തിരുവനന്തപുരം: കൊവിഡ് 19 പരിശോധനകൾക്കായി രണ്ട് പോളിമറൈസ് ചെയിൻ റിയാക്ഷൻ (പി സി ആർ) മെഷീനുകൾ കൂടി ലഭ്യയതോടെ പബ്ലിക് ഹെൽത്ത് മൈക്രോബയോളജി ലാബിന്റെ പ്രവർത്തനം ശക്തമാകും. നിലവിൽ ഒരു മെഷീൻ മാത്രമാണുണ്ടായിരുന്നത്. പ്രതിദിനം 90 സാമ്പിളുകളാണ് ഈ ഒരു മെഷീനിലൂടെ പരിശോധിച്ചിരുന്നത്. മെഷീൻ തുടർച്ചയായി പ്രവർത്തിക്കുന്ന സാഹചര്യത്തിലാണ് പുതിയ രണ്ടു മെഷീൻ കൂടി അനുവദിക്കാൻ ആശുപത്രി അധികൃതർ തീരുമാനിച്ചത്. മെഡിക്കൽ കോളേജ് ആശുപത്രി കൊവിഡ് ചികിത്സാ കേന്ദ്രമായി മാറ്റിയതിനാൽ ഇനിയും കൂടുതൽ സാമ്പിളുകൾ പരിശോധിക്കേണ്ടി വരും. പുതിയ രണ്ടെണ്ണം കൂടി വരുന്നതോടെ ഒരു ദിവസം 270 സാമ്പിളുകൾ വരെ പരിശോധിക്കാൻ കഴിയും.