jp-nadda

ന്യുഡല്‍ഹി: കൊവിഡ് രോഗ വ്യാപനത്തിന് വര്‍ഗീയ നിറം നല്‍കരുതെന്ന് ബി.ജെ.പി നേതാക്കളോട് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ. തബ്‌ലീഗ് ജമാത്ത് സമ്മേളനത്തിന്റെ പശ്ചാത്തലത്തില്‍ മതന്യൂനപക്ഷങ്ങള്‍ക്ക് നേരെ വ്യാപകമായ തരത്തിലാണ് സോഷ്യല്‍ മീഡിയയിലൂടെ വിദ്വേഷ പ്രചാരണം നടക്കുന്നത്. ഈ സാഹചര്യത്തിലാണ് ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ഇക്കാര്യം വ്യക്തമാക്കിയത്. പാർട്ടി നേതാക്കളാരും തന്നെ പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തരുതെന്ന് നദ്ദ നിര്‍ദ്ദേശിച്ചു.

പാര്‍ട്ടി അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. 'തബ്‌ലീഗ് ജമാത്ത് സമ്മേളനം ശ്രദ്ധാകേന്ദ്രമായി മാറിയിട്ടുണ്ട്. ഇതിനെ വര്‍ഗീയ കേന്ദ്രമാക്കി മാറ്റരുത്. ഇക്കാര്യത്തില്‍ എന്തെങ്കിലും അഭിപ്രായം പറയണമെങ്കില്‍ ന്യുനപക്ഷ സമുദായത്തിലെ നേതാക്കള്‍ പറയട്ടെ'- നദ്ദ വിശദീകരിച്ചു. ബി.ജെ.പി ഐ.ടി സെല്‍ തലവന്‍ അമിത് മാളവ്യ അടക്കമുള്ളവര്‍ മതന്യൂനപക്ഷങ്ങൾക്കെതിരായ വിദ്വേഷ പ്രചാരണങ്ങൾക്ക് നേതൃത്വം നൽകിയിരുന്നു.