ration-

തിരുവനന്തപുരം: ഈ മാസം 20 മുതൽ മുൻഗണനാ റേഷൻ കാർഡിലെ (മഞ്ഞ, പിങ്ക് നിറം)​ ആളൊന്നിന് അഞ്ച് കിലോ അരിയും കാർഡിന് ഒരുകിലോ പയറും സൗജന്യമായി ലഭിക്കുമെന്ന് ഭക്ഷ്യമന്ത്രി പി.തിലോത്തമൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കൊവിഡുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ പ്രഖ്യാപിച്ച സൗജന്യ റേഷൻ വിതരണമാണിത്.

ഈ വിഹിതം മെയ്, ജൂൺ മാസങ്ങളിലും റേഷൻകടകൾ വഴി ലഭിക്കും. ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്ന സംസ്ഥാന വിഹിതത്തിന് പുറമെയാണ് അന്ത്യോന്തയ, മുൻഗണന വിഭാഗങ്ങൾക്ക് ആളൊന്നിന് അഞ്ച് കിലോ അരി ലഭിക്കുക. അതേസമയം നീല, വെള്ളകാർഡുകാർക്ക് (മുൻഗണനേതര വിഭാഗം)​ കേന്ദ്രവിഹിതം ഉണ്ടാകില്ലെന്നും അവർക്ക് ഈ മാസം 30വരെ സംസ്ഥാന സർക്കാർ സൗജന്യമായി നൽകുന്ന 15 കിലോ അരി ലഭിക്കുമെന്നും മന്ത്രി അറിയിച്ചു.

ആകെയുള്ള 87.28 ലക്ഷം കാർഡുകളിൽ 55.44 ലക്ഷം കുടുംബങ്ങൾ ഇതുവരെ സൗജന്യ റേഷൻ കൈപ്പറ്റിയിട്ടുണ്ട്. 89734 മെട്രിക് ടൺ അരിയും 1012 മെട്രിക് ടൺ ഗോതമ്പുമാണ് ഇന്നലെ വരെ വിതരണം ചെയ്തത്. 12.27 ലക്ഷം പേർ പോർട്ടബിലിറ്റി സംവിധാനം ഉപയോഗിച്ച് റേഷൻ വാങ്ങിയിട്ടുണ്ട്. കമ്മ്യൂണിറ്റി കിച്ചണുകൾക്കുവേണ്ടി 91 മെട്രിക് ടൺ അരി വിതരണം ചെയ്തു.


ഇന്ന് 12.56 ലക്ഷം കാർഡുടമകളാണ് സാധനങ്ങൾ കൈപ്പറ്റിയത്. നിലവിലെ സാഹചര്യത്തിൽ ഞായറാഴ്ച്ചയും റേഷൻ കടകൾവഴി ഭക്ഷ്യധാന്യവിതരണമുണ്ടാകും. ഭക്ഷ്യധാന്യങ്ങൾക്ക് യാതൊരു തരത്തിലുള്ള ക്ഷാമവും സംസ്ഥാനത്തില്ല. സ്റ്റോക്ക് തീരുന്ന മുറക്ക് തന്നെ കടകളിൽ സാധനമെത്തിക്കാൻ ഗോഡൗൺ തൊഴിലാളികടക്കം അഹോരാത്രം പ്രയത്നിക്കുന്നുണ്ട്. കൃത്യഅളവിൽ സൗജന്യ റേഷൻ നൽകാത്ത കടകൾക്കെതിരെ പരാതികൾ ലഭിച്ച മുറയ്ക്ക് നടപടിയെടുത്തിട്ടുണ്ട്. ലീഗൽ മെട്രോളജിയുടെ നേതൃത്വത്തിൽ പരിശോധനകൾ നടന്നുവരികയാണ്. വാതിൽപ്പടി വിതരണം നടത്തുമ്പോൾ റേഷൻ കടകളിൽ ഭക്ഷ്യധാന്യങ്ങൾ കരാറുകാർ കടയുടമയെ തൂക്കി ബോധ്യപ്പെടുത്തേണ്ടതാണ്. അല്ലാത്തപക്ഷം കർശന നടപടിയുണ്ടാകും. അന്യസംസ്ഥാന തൊഴിലാളികൾക്ക് ഒരാൾക്ക് പരമാവധി അഞ്ച് കിലോഗ്രാം അരിയോ അതല്ലെങ്കിൽ നാല് കിലോ ആട്ടയോ ജില്ലാ കളക്ടർമാരുടെ നിർദ്ദേശപ്രകാരം നൽകുവാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഭക്ഷ്യകിറ്റ് വിതരണത്തിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും മന്ത്രി അറിയിച്ചു.