covid-

ന്യൂഡൽഹി : രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 75 ആയി. 3072 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. നിസാമുദ്ദീനിലെ മതസമ്മേളനത്തിൽ പങ്കെടുത്ത 1023 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തിൽ വലിയ വർദ്ധനയാണുണ്ടായത്. 17 സംസ്ഥാനങ്ങളിൽ ഇത് വരെ നിസാമുദ്ദീൻ തബ്‍ലീഗ് മത സമ്മേളനത്തിൽ പങ്കെടുത്തതുമായി ബന്ധപ്പെട്ട് കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.


ലോക്ക് ഡൗൺ പിൻവലിക്കാൻ പത്ത് ദിവസം ശേഷിക്കേ കൊവിഡ് ബാധിതരുടെ എണ്ണം കൂടുന്നത് സൃഷ്ടിക്കുന്ന പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്രസർക്കാർ. ഇതിന്റെ ഭാഗമായി അടിയന്തര സാഹചര്യം നേരിടാൻ രൂപീകരിച്ച സമിതിയുമായി പ്രധാനമന്ത്രി ചർച്ച നടത്തി. പ്രതിരോധ സാമഗ്രികൾ ,വെന്റിലേറ്റർ എന്നിവയുടെ ലഭ്യത വിലയിരുത്തി. ചൊവ്വാഴ്ച മന്ത്രിതല ഉപസമിതി ചേരും. ബുധനാഴ്ചയാണ് പ്രധാനമന്ത്രി വിളിച്ച പ്രതിപക്ഷ നേതാക്കളുടെ യോഗം. വീഡിയോ കോൺഫറൻസ് വഴിയാണ് ഇരു യോഗങ്ങളും.

ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ച മഹാരാഷ്ട്രയിൽ ഇതുവരെ 26 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 537 കേസുകളാണ് സംസ്ഥാനത്ത് ഇതുവരേ റിപ്പോർട്ട് ചെയ്തത്. അതിനിടെ മുംബൈയിലെ ധാരാവിയിൽ മരിച്ച 56കാരൻ തബ്‌ലീഗ് മത സമ്മേളനത്തിൽ പങ്കെടുത്ത മലയാളികളുമായി ഇടപഴകിയെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സമ്മേളനത്തിൽ പങ്കെടുത്ത് മുംബയിലെത്തിയ സംഘത്തിന് ഇദ്ദേഹം താമസസൗകര്യം ഒരുക്കിയെന്നാണ് കണ്ടെത്തിയത്.