ന്യൂഡൽഹി: കൊവിഡ് രോഗ പ്രതിരോധത്തിന്റെ ഭാഗമായി പ്രധാനമന്ത്രിയുടെ നിർദേശ പ്രകാശം തെളിയിക്കുന്നവർ സാനിറ്റൈസർ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് കേന്ദ്രസർക്കാർ. സർക്കാരിന്റെ കീഴിലുള്ള ഔദ്യോഗിക പ്രക്ഷേപണ ഏജൻസിയായ പ്രസാർ ഭാരതിയാണ് ഇത് സംബന്ധിച്ചുള്ള മുന്നറിയിപ്പ് ജനങ്ങൾക്ക് നൽകിയിരിക്കുന്നത്. പ്രധാനമന്ത്രിയുടെ ആഹ്വാന പ്രകാരം ഞായറാഴ്ച രാത്രിയിൽ ദീപം തെളിക്കുന്നവർ സൈനിറ്റൈസർ ഉപയോഗിച്ചതിനു ശേഷം വിളക്ക് കത്തിക്കരുതെന്നാണ് മുന്നറിയിപ്പിൽ പ്രസാർ ഭാരതി പറയുന്നത്.
അൽക്കഹോൾ ഉൾച്ചേർന്നിട്ടുള്ള സാനിറ്റൈസർ തീ പടരാൻ കാരണമാകും എന്നതിനാലാണ് ഈ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ലോക്ക് ഡൗണിൽ കുടുങ്ങിയ ഇന്ത്യൻ ജനതയ്ക്ക് ആത്മവിശ്വാസം പകരാൻ ഞായറാഴ്ച രാത്രി 9 മണിക്ക് രാജ്യമെമ്പാടും വീടുകളിൽ ഒൻപത് മിനിറ്റ് ദീപങ്ങൾ തെളിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്‌തിരുന്നു. ഒരു വീഡിയോ സന്ദേശത്തിലാണ് ജനങ്ങളെ മാനസികമായി ഉത്തേജിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള മോദിയുടെ ആഹ്വാനം.
രാത്രി 9മണിക്ക് എല്ലാവരും വീടുകളിലെ വെളിച്ചം അണയ്‌ക്കണം. വാതിലിന് മുന്നിലോ ബാൽക്കണിയിലോ നിന്ന് ചെരാതുകൾ, മെഴുകുതിരി, ടോർച്ച്, മൊബൈൽ ഫോൺ ലൈറ്റ് തുടങ്ങിയവ 9 മിനിട്ട് പ്രകാശിപ്പിക്കുക. ആ വെളിച്ചത്തിൽ 130 കോടി ഇന്ത്യക്കാർ നിശ്‌ചദാർഢ്യത്താൽ ബന്ധിതമാകുന്നു. ദീപം കൊളുത്താൻ ആരും കൂട്ടം കൂടരുത്. റോഡിലും തെരുവിലും ഇറങ്ങരുത്. സമൂഹ അകലം എന്ന ലക്ഷ്‌മണ രേഖ കടക്കരുത്. കൊറോണയെ ചെറുക്കാനുള്ള ഏറ്റവുംവലിയ വഴിയാണ് സമൂഹ അകലം പാലിക്കൽ. പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു.