പുനർജന്മമെന്നോ രണ്ടാം ജന്മമെന്നോ പറയാനില്ല. ഇത് ഒരായുസിന്റെ തുടർച്ചയാണ്. മുറിച്ചു മാറ്റപ്പെടുമെന്നു തോന്നിയപ്പോഴും കരുതലോടെ ചേർത്തു നിറുത്തിയതിന്റെ തുടർച്ച. ഐസലേഷൻ വാർഡിൽ വന്നെത്തുമ്പോൾ അവർ പറഞ്ഞത് ഇന്ന് ഞങ്ങൾ ഞങ്ങളോടു തന്നെ പറയുന്നു. ഞങ്ങൾക്കൊന്നും സംഭവിച്ചിട്ടില്ല. കൂട്ടിച്ചേർക്കാൻ ഇത്ര മാത്രം, ഒന്നും സംഭവിക്കാൻ അവർ അനുവദിക്കുമായിരുന്നില്ല. ഐസൊലേഷൻ വാർഡ് വിട്ടിറങ്ങുമ്പോൾ അശാന്തമായ മനസോടെ ചുറ്റും നിന്നവരോട് പറയാനുണ്ടായിരുന്നത് നന്ദി മാത്രമായിരുന്നു. തൊഴുകൈകളും എപ്പോഴോ ഇറ്റു വീണ കണ്ണീരും അതവരോടു പറഞ്ഞുകൊണ്ടിരുന്നു. പുറത്തിറങ്ങുന്നു എന്നോർക്കുമ്പോൾ ഉള്ളൊന്നു പിടഞ്ഞു. ഐസൊലേഷൻ വാർഡുകൾ അടയുന്ന ലോകം തുറക്കട്ടെ എന്ന പ്രാർത്ഥനയോടെ മുന്നോട്ടു നടന്നു. മുഖമൊന്നു ഉയർത്തി പിടിക്കാൻ മറന്നു. പക്ഷേ ഞങ്ങളെ കാത്തിരുന്നത് അതായിരുന്നില്ല. മുഴങ്ങി കേട്ട കൈയടികൾ ജീവിക്കാനുള്ള ഊർജമായിരുന്നു, നീട്ടിയ മധുരം ജീവിതമായിരുന്നു, പകർന്നു തന്ന സമ്മാനങ്ങൾ നാളെകളെ ഓർക്കാനുള്ള പ്രതീക്ഷകളായിരുന്നു.
അസുഖത്തിന്റെ തീവ്രതയും സമൂഹത്തിലെ ഒറ്റപ്പെടലും മറവികളുടെ ചവറ്റുകുട്ടയിൽ വീണടിഞ്ഞു. ഈ ലോകം കാത്തിരിക്കുന്നത് ഞങ്ങളെക്കൂടിയാണെന്ന് വീണ്ടും തിരിച്ചറിഞ്ഞ നിമിഷം. നമുക്കെല്ലാവരും സ്വന്തക്കാരാണ്. കൊറോണ വ്യാപനത്തിന്റെ ഗൗരവം മലയാളിയെ അടുത്തറിയിച്ച റാന്നിയിലെ കുടുംബം നാളുകൾക്ക് ശേഷമെത്തിയ വെളിച്ചത്തിൽ പ്രതീക്ഷകൾ പങ്കുവയ്ക്കുന്നു.
