കൊവിഡ്- 19 പേടിയിൽ ലോകം ആശങ്കയോടെ തുടരുമ്പോൾ മലയാളികൾക്ക് സി.ഡി. സരസ്വതി എന്ന വയനാട്ടുകാരിയിൽ നിന്നും പഠിക്കാനേറെയുണ്ട്. അരിവാൾ രോഗം എന്ന ജനിതകമായി പകർന്നു കിട്ടിയ വൈകല്യത്തിന് മുന്നിൽ തോറ്റു നിൽക്കാതെ നിരന്തരം അതിനെതിരെ പോരാടുകയാണ് ഇവർ. പ്രാണവേദന കൊണ്ട് സങ്കടപ്പെടുന്ന വയനാട്ടിലെ അരിവാൾ രോഗികൾക്കിടയിൽ പ്രതീക്ഷയുടെ ശബ്ദവും അതിജീവനത്തിന്റെ ആൾരൂപവുമാണ് സരസ്വതി. ഇത്തവണത്തെ സംസ്ഥാന സർക്കാരിന്റെ വനിതാരത്ന പുരസ്കാരം തേടിയെത്തിയവരിൽ ഒരാൾ കൂടിയാണെന്നറിയുമ്പോൾ സരസ്വതിയോടുള്ള ബഹുമാനം കൂടും.
ആ അംഗീകാരം വാങ്ങാൻ വയനാട്ടിൽ നിന്ന് കഴിഞ്ഞ ആറാം തീയതി സരസ്വതി വയനാടൻ ചുരം ഇറങ്ങിയത് മുഖാവരണവും ധരിച്ചായിരുന്നു. അന്ന് രാജ്യം കൊവിഡിന്റെ ഭീകര മുഖം കാണിച്ചു തുടങ്ങിയിട്ടില്ല. പക്ഷേ, സരസ്വതിയുടെ മനസിൽ അന്നേ ആശങ്ക അടിഞ്ഞുകൂടിയിരുന്നു. അത്ര നല്ലതല്ലാത്തത് എന്തോ സംഭവിക്കുമെന്ന ഒരു തോന്നൽ. ഡൽഹിയിൽ ഫുഡ് ടെക്നോളജിക്ക് പഠിക്കുന്ന മകൻ യശ്വന്തിനെ എങ്ങനെയെങ്കിലും നാട്ടിലേക്ക് എത്തിക്കുക എന്ന ചിന്തയായിരുന്നു പിന്നീട് മനസിൽ. മാർച്ച് എട്ടിന് വനിതാ ദിനം. ഏഴാം തീയതി തന്നെ മുഖ്യമന്ത്രിയിൽ നിന്ന് അവാർഡ് വാങ്ങി. ഒമ്പതിന് നടന്ന ആറ്റുകാൽ പൊങ്കാലയ്ക്ക് പോലും നിൽക്കാതെ നേരെ നാട്ടിലേക്ക് വണ്ടി കയറി. മകനെ നാട്ടിലെത്തിക്കാനുള്ള തിടുക്കമായിരുന്നു ആ യാത്രയ്ക്ക് പിന്നിൽ. മകൻ എത്തിയ അന്നു തന്നെ ആരും പറയാതെ ആരോടും ചോദിക്കാതെ മകനെ ക്വാറന്റൈനിൽ പ്രവേശിപ്പിച്ചു. ഈ വിവരം വയനാട്ടിലെ ഡോ. സന്തോഷിനെയും ഡോ.അഭിലാഷിനെയും കൃത്യമായി അറിയിച്ചു. നിരീക്ഷണക്കാലാവധി കഴിഞ്ഞതോടെ മകന് ഒരു കുഴപ്പവുമില്ലെന്ന് ഉറപ്പായി. അപ്പോഴും സരസ്വതിയെ അലട്ടിയിരുന്നത് ഈ രോഗം ബാധിച്ച് ബുദ്ധിമുട്ടുന്ന ലോകത്തെ ജനങ്ങളുടെ നിസ്സഹായതയാണ്. അരിവാൾ രോഗത്തിന്റെ വേദന കൊണ്ട് തളരുമ്പോഴും ഒരു നിമിഷം പോലും സരസ്വതി മറ്റുള്ളവർക്ക് വേണ്ടിയുള്ള സേവനങ്ങൾ മാറ്റി വച്ചിട്ടില്ല.
