kristalina-georgieva

ജനീവ: കൊവിഡ്-19 മഹാമാരി ആഗോള സമ്പദ്‌വ്യവസ്ഥയെ മുമ്പെങ്ങും നേരിട്ടിട്ടില്ലാത്ത ഇരുണ്ട കാലഘട്ടത്തിലേക്കാണ് തള്ളിയതെന്നും 2008-09 കാലത്തെ ആഗോള മാന്ദ്യത്തേക്കാൾ രൂക്ഷമായ സ്ഥിതിയാണിതെന്നും അന്താരാഷ്‌ട്ര നാണയ നിധി (ഐ.എം.എഫ്) മാനേജിംഗ് ഡയറക്‌ടർ ക്രിസ്‌റ്റലീന ജോർജിയേവ പറഞ്ഞു.

ലോകാരോഗ്യ സംഘടനയുമായി (ഡബ്ള്യു.എച്ച്.ഒ) ചേർന്ന് നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ. ലോക സമ്പദ്‌വ്യവസ്ഥ നിശ്‌ചലമായി. അതിശക്തമായ മാന്ദ്യമാണിത്. വികസ്വര രാജ്യങ്ങളിൽ നിന്ന് 9,000 കോടി ഡോളറിന്റെ (6.8 ലക്ഷം കോടി രൂപ) നിക്ഷേപം കൊഴിഞ്ഞു. ഐ.എം.എഫിലെ 189 അംഗങ്ങളിൽ 90 രാജ്യങ്ങളും പ്രതിസന്ധിയെ നേരിടാൻ ധനസഹായം ആവശ്യപ്പെട്ടിരിക്കുകയാണ്. കൊവിഡ്-19 ഏറെ നാശം വിതച്ച വികസ്വര, അവികസിത രാജ്യങ്ങളെ സാമ്പത്തിക, ആരോഗ്യ രംഗങ്ങളിൽ സഹായിക്കാൻ വികസിത രാജ്യങ്ങൾ തയ്യാറാകണം.

ഐ.എം.എഫും ഡബ്ള്യു.എച്ച്.ഒയും ചേർന്ന് ദരിദ്ര രാജ്യങ്ങൾക്ക് ആരോഗ്യ രംഗത്ത് സഹായമെത്തിച്ചിട്ടുണ്ട്. ഡോക്‌ടർമാർക്കും നഴ്‌സുമാർക്കും വേതനവും സുരക്ഷാസൗകര്യങ്ങളും നൽകിയെന്നും അവർ പറഞ്ഞു. ആരോഗ്യ പ്രതിസന്ധി മാത്രമല്ല, കൊവിഡ്-19 ലോക സമ്പദ്‌വ്യവസ്ഥയെ കടുത്ത മാന്ദ്യത്തിലേക്ക് തള്ളുമെന്ന് തന്നെയാണ് കരുതുന്നതെന്ന് ലോക ബാങ്ക് പ്രസിഡന്റ് ഡേവിഡ് മാൽപാസും പറഞ്ഞു.

സഹായിക്കാൻ

$1 ലക്ഷം കോടി

അടിയന്തരഘട്ടത്തിൽ അംഗരാജ്യങ്ങൾക്ക് സാമ്പത്തിക സഹായമായി നൽകാൻ ഐ.എം.എഫിന് ഒരുലക്ഷം കോടി ഡോളറിന്റെ (76 ലക്ഷം കോടി രൂപ) ഫണ്ട് ഉണ്ടെന്ന് ക്രിസ്‌റ്റലീന ജോർജിയേവ പറഞ്ഞു. ഇതിനകം അപേക്ഷിച്ച, ആഫ്രിക്കൻ രാജ്യമായ റുവാണ്ടയ്ക്ക് ധനസഹായം നൽകി. മറ്റ് രണ്ട് ആഫ്രിക്കൻ രാജ്യങ്ങളുടെ അപേക്ഷ പരിഗണനയിലാണ്.

''ഇത്, മനുഷ്യകുലത്തിന്റെ ഏറ്റവും ഇരുണ്ട കാലമാണ്. ലോകം ഇതുവരെ നേരിട്ടിട്ടില്ലാത്ത ഏറ്റവും വലിയ വെല്ലുവിളി. ഒന്നിച്ചുനിന്ന് പൊരുതാനും മറ്രുള്ളവരുടെ ജീവൻ സംരക്ഷിക്കാനും നമുക്ക് കഴിയണം"",

ക്രിസ്‌റ്റലീന ജോർ‌ജിയേവ,

മാനേജിംഗ് ഡയറക്‌ടർ,

ഐ.എം.എഫ്