കൊവിഡ് 19 വൈറസ് പടരുന്ന സാഹചര്യത്തിൽ കേരളത്തിൽ എല്ലാവരും മാസ്ക് ഉപയോഗിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എല്ലാവരും മാസ്ക് ഉപയോഗിക്കണോ എന്ന കാര്യത്തിൽ ശാസ്ത്രലോകത്തും പല ചർച്ചകളും നടക്കുന്നുണ്ട്. എന്നാൽ മാസ്ക് ഉപയോഗിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ടെന്നാണ് ഇൻഫോക്ലിനിക് പറയുന്നത്.
ഇൻഫോക്ലിനിക്കിന്റെ കുറിപ്പ്
കേരളത്തിൽ വ്യാപകമായി മാസ്ക് ഉപയോഗിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞിരിക്കുകയാണ്. എല്ലാവരും മാസ്ക് ഉപയോഗിക്കണോ എന്ന കാര്യത്തിൽ ശാസ്ത്രലോകത്ത് പല ചർച്ചകളും നടക്കുന്നുണ്ട്. തൽക്കാലം അതവിടെ നിൽക്കട്ടെ. മാസ്ക് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട പല കാര്യങ്ങളുമുണ്ട്. ഏവരും തീർച്ചയായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ്.
∙ മാസ്ക് ധരിക്കുന്നതിന് മുൻപ് കൈകൾ സോപ്പും വെള്ളവും അല്ലെങ്കിൽ 70 % ആൽക്കഹോൾ ഉള്ള ഹാൻഡ് സാനിറ്റൈസർ ഉപയോഗിച്ച് നന്നായി കഴുകണം.
∙ മൂക്കും വായും മൂടുന്ന രീതിയിൽ കൃത്യമായി ധരിക്കണം. മാസ്കും മുഖവും തമ്മിൽ ഗ്യാപ്പ് ഉണ്ടാകാൻ പാടില്ല.
∙ ധരിച്ചശേഷം മാസ്കിൽ സ്പർശിക്കാൻ പാടില്ല.
∙ മാസ്ക് മൂക്കിനു താഴെ ധരിക്കുന്നതും കഴുത്തിൽ അലങ്കാരമായി ധരിക്കുന്നതും അഭികാമ്യമല്ല.
∙ മാസ്ക് ധരിച്ചാലും കൈകൾ ഇടയ്ക്കിടെ വൃത്തിയാക്കുന്ന കാര്യത്തിൽ അമാന്തം പാടില്ല.
∙ മാസ്ക് ഊരുമ്പോൾ മുൻഭാഗത്ത് സ്പർശിക്കാതെ വള്ളികളിൽ മാത്രം പിടിച്ച് അഴിക്കുക.
∙ ഉപയോഗിച്ച മാസ്ക് വലിച്ചെറിയരുത്. അടപ്പുള്ള വെയ്സ്റ്റ് ബിന്നിൽ മാത്രം നിക്ഷേപിക്കുക.
∙ വീണ്ടും കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയാക്കുക.
∙ മാസ്ക് ഉപയോഗിക്കുന്നതുകൊണ്ട് കോവിഡിനെതിരെ പരിപൂർണ പ്രതിരോധമായി എന്ന് കരുതരുത്.
∙ സാധാരണ മാസ്കുകൾ ധരിച്ചാൽ നമ്മുടെ ശരീരത്തിലേക്ക് വൈറസ് കയറുന്നതിനെ പൂർണമായും തടയുമെന്നും കരുതരുത്. പക്ഷേ, നമുക്ക് വൈറസ്ബാധ ഉണ്ടെങ്കിൽ മറ്റുള്ളവരിലേക്ക് പകരുന്നത് തടയാൻ സഹായിക്കും. അതുകൊണ്ട് ഏറ്റവും പ്രാധാന്യമുള്ള കാര്യം വ്യക്തിശുചിത്വവും ശരീരിക അകലം പാലിക്കുകയും തന്നെയാണ്.
∙ മാസ്ക് ധരിച്ചു എന്നത് കൊണ്ട് മിഥ്യാ സുരക്ഷിത ബോധം ഉണ്ടാവാൻ പാടില്ല.
∙ ആൾക്കൂട്ടങ്ങൾ ഒഴിവാക്കുക തന്നെ വേണം. ഒന്നര മീറ്റർ ശരീരിക അകലം പാലിക്കാൻ സാധിക്കുമെങ്കിൽ നല്ലത്.