വിശ്രമമില്ലാത്ത ജീവിതം
ദൂരയാത്ര കഴിഞ്ഞ് വരുന്ന ബന്ധുക്കളും സുഹൃത്തുക്കളും കൃത്യമായി ക്വാറന്റൈൻ പാലിക്കുന്നുണ്ടോയെന്ന കാര്യത്തിൽ സരസ്വതി പ്രത്യേകം ശ്രദ്ധ പതിപ്പിക്കുന്നുണ്ട്. പ്രതിരോധി ശേഷി കുറവായിട്ടും സ്വന്തം ആരോഗ്യം കണക്കിലെടുക്കാതെയാണ് ഓടി നടന്നുള്ള പ്രവർത്തനം. എന്നാലും കൃത്യമായ സുരക്ഷാമാനദണ്ഡങ്ങൾ സരസ്വതി പാലിക്കുന്നുണ്ട്. വിട്ടുവീഴ്ച്ചിയില്ലാത്ത ശുചിത്വം, സാമൂഹിക അകലം എന്നിവ പാലിക്കുന്ന കാര്യത്തിൽ ഇവർ സാമൂഹ്യമാദ്ധ്യമങ്ങളിലും ടെലിഫോൺ മുഖാന്തിരവുമുള്ള ബോധവത്ക്കരണത്തിലും മുന്നിൽ തന്നെയുണ്ട്. അസഹനീയമായ വേദന അനുഭവിക്കുന്നവരാണ് ഇതൊക്കെ ചെയ്യുന്നതെന്ന് അറിയുമ്പോൾ സരസ്വതിയോടുള്ള ബഹുമാനവും സ്നേഹവും കൂടും. സന്ധികളിലും എല്ലുകളിലും അനുഭവപ്പെടുന്ന കഠിനമായ വേദന കടിച്ചമർത്തി മരണവുമായി മല്ലിടുന്ന ഒത്തിരി പേരെ ചേർത്ത് നിറുത്തുന്ന സിക്കിൾസെൽ അനീമിയ പേഷ്യന്റ്സ് അസോസിയേഷൻ സെക്രട്ടറി കൂടിയാണ് സരസ്വതി.
''കേരളത്തിലെ ഉയർന്ന പൗരബോധവും ജാതി മത രാഷ്ട്രീയ വ്യത്യാസമില്ലാതെയുള്ള കൂട്ടായ്മയും ആപത്ഘട്ടത്തിൽ എല്ലാ വിയോജിപ്പുകളും മാറ്റി വച്ച് പൊരുതാനുള്ള കഴിവുമാണ് രണ്ടു പ്രളയങ്ങളും നിപ്പ പോലുള്ള പകർച്ച വ്യാധികളും തരണം ചെയ്യാൻ നമ്മെ പ്രാപ്തരാക്കിയത്. കൊറോണയെയും നമുക്ക് അതിജീവിക്കാൻ കഴിയും. ഈ ഘട്ടത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ തീരുമാനങ്ങൾക്കും ആരോഗ്യ പ്രവർത്തകരുടെ ത്യാഗ പൂർണമായ പ്രവർത്തനങ്ങൾക്കും പിന്തുണ നൽകുകയാണ് വേണ്ടത്.""- സരസ്വതി പറയുന്നു.
അവർക്കുവേണ്ടി പൊരുതും
വയനാട് ജില്ലയിലെ മാനന്തവാടി വേമം അരമംഗലം വീട്ടിലെ സരസ്വതി രണ്ടുപതിറ്റാണ്ടായി അരിവാൾ രോഗത്തെ അതിജീവിക്കുകയാണ്. കഠിനവേദന സഹിച്ചുകൊണ്ടാണ് ഇതേ അവസ്ഥയിലുള്ള രോഗികൾക്ക് വേണ്ടി വിശ്രമമില്ലാതെ പ്രയത്നിക്കുന്നതും. 1996ലാണ് സരസ്വതിക്ക് രോഗം സ്ഥിരീകരിക്കുന്നത്. രോഗിയാണെന്ന് കണ്ടെത്താൻ ഏതാണ്ട് രണ്ടു വർഷത്തോളമെടുത്തു. എന്നാൽ സരസ്വതി തളർന്നില്ല. തന്റെ രോഗത്തിന്റെ വേദന മറ്റുള്ളവർക്ക് മുന്നിൽ കാണിക്കാതെ അവർ രോഗികൾക്കൊപ്പം നിന്നു. കൂടെനിന്നു പൊരുതി. ഈ യാത്രയിൽ നിരവധി പേർ ജീവിതത്തിൽ നിന്ന് മടങ്ങിപ്പോയി. പലരുടെയും മരണം അറിയാതെയും പോയി. അപ്പോഴും സരസ്വതി തളർന്നില്ല.