ഓർക്കാപ്പുറത്തെത്തിയ അതിഥി
ഒരണുകൊണ്ട് ലോകത്തെ തന്നെ നിശബ്ദമാക്കിയ കൊവിഡ്-19നെ മലയാളികൾ അടുത്തറിഞ്ഞത് ഇറ്റലിയിൽ നിന്നെത്തിയവരുടെ റാന്നിയിലെ ഈ വീട്ടിൽ നിന്നായിരുന്നു.ഈ വീട്ടിലെ അംഗം പനിക്ക് ചികിത്സ തേടി ആശുപത്രിയിൽ എത്തിയതോടെയാണ് മറ്റുള്ളവരിലേക്കും സംശയത്തിന്റെ നിഴൽ വീഴുന്നത്. പരീക്ഷണങ്ങൾക്കും നിരീക്ഷണങ്ങൾക്കും ഒടുവിൽ ഈ കുടുംബത്തിനും അവരുമായി സമ്പർക്കത്തിൽ ഏർപ്പെട്ട കുടുംബാംഗങ്ങൾക്കുമാണ് ആദ്യം രോഗം സ്ഥിരീകരിക്കുന്നത്. തുടർന്ന് മറ്റുള്ളവർക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ഇവർ ബന്ധപ്പെട്ട മറ്റാളുകളിലേക്കായി അന്വേഷണം. റാന്നിയിലെ കൊവിഡ് സ്ഥിരീകരണം കുറച്ചൊന്നുമല്ല കേരളത്തെ പിടിച്ചു കുലുക്കിയത്. ഇവരുടെ സഞ്ചാരപഥങ്ങളും രോഗം ആരിലേക്കൊക്കെ എത്തി എന്നറിഞ്ഞ് പ്രതിരോധിക്കാനുമായി അധികൃതർ വലിയ ശ്രമങ്ങൾ നടത്തി. ഇവരുടെ യാത്രാവഴികളുടെ വ്യാപ്തിയുടെ ഗൗരവം അറിഞ്ഞതോടെ പത്തനംതിട്ട ജില്ല തന്നെ നിശ്ചലമായി. ഇറ്റലിയിൽ നിന്നെത്തിയ കുടുംബത്തെ തെറിവിളിച്ചും ട്രോളാക്കിയും നവമാദ്ധ്യമങ്ങൾ ആഘോഷമാക്കി. ഇതിനിടയിൽ കേരളത്തിന്റെ മറ്റു ഭാഗങ്ങളിലും കൊവിഡ്-19 റിപ്പോർട്ട് ചെയ്തു.
സാന്ത്വനം പകർന്നു തന്ന ജീവിതപാഠങ്ങൾ
ക്ഷമയുടെ വലിയ പാഠം പഠിപ്പിച്ച ലോകത്തിനു മുന്നിൽ അറിയാതെ സംഭവിച്ച പിഴകളെ ഓർത്ത് ഇവർക്കിന്നും കുറ്റബോധമുണ്ട്. ചിരിക്കുമ്പോഴും ഉള്ളു നീറുന്ന മനസുമായി കഴിഞ്ഞ 24 ദിവസങ്ങളായിരുന്നു ഐസൊലേഷൻ വാർഡിലേത്. കഴിഞ്ഞ 20 വർഷമായി നോർത്ത് ഇറ്റലിയിലെ ട്രവീസോയിലെ ഒരു സ്വകാര്യസ്ഥാപനത്തിൽ ജോലി ചെയ്യുന്ന കുടുംബനാഥനും ഭാര്യയും മകനും ഫെബ്രുവരി 29നാണ് കൊച്ചിയിലെത്തുന്നത്. വാർദ്ധക്യസഹജമായ രോഗത്താൽ കഴിയുന്ന അച്ഛനെയും അമ്മയെയും കാണുക എന്നതായിരുന്നു ലക്ഷ്യം. ഇറ്റലിയിൽ ഇക്കാലത്ത് കൊവിഡ് -19ന്റെ ഗൗരവം അത്രത്തോളം ഉണ്ടായിട്ടില്ലെന്നും പ്രത്യേകിച്ച് തങ്ങൾ താമസിച്ചിരുന്ന പ്രദേശത്ത് കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ഇവർ ഓർക്കുന്നു. അസുഖ സാദ്ധ്യത തങ്ങൾക്കു മുന്നിലുണ്ടായിരുന്നെങ്കിൽ ഈ യാത്ര തന്നെ ഉപേക്ഷിക്കുമായിരുന്നുവെന്നും ഇവർ തീർത്തു പറയുന്നു.
നാട്ടിലെത്തിയപ്പോഴും ഈ മഹാവ്യാധി തങ്ങളെ പിന്തുടരുന്നതായി കരുതിയില്ല. ഇന്നു നാം സ്വീകരിക്കുന്ന ജാഗ്രതയോ തിരിച്ചറിവോ അന്നില്ലാതെ പോയി. ആ സമയത്ത് നടത്തിയ യാത്രകൾ തെറ്റായിരുന്നുവെന്നറിയാൻ വൈകി എന്നതാണ് സത്യം - കുറ്റബോധം അവരുടെ വാക്കുകളിൽ നിറയുന്നു.
