ഇറാന്റെ അലംഭാവമാണ് രാജ്യത്തെ കൊവിഡ് രോഗത്തിന്റെ സാഹചര്യം ഇത്രമേൽ വഷളാക്കിയത് എന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടുകൾ പുറത്ത്. അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് ആണ് ഇത് സംബന്ധിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടത്. ചൈനയിൽ നിന്നും പൊട്ടിപ്പുറപ്പെട്ട രോഗം രാജ്യത്ത് സാന്നിദ്ധ്യമറിയിച്ചു തുടങ്ങി എന്നുള്ള കാര്യം ഇറാന്റെ ആരോഗ്യ പ്രവർത്തകർ നേരത്തെ തന്നെ സർക്കാരിനെ അറിയിച്ചിരുന്നു.
രാജ്യത്തെ പ്രധാന നഗരങ്ങളിൽ ഒന്നായ, പിന്നീട് രാജ്യത്തെ പ്രധാന കൊവിഡ് ബാധിത പ്രദേശങ്ങളിൽ ഒന്നായി മാറിയ കോമിൽ ഏതാനും ചിലർക്ക് ശ്വാസകോശ സംബന്ധമായ അണുബാധയും പനിയും റിപ്പോർട്ട് ചെയ്തതായാണ് ആരോഗ്യ പ്രവർത്തകർ സർക്കാരിനെ അറിയിച്ചിരുന്നത്. ഡിസംബർ അവസാനവും ജനുവരി ആദ്യവുമാണ് ഈ വിവരം സർക്കാരിനെ ധരിപ്പിക്കുന്നത്.
ഇറാൻ ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥരും ഒരു മുൻ സർക്കാർ ഉന്നതോദ്യോഗസ്ഥനും ഇക്കാര്യം സ്ഥിരീകരിക്കുന്നുണ്ട്. എന്നാൽ ഫെബ്രുവരി 21 നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ് കാരണം സുപ്രധാനമായ ഈ വിവരം മറച്ചുവയ്ക്കാനാണ് അധികാരികൾ തീരുമാനിച്ചത്.
ഇറാനിയൻ രഹസ്യസേനയായ ഖുദ്സിന്റെ തലവൻ ഖാസിം സൊലൈമാനിയെ ജനുവരി മൂന്നിന് ബാഗ്ദാദിൽ വച്ച് അമേരിക്ക വധിച്ചതോടെ ഇറാൻ സർക്കാർ സ്വന്തം ജനങ്ങളിൽ നിന്നും വൻ പ്രതിഷേധം നേരിടാൻ ആരംഭിച്ചു. ഇറാക്കിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയെങ്കിലും ജനരോഷം അടക്കാൻ ഇത് കാര്യമായി സഹായിച്ചില്ല. നവംബറിൽ നടന്ന ഒരു പ്രക്ഷോഭം സർക്കാർ അടിച്ചമർത്താൻ ശ്രമിച്ചതും ജനരോഷം വർദ്ധിക്കാൻ കാരണമായിരുന്നു.
ഇതോടൊപ്പം, യുക്രേനിയൻ വിമാനം വെടിവച്ചിട്ടതും അതിലുള്ള 176 മനുഷ്യർ മരണപെട്ടതും ഇറാൻ സർക്കാരിനെതിരെ അന്താരാഷ്‌ട്ര തലത്തിൽ തന്നെ വിമർശനം ഉയരാൻ കാരണമായി. ഈ സാഹചര്യത്തിൽ എങ്ങനെയും അധികാരം പിടിക്കുക എന്നതിനാണ് ഇറാൻ മുൻഗണന നൽകിയത്. ഇതോടൊപ്പം രോഗത്തിന്റെ ഉറവിടമായ ചൈനയെ പിണക്കാനും ഇറാൻ തയ്യാറായില്ല. ഇത് പ്രശ്നങ്ങൾ വഷളാക്കുകയായിരുന്നു.
2015ലെ ആണവകരാറിൽ നിന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പിന്മാറിയതോടെ ഇറാന്റെ സാമ്പത്തിക രംഗം വൻ തിരിച്ചടികൾ നേരിടാൻ തുടങ്ങിയിരുന്നു. ഈ പ്രതിസന്ധി ഘട്ടത്തിൽ രാജ്യത്തിന് സഹായഹസ്തം നീട്ടിയത് ചൈനയായിരുന്നു.
ഇത് കാരണമാണ് രോഗത്തിന്റെ സാന്നിദ്ധ്യം പ്രഖ്യാപിച്ച് ചൈനയെ പിണക്കാൻ ഇറാൻ തയാറാകാതിരുന്നത്. അങ്ങനെ ചെയ്യുകയാണെങ്കിൽ ചൈനയുമായുള്ള വ്യാപാര, വാണിജ്യ ബന്ധങ്ങളെ അത് ദോഷകരമായി ബാധിക്കുമെന്നും ഇറാൻ കണക്കുകൂട്ടി. ചൈനയിൽ നിന്നുമുള്ള നിരവധി കമ്പനികളാണ് ഇറാനിൽ പ്രവർത്തിക്കുന്നത്.
ഇറാനിൽ ഹൈസ്പീഡ് റെയിൽപാത നിർമിക്കുന്നത് ചൈന റെയിൽവേ എഞ്ചിനീയറിംഗ് കോർപറേഷനാണെന്നതും മറ്റൊരു വസ്തുതയാണ്. ഇതോടൊപ്പം 2018 മുതൽ കാര്യമായ സാമ്പത്തിക സഹായം ഇറാന് ചൈന ചെയ്യുന്നമുണ്ട്.
ഇതൊക്കെ കാരണമാണ് ജനങ്ങളുടെ ജീവൻ പണയം വച്ചുകൊണ്ട് കൊവിഡ് രോഗത്തിന്റെ വിവരം മറച്ചുവയ്ക്കാൻ ഇറാൻ തയ്യാറാക്കുകയായിരുന്നു. എന്നാൽ രോഗം രൂക്ഷമായതോടെ അധികനാൾ ഈ വിവരം മറച്ചുവയ്ക്കാൻ ഇറാന് സാധിച്ചില്ല. തുടർന്നാണ് ഫെബ്രുവരി 19ന് രോഗവിവരം ഇറാൻ പുറത്തുവിടുന്നത്. എന്നാൽ അപ്പോഴേക്കും കാര്യങ്ങളാകെ കൈവിട്ട് പോയിരുന്നു.