1998ൽ ഇന്ത്യയിലാദ്യമായി അരിവാൾ രോഗികളുടെ ആവശ്യങ്ങൾക്കായി സിക്കിൾ സെൽ അനീമിയ പേഷ്യന്റ്സ് അസോസിയേഷൻ എന്ന സംഘടന രൂപീകരിച്ച് കൊണ്ട് ഇവരുടെ സംരക്ഷണം സരസ്വതി ഏറ്റെടുത്തു. അവർക്ക് സരസ്വതി ഇന്ന് പ്രതീക്ഷയും വെളിച്ചവുമാണ്. നിലവിൽ ആയിരത്തോളം പേർ സംഘടനയിൽ അംഗങ്ങളായുണ്ട്. സരസ്വതി അടക്കം നാല് പേർ പങ്കെടുത്ത് കൊണ്ടുള്ള ഒരു പാർലമെന്റ് മാർച്ച് നടത്തിയത് സരസ്വതി ഓർക്കുന്നു. ട്രെയിനിൽ ജനറൽ കമ്പാർട്ട്മെന്റിൽ രോഗികളും സംഘടനാ പ്രവർത്തകരുമായ മണികണ്ഠൻ, ശിവരാജ്, അനുരാജ് എന്നിവരെയും കൊണ്ടാണ് പാർലമെന്റിന് മുന്നിൽ രോഗികളുടെ ആവശ്യങ്ങൾ ഉന്നയിച്ച് സമരം നടത്തിയത്. പാർലമെന്റ് ഉദ്യോഗസ്ഥർ വന്ന് ഇവരുമായി ചർച്ച നടത്തി. അങ്ങനെ സമരം അവസാനിപ്പിച്ചു. പക്ഷേ തിരിച്ചെത്തി അധികനാൾ കഴിയും മുമ്പേ രോഗത്തെ തുടർന്ന് ശിവരാജും അനുരാജും മരണപ്പെട്ടു. അരിവാൾ രോഗികൾക്ക് ആയിരം രൂപ പെൻഷൻ അനുവദിച്ചു. അതും ആദിവാസി വിഭാഗത്തിൽപ്പെട്ട രോഗികൾക്ക് മാത്രം.
രോഗിയായ സരസ്വതിക്ക് ഇല്ലാത്ത ആനുകൂല്യം തങ്ങൾക്ക് വേണ്ടെന്ന് രോഗികളായ ആദിവാസികളും തീരുമാനിച്ചു. ഇടത് മുന്നണി സർക്കാർ മുഴുവൻ അരിവാൾ രോഗികൾക്കും 2000 രൂപ പെൻഷൻ അനുവദിച്ചു. സൗജന്യമായി മരുന്നും നൽകുന്നുണ്ട്. എന്നാൽ കഴിഞ്ഞ ഒമ്പത് മാസമായി ഇവർക്ക് പെൻഷൻ ലഭിക്കുന്നില്ല. സരസ്വതിയെ കാണാൻ ചെന്നപ്പോൾ പെൻഷൻ നൽകണമെന്ന ആവശ്യവുമായി മുഖ്യമന്ത്രിക്കും ആരോഗ്യവകുപ്പ് മന്ത്രിക്കും മറ്റുമുളള നിവേദനം തയ്യാറാക്കുകയായിരുന്നു. അത് നേടിയെടുക്കുന്നതിനൊപ്പം രോഗം ബാധിച്ചവർക്കായി വയനാട്ടിൽ ഒരു ട്രീറ്റ്മെന്റ് യൂണിറ്റും വേണമെന്നാണ് സരസ്വതിയുടെ ആവശ്യം. വയനാട് ജില്ലാശുപത്രിയിൽ ഇത്തരം രോഗികൾക്കായി പ്രത്യേക വാർഡ് ഉണ്ടെങ്കിലും ഇത് പൂർണമായും പ്രവർത്തന സജ്ജമല്ല. മാനന്തവാടിയിലെ കേരള ലളിതകലാ അക്കാഡമി ആർട്ട് ഗാലറിയിൽ അറ്റൻഡറായി ജോലിചെയ്യുകയാണിപ്പോൾ.