ആശുപത്രിയിലെത്തിയപ്പോഴും പൂർണ വിശ്വാസത്തിലായിരുന്നു. രോഗമില്ലെന്നറിയുന്നതോടെ വേഗം വീട്ടിൽ പോകാം എന്നതായിരുന്നു എല്ലാവരുടെയും ചിന്ത. വർഷങ്ങൾക്കു ശേഷം നാട്ടിലെത്തിയതോടെ പലരേയും കാണാൻ ഇനിയുമുണ്ട്. അഞ്ചുപേരുടെയും പരിശോധനാ ഫലം ഒന്നിച്ചാണ് വരുന്നത്. അതോർത്തപ്പോഴും സമാധാനം. ഒന്നിച്ചങ്ങ് പോകാമല്ലോ. പരിശോധനാ ഫലവുമായി എത്തുമ്പോൾ ഡോക്ടറുടെ മുഖത്തും പ്രസന്നത. അതോടെ ആശ്വാസമായി. പക്ഷേ എല്ലാം ഒരു നിമിഷം കൊണ്ടില്ലാതായി. വേദനയോടെ ആ നിമിഷത്തെ ഓർത്തെടുക്കുകയാണ് എല്ലാവരും. മമ്മിക്കായിരുന്നു വലിയ ഷോക്ക്. അപ്പോഴും ആശ്വാസം ആത്മവിശ്വാസത്തോടെ ഞങ്ങളോടൊപ്പം നിൽക്കുന്ന ആരോഗ്യ പ്രവർത്തകരായിരുന്നു. ഞങ്ങളിലേക്കടുക്കാൻ അവർക്കു ഭയമില്ല, ഞങ്ങളുടെ മരുന്നെന്നു പറയുന്നത് ആരോഗ്യ പ്രവർത്തകർ പകർന്ന കരുത്തായിരുന്നു. എന്തൊരു സുരക്ഷയും കരുതലുമായിരുന്നു. ഒരു കുടുംബംപോല ഞങ്ങളവിടെ കഴിഞ്ഞു. ഇടയ്ക്ക് അപ്പച്ചനും അമ്മച്ചിയ്ക്കും അസുഖം ബാധിച്ചതും ഞങ്ങളെ കൂടുതൽ തളർത്തി. അപ്പോഴും അവർക്കും സാന്ത്വനം പകരുന്നത് ഇത്തരം കരങ്ങളാണല്ലോ എന്നതായിരുന്നു വലിയ ആശ്വാസം."" മകൻ പറഞ്ഞു നിറുത്തി.
അസുഖത്തേക്കാൾ ആദ്യം തളർത്തിയത് നവമാദ്ധ്യമങ്ങളിലെ കൊലവിളികളായിരുന്നു. പണ്ടെന്നോ ഞങ്ങൾ പങ്കെടുത്ത വിവാഹ ചിത്രവും ചേർത്ത് പ്രചരിച്ച കുറിപ്പുകൾ മാനസികമായി തളർത്തി. കുത്തുവാക്കുകളും ശാപവാക്കുകളും ഒന്നിനു പിറകെ ഒന്നായി ഒഴുകി എത്തി. ഒടുവിൽ ആ ഫോൺ ഓഫ് ചെയ്താൽ തീരുന്ന പ്രശ്നമേയുള്ളുവെന്ന് ഡോക്ടർമാർ തന്നെ സ്നേഹത്തോടെ പറഞ്ഞപ്പോൾ അതിനും തീരുമാനമായി. ഞങ്ങൾ കാരണം ഞങ്ങളുടെ നാടിനെ ഈ മഹാവ്യാധി വിഴുങ്ങുമോ എന്ന ഭയവും കുറച്ചൊന്നുമല്ല അലട്ടിയത്. ഒടുവിൽ ഇവിടെയും ആശ്വാസത്തിന്റെ വാർത്തകൾ തേടി എത്തി. ക്ഷേമം അന്വേഷിച്ച് ആരോഗ്യമന്ത്രി നേരിട്ടു വിളിച്ചു. പത്തനംതിട്ട ജില്ലാ കളക്ടറും ജില്ലാ മെഡിക്കൽ ഓഫിസറും റീജ്യണൽ മെഡിക്കൽ ഓഫിസറുമൊക്കെ ഏതാവശ്യത്തിനും ഒപ്പം നിന്നു. ലോകം ഒറ്റപ്പെടുത്തുന്നില്ലെന്ന് തിരിച്ചറിഞ്ഞ നിമിഷങ്ങളായിരുന്നു. അടുത്ത അയൽവാസികൾക്കാർക്കും പിണക്കമില്ല. എല്ലാവരും ഒപ്പമുണ്ട്. അതിനേക്കാൾ കരുത്തോടെ സർക്കാരും. ജീവിതം തിരികെ കിട്ടിയ സന്തോഷത്തിലാണിപ്പോൾ ഈ കുടുംബം.
ഇവരാണ് ആ ഹീറോസ്
ലോകം വിറങ്ങലിച്ച് വീട്ടിനുള്ളിൽ ഒളിച്ചപ്പോൾ രോഗികൾക്കൊപ്പം കഴിഞ്ഞ ചിