കൊവിഡ് -19കാലത്ത് നാടും വീടുമൊക്കെ വാതിലടച്ചിരിക്കുമ്പോൾ അച്ഛൻ സമ്മാനമായി നൽകിയ പ്രകൃതി കളിപ്പാട്ടങ്ങളുമായുള്ള കളിചിരികൾക്കിടയിലാണ് ഒന്നാം ക്ളാസുകാരൻ അഭിനവും എൽ.കെ.ജിക്കാരൻ ആദിദേവും.
കുട്ടികളെ സന്തോഷിപ്പിക്കാനായി കുഞ്ഞുങ്ങൾക്ക് എന്തും വാങ്ങി നൽകുന്ന രക്ഷിതാക്കളിൽ നിന്നും ഒരൽപ്പം വ്യത്യസ്തനാണ് വയനാട്ടിലെ ഈ അച്ഛൻ. വയനാട് മൂന്നാനക്കുഴി കുന്നുംപുറത്തെ സനോജ് തന്റെ കുട്ടികൾക്കായൊരുക്കിയത് മുഴുവൻ സമയവും തനിയെ പ്രവർത്തിക്കുന്ന പത്ത് പാവക്കുട്ടികളെയാണ്. പ്രകൃതിയുടെ അനുഗ്രഹം വേണ്ടുവോളം കിട്ടിയ വയനാട്ടിൽ ജീവിക്കുന്ന മക്കളും മണ്ണിൽ ചവിട്ടി വളരണമെന്ന കാഴ്ചപ്പാടിലാണ് സനോജ് ഈ കളിപ്പാട്ടങ്ങൾക്കെല്ലാം ജീവൻ പകരുന്നത്. ഒറ്റക്കാഴ്ചയിൽ തന്നെ ഏറെ കൗതുകമുള്ള രീതിയിലാണ് ഇവയോരോന്നും ഉണ്ടാക്കിയിരിക്കുന്നത്.
സനോജ് ഉണ്ടാക്കിയ പാവക്കുട്ടികളോരോന്നും ചെയ്യുന്നത് വ്യത്യസ്തമായ ജോലികളാണ്. ഒരു പാവ കുളത്തിൽ നിന്ന് മീൻ പിടിക്കും, വേറൊരാൾ സൈക്കിൾ ചവിട്ടും, അപ്പോൾ മറ്റേ പാവ തോണി തുഴയും, ഇനിയൊരാൾ നെല്ല് കുത്തുമ്പോൾ അടുത്ത പാവ വിറക് വെട്ടും. മറ്റൊരാൾ അരി പേറ്റുമ്പോൾ മറ്റു രണ്ടുപേർ മരം ഈർച്ചയിടും. പരമ്പരാഗത വയനാടൻ രീതിയിൽ മീൻ പിടിക്കുന്നതും നെല്ല് കുത്തുന്നതുമായ രണ്ടുപേർ കൂടി ഉണ്ട് ഈ സംഘത്തിൽ. ഇവരെ ഇടവേളകളില്ലാതെ ജോലിചെയ്യിപ്പിക്കുന്നത് ഒരു ജലചക്രമാണ്, വയലിനടുത്തുള്ള ഒരു നീരുറവയിൽ നിന്ന് പൈപ്പ് വഴി കൊണ്ടുവരുന്ന വെള്ളം വീഴുന്നതിന്റെ ശക്തിയിലാണ് രാവും പകലും നിർത്താതെ, വിശ്രമമില്ലാതെ ഈ ടർബൈൻ കറങ്ങുന്നത്. സനോജ് തന്റെ എൻജിനീയറിംഗ് മിടുക്കിൽ, ഈ ജലചക്രത്തെ ചെറിയ കമ്പികൾ വഴി, പത്ത് പാവകളോട് ചേർത്ത് വെച്ചിരിക്കുന്നു, അങ്ങനെ ചക്രം തിരിയുമ്പോൾ പത്ത് പാവകളും ഒരേ സമയം തികച്ചും വ്യത്യസ്തമായ പത്ത് ജോലികൾ ചെയ്യും. തകൃതിയായി നിർത്താതെ ജോലി ചെയുന്ന ഇവർക്ക് ആശ്വാസമേകാനെന്ന പോലെ മുളന്തണ്ടുകളുടെ സംഗീതം കൂടി ഒരുക്കിയിട്ടുണ്ട് പാവകുടുംബത്തിനും സ്വന്തം കുടുംബത്തിനും വേണ്ടി കെട്ടുപണിക്കാരനായ ഈ കലാകാരൻ.