അരിവാൾ പോലെ മൂർച്ചയേറിയത്
ജനിതക കാരണങ്ങളാൽ ചുവന്ന രക്തകോശങ്ങൾക്കുണ്ടാകുന്ന അസാധാരണ രൂപമാറ്റത്താൽ സംഭവിക്കുന്ന രോഗമാണ് അരിവാൾ രോഗം അഥവാ അരിവാൾ കോശ വിളർച്ച (സിക്കിൾ സെൽ ഡിസീസസ് .എസ്.സി.ഡി). മലമ്പനി ഉണ്ടാകുന്ന ഉഷ്ണ, ഉപോഷ്ണ മേഖലകളിലുമാണ് ഈ രോഗം കൂടുതലായി കണ്ടുവരുന്നത്. കേരളത്തിൽ വയനാട്ടിലും അട്ടപ്പാടിയിലും ഉള്ള ആദിവാസികളിലും ഗോത്ര വർഗക്കാരിലുമാണ് ഏറെയും ഈ രോഗാവസ്ഥ കാണുന്നത്. ഒരു സാധാരണ അരുണരക്താണു ചെറിയൊരു നാണയം പോലെ വൃത്താകൃതിയിലുള്ളതാണ്. ഏറ്റവും ചെറിയ രക്തവാഹികളിലൂടെ അവ തികച്ചും അനായാസമായി കടന്നുപോകും. എന്നാൽ സിക്കിൾ സെൽ അനീമിയ ഉള്ളവരിൽ രക്താണുക്കൾക്ക് തകരാറ് സംഭവിക്കും. അവയ്ക്കു വൃത്താകൃതി നഷ്ടമാവും. അരിവാളിന്റെയോ ഒരു വാഴപ്പഴത്തിന്റെയോ ആകൃതിയിലായിത്തീരും. അരിവാൾ പോലെ വളഞ്ഞ ഈ രക്താണുക്കൾ, മറ്റ് അരുണരക്താണുക്കൾക്കു കടന്നുപോകാൻ സാധിക്കാത്ത വിധമായി മാറും. ശരീരത്തിന്റെ ഏതെങ്കിലുമൊരു ഭാഗത്തേക്കുള്ള രക്തപ്രവാഹം കുറയും. ഇതോടെ ഓക്സിജൻ വിതരണം നിലയ്ക്കും. പിന്നെ സഹിക്കാൻ പറ്റാത്ത വേദനയാണ്. അസ്ഥികളിലും സന്ധികളിലുമാണ് അസഹനീയമായ വേദന അനുഭവപ്പെടുക. രോഗ മൂർച്ഛയുണ്ടാകുന്നത് എപ്പോഴെന്ന് പറയാൻ പറ്റില്ല. ഒന്നുകിൽ അപൂർവമായോ അല്ലെങ്കിൽ ഇടയ്ക്കിടെയോ ഉണ്ടായേക്കാം. രോഗം മൂർച്ഛിച്ചാൽ ചിലപ്പോൾ മസ്തിഷ്കം, ശ്വാസകോശങ്ങൾ, ഹൃദയം, വൃക്കകൾ, പ്ലീഹ എന്നിവയുടെ പ്രവർത്തനം താറുമാറാകും. കണങ്കാലിൽ ഉണ്ടാകുന്ന വ്രണങ്ങൾ വർഷങ്ങളോളം നിന്നെന്നും വരാം. കുട്ടികൾക്കു കോച്ചിപ്പിടുത്തങ്ങളും മസ്തിഷ്കാഘാതങ്ങളും ഉണ്ടാകാനുള്ള സാദ്ധ്യതയുണ്ട്. സിക്കിൾ സെൽ അനീമിയ ഉള്ളവർ വിശേഷിച്ച് സാംക്രമിക രോഗങ്ങൾക്കു വിധേയരാകാൻ സാദ്ധ്യതയുണ്ട്.
