കൊച്ചി: രാജ്യത്ത് പെട്രോൾ, ഡീസൽ, എൽ.പി.ജി എന്നിവയുടെ വിതരണം തടസപ്പെടാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് എണ്ണ വിതരണ കമ്പനികളുടെ 700ഓളം ജില്ലാ നോഡൽ ഓഫീസർമാരുമായി നടത്തിയ വീഡിയോ കോൺഫറൻസിംഗിൽ കേന്ദ്ര പെട്രോളിയം മന്ത്രി ധർമ്മേന്ദ്ര പ്രധാൻ ആവശ്യപ്പെട്ടു. നിലവിൽ, രാജ്യത്തെ 15 പോർട്ട് ടെർമിനലുകളും 195 ബോട്ട്‌ലിംഗ് പ്ളാന്റുകളും സുസജ്ജമാണ്. വിതരണ ശൃംഖലയും കാര്യക്ഷമമാണ്.
പ്രതിദിനം 60 കോടി എൽ.പി.ജി സിലിണ്ടറുകൾ രാജ്യത്ത് വിതരണം ചെയ്യുന്നുണ്ട്. അർഹരായ എട്ടുകോടിപ്പേർക്ക് പ്രധാനമന്ത്രി ഉജ്വല യോജനയിലൂടെ 14.2 കിലോഗ്രാമിന്റെ മൂന്നു സിലിണ്ടറുകളും സൗജന്യമായി നൽകുന്നു. ഇതിന്റെ വില എണ്ണക്കമ്പനികൾ ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കും. സിലിണ്ടർ റീഫില്ലിംഗിനുള്ള തുക ഇതിൽ നിന്ന് നൽകണം. 4,500 കോടി രൂപയാണ് ഈമാസം എണ്ണക്കമ്പനികൾ ഉപഭോക്താക്കൾക്ക് കൈമാറുന്നത്.