോഴാണ് പ്രദർശനം മുടങ്ങിയത്.

14 ചിത്രങ്ങളുടെ

ഷൂട്ടിഗ് മുടങ്ങി

ചിത്രീകരണം നടന്നുവന്ന 14 ചിത്രങ്ങളാണ് കൊവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി നിറുത്തി വച്ചത്.സെൻസർ ചെയ്ത 11 ചിത്രങ്ങൾ പ്രദർശനത്തിനൊരുങ്ങുമ്പോഴാണ് ഈ സാഹചര്യം ഉണ്ടായത്.മാർച്ച് 11 ന് തിയറ്ററുകൾ അടച്ചതിനാൽ സെൻസറിംഗിനുള്ള സ്ക്രീനിംഗ് അതോടെ നിറുത്തി വച്ചതായി സംസ്ഥാന സെൻസർ ബോർഡ് മേധാവി പാർവതി കേരളകൗമുദിയോട് പറഞ്ഞു.

കഴിഞ്ഞ മാർച്ച് 26 ന് റിലീസ് ചെയ്യാനിരുന്ന മോഹൻലാൽ-പ്രിയദർശൻ ചിത്രം " മരക്കാർ അറബിക്കടലിന്റെ സിംഹം" ,31 ന് റിലീസ് ചെയ്യാനിരുന്ന ഇന്ദ്രജിത്തും സൗബിനും അഭിനയിച്ച " ഹലാൽ ലൗവ് സ്റ്റോറി",ഏപ്രിൽ രണ്ടിനിറങ്ങാനിരുന്ന മമ്മൂട്ടി നായകനാകുന്ന " വൺ",ഏപ്രിൽ ഒമ്പതിന് വച്ചിരുന്ന വിജയ്-സേതുപതി ടീമിന്റെ തമിഴ് ചിത്രം " മാസ്റ്റർ" ഏപ്രിൽ 12 ന് റിലീസ് നിശ്ചയിച്ചിരുന്ന ദിലീപ്-നാദിർഷാ ചിത്രം " കേശു ഈ വീടിന്റെ നാഥൻ" ഇവയുടെയെല്ലാം റിലീസ് തിയതി മാറ്റേണ്ടി വന്നു.വിഷുവിന് മുന്നോടിയായി റിലീസ് ചെയ്യാൻ നിശ്ചയിച്ച ഈ ചിത്രങ്ങൾ വൈകുന്നത് നിർമ്മാതാക്കൾക്കും തിയറ്ററുടമകൾക്കും വൻ നഷ്ടമാണ് വരുത്തിവയ്ക്കുന്നത്.

ജിത്തുജോസഫ് സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം " റാം"വിദേശത്തു വച്ചുള്ളതൊഴികെയുള്ള രംഗങ്ങളുടെ ചിത്രീകരണം പൂർത്തിയാക്കിയപ്പോഴാണ് ലോക്ഡൗൺ വന്നത്.അതുപോലെ വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത് പ്രണവ് മോഹൻലാലും കല്യാണി പ്രിയദർശനും അഭിനയിക്കുന്ന "ഹൃദയം",മഞ്ജുവാര്യർ നിർമ്മിച്ച് സഹോദരൻ മധുവാര്യർ സംവിധാനം ചെയ്യുന്ന "ലളിതം സുന്ദരം ",മാർട്ടിൻ പ്രക്കാട്ടിന്റെ കുഞ്ചാക്കോ ബോബൻ ചിത്രം ,മമ്മൂട്ടി നായകനാകുന്ന "ദ പ്രീസ്റ്റ് "എന്നിവയും ചിത്രീകരണം മുടങ്ങിയവയിൽ ഉൾപ്പെടുന്നു.ഈ പ്രതിസന്ധിക്കിടയിലും ജോർദാനിൽ ചിത്രീകരണം തുടർന്നുവന്ന ബ്ളെസി-പൃഥ്വിരാജ് ചിത്രം " ആടുജീവിതം" അവിടെ കർഫ്യൂ പ്രഖ്യാപിച്ചതോടെ നിറുത്തിവച്ചു.ആഫ്രിക്കയിലെ ജിബൂട്ടിയിൽ ഒരുങ്ങുന്ന " ജിബൂട്ടി" എന്നു പേരുള്ള മലയാള ചിത്രം മാത്രമാണ് ഇപ്പോൾ ഷൂട്ടിംഗ് തുടരുന്ന ഒരേയൊരു ചിത്രം.

സിനിമ ചിത്രീകരണം മുടങ്ങിയതോടെ ലൈറ്റ് ബോയ്സ് മുതൽ താഴെത്തട്ടിലുള്ള അണിയറ പ്രവർത്തകരുടെ ജീവിത മാർഗ്ഗം നിലച്ച അവസ്ഥയിലാണ്.അവരെ സഹായിക്കാൻ ഫെഫ്ക യുടെ നേതൃത്വത്തിൽ ധനസമാഹരണം നടത്തിവരികയാണ് .ആദ്യ ഗഡു വിഷുവിന് നൽകാനാണ് ആലോചിക്കുന്നത്.40 ലക്ഷം രൂപയാണ് ഇതുവരെ സമാഹരിച്ചിട്ടുള്ളത്.

--------------------------------

ജൂൺ-ജൂലായ് ആകാതെ സിനിമാ ചിത്രീകരണം പുനരാരംഭിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല.അതും പ്രതീക്ഷയാണ്.ഇപ്പോൾത്തന്നെ 500 കോടിയിലധികമായി നഷ്ടം.

ബി.ഉണ്ണികൃഷ്ണൻ( ജനറൽ സെക്രട്ടറി,ഫെഫ്ക)

-------------------

ചലച്ചിത്ര വികസന കോർപ്പറേഷൻ വലിയ തകർച്ചയാണ് നേരിടുന്നത്.ചിത്രാജ്ഞലി സ്റ്റുഡിയോയും കോർപ്പറേഷന് കീഴിലുള്ള 18 തിയറ്ററുകളും പൂട്ടിയതോടെ എല്ലാ വരുമാനവും നിലച്ചു.

ഷാജി.എൻ.കരുൺ (ചെയർമാൻ,കെ.എസ്.എഫ്.ഡി.സി)

---------------------------------

പ്രളയത്തിൽ പോയത്

95 കോടി

കഴിഞ്ഞ രണ്ട് പ്രളയകാലത്തുമായി 95 കോടി രൂപയുടെ നഷ്ടമാണ് മലയാള ചലച്ചിത്ര ലോകം നേരിട്ടത്. അതിൽ നിന്ന് വേഗം കരകയറാനായത് ആശ്വാസമായിരുന്നു.

(തയ്യാറാക്കിയത്; കേരളകൗമുദി ഫ്ളാഷ് മൂവീസ് ഡെസ്ക്ക്)