ഈ സംഗീതം പൊഴിയുന്നതും ഈ ജലചക്രത്തിന്റെ ചലനത്തിലൂടെയാണ്. ടർബൈന്റെ ജോലി അവിടെ തീർന്നില്ല, പൈപ്പിലൂടൊഴുകി വരുന്ന തെളിനീരിനെ അടുത്തുള്ള കുളത്തിലേക്ക് ഒഴിക്കുന്നതും മുളകൊണ്ട് തന്നെ നിർമ്മിച്ചിട്ടുള്ള ഈ ജലചക്രത്തിന്റെ ഇതളുകൾ തന്നെയാണ്. വെള്ളം കുളത്തിലേക്ക് വീഴുമ്പോൾ ഉണ്ടാകുന്ന കുമിളകൾ സൃഷ്ട്ടിക്കുന്ന ഓക്സിജനാണ് രണ്ടു സെൻറ് മാത്രം വിസ്തൃതിയും ഒന്നര മീറ്റർ ഉയരമുള്ളതുമായ ഈ കുളത്തിനകത്ത് സനോജ് വളർത്തുന്ന മുന്നൂറിൽപ്പരം മീനുകളുടെ ശ്വസനം സുഗമമാക്കുന്നത്. ഇതേ കുളത്തിനകത്ത് കെട്ടി വേർതിരിച്ചിട്ടുള്ള ഇടത്തിൽ മത്സ്യങ്ങളും ഒന്നാന്തരമായി വളരുന്നുണ്ട്. അടുക്കളയിൽ കറി വയ്ക്കാൻ സനോജിന് അങ്ങാടിയിൽ പോയി മീൻ വാങ്ങണ്ട കാര്യമില്ലെന്ന് ചുരുക്കം. കുളത്തിനടിയിൽ വിരിച്ചിരിക്കുന്ന വലയൊന്നുയർത്തിയാൽ മതി. നല്ല പിടയ്ക്കുന്ന മീനുകൾ കറിച്ചട്ടിയിൽ കിട്ടും.
പ്രകൃതിയോട് അത്രമേൽ ഇണങ്ങിച്ചേർന്ന ഈ വീട് നിറയെ ചിരട്ട കൊണ്ടും തേങ്ങ കൊണ്ടുമൊക്കെ നിർമ്മിച്ച കരകൗശല വസ്തുക്കളാണ്. സനോജിന്റെ എല്ലാ ഉദ്യമങ്ങൾക്കും പൂർണ്ണ പിന്തുണയുമായി ഭാര്യ ലക്ഷ്മിയുമുണ്ട് കൂടെ. തന്റെ കുട്ടികൾക്ക് കണ്ടാസ്വദിക്കാൻ മാത്രമല്ല ഈ അച്ഛൻ തന്റെ ജോലിഭാരങ്ങൾക്കിടയിലും സമയം കണ്ടെത്തി ഇതൊക്കെ ചെയ്യുന്നത്, അവരിതൊക്കെ കണ്ട് പഠിക്കണമെന്നും അവരുടെ ചിന്തകളും കാഴ്ചപ്പാടുകളുമൊക്കെ അവരോടൊപ്പം തന്നെ വളരണമെന്നുമുള്ള സനോജിന്റെ ആഗ്രഹത്തിൽ നിന്നാണ് ഈ കൗതുകങ്ങളുടെയെല്ലാം പിറവി. വീട്ടിലെ സാഹചര്യങ്ങൾ കാരണം ഏഴാംക്ളാസ് വരയേ സനോജിന് പഠിക്കാൻ കഴിഞ്ഞിട്ടുള്ളൂ. എല്ലാം കണ്ടും കേട്ടും അനുഭവിച്ചും തന്റെ മക്കൾ മിടുക്കരായി മാറണമെന്ന ആഗ്രഹത്തിന് കാരണവും മറ്റൊന്നല്ല.