മുന്നോട്ടുതന്നെ ഈ ജീവിതം
വയനാട്ടിൽ അവിവാഹിതരായ ആദിവാസി അമ്മമാർ ഏറ്റവും കൂടുതലുള്ള തിരുനെല്ലി പഞ്ചായത്തിലെ അപ്പപ്പാറയാണ് സരസ്വതിയുടെ നാട്. പഠിച്ച് ഒരു ജോലി വാങ്ങണമെന്നതായിരുന്നു കുട്ടിക്കാലം മുതലേയുള്ള ആഗ്രഹം. പട്ടാപ്പകൽ പോലും കാട്ടാനകൾ അടക്കം വന്യമൃഗങ്ങൾ മേയുന്ന തിരുനെല്ലിക്കാട്ടിൽ നിന്ന് പഠനത്തിനായി പുറത്തിറങ്ങുക എന്നത് ആലോചിക്കാൻ പോലും വയ്യ. എങ്കിലും സ്വരസ്വതി പഠിച്ചു. ഉപരിപഠനത്തിന് അപ്പപ്പാറയിൽ നിന്ന് കൊടുംവനത്തിലൂടെ കിലോ മീറ്ററുകൾ താണ്ടി കാട്ടിക്കുളത്ത് എത്തണം. അന്നൊന്നും ബസ് സർവീസ് അധികമില്ല. പലപ്പോഴും തിരുനെല്ലി ക്ഷേത്രത്തിലേക്ക് വന്ന് പോകുന്ന തീർത്ഥാടകരുടെ വാഹനങ്ങൾക്ക് കൈ കാണിച്ചിട്ടുണ്ട്. ഒരു ചെറിയ പെൺകുട്ടിയുടെ ദയനീയ മുഖം കാണുമ്പോൾ എല്ലാവരും സഹായിക്കും. ഒരുപാട് കഷ്ടപ്പാടുകൾക്കൊടുവിൽ പത്താംക്ലാസ് കഴിഞ്ഞു. എല്ലാത്തിനും പിന്തുണ നൽകിയത് അച്ഛൻ ദേവേശനായിരുന്നു. ഏഴ് വർഷം മുമ്പ് അദ്ദേഹം മരണപ്പെട്ടു. മാനന്തവാടിയിലെത്തിയുള്ള അഞ്ച് വർഷത്തെ ഡിഗ്രി പഠനവും അതികഠിനമായിരുന്നു. മറൈൻ റേഡിയോ ഓഫീസേഴ്സ് കോഴ്സ് പഠിക്കണമെന്ന് വലിയൊരു ആഗ്രഹമായിരുന്നു. അമ്മ ദേവകി എതിർത്തെങ്കിലും ആ കോഴ്സിന് ചേർന്നു. കോഴിക്കോട് തിയറിയും എറണാകുളത്ത് പ്രാക്ടിക്കലുമായി വളരെ കഷ്ടപ്പെട്ട് ആ കോഴ്സ് പൂർത്തീകരിച്ചു. കേന്ദ്ര വാർത്താവിനിമയ മന്ത്രാലയമാണ് കോഴ്സിന്റെ പരീക്ഷ നടത്തി സർട്ടിഫിക്കറ്റ് നൽകുന്നത്. ചെന്നൈയിൽ നടന്ന പരീക്ഷയുടെ ഹാൾടിക്കറ്റ് വനമേഖലയായ തിരുനെല്ലിയിലെ അപ്പപ്പാറയിൽ എത്താൻ എന്തോ വൈകി. എങ്കിലും ഹാൾ ടിക്കറ്റില്ലാതെ അവിടെയെത്തി പരീക്ഷ എഴുതാൻ ശ്രമം നടത്തി. പക്ഷേ നടന്നില്ല. പിന്നീട് ട്രാവൽ ആന്റ് ടൂറിസം ഡിപ്ലോമ കോഴ്സിന് ചേർന്നു. അങ്ങനെ ജീവിതത്തിലെപ്പോഴും പൊരുതാനായിരുന്നു സരസ്വതിയുടെ നിയോഗം. കടുത്ത വേദനയാണെങ്കിലും ശാരീരിക അസ്വസ്ഥതകളുണ്ടെങ്കിലും അതൊന്നും പുറത്ത് കാണിക്കാതെ സരസ്വതി ഇപ്പോഴും പടപൊരുതുന്നു. ഭർത്താവ് എ.കെ. രാമചന്ദ്രൻ സജീവ രാഷ്ട്രിയ പ്രവർത്തകനാണ്. വൈശാഖ്, യശ്വന്ത് എന്നിവരാണ് മക്കൾ. ജയകൃഷ്ണൻ, പത്മജ എന്നിവർ സഹോദരങ്ങളാണ്.
(സരസ്വതിയുടെ ഫോൺ : 9497645363)
(ലേഖകന്റെ ഫോൺ : 9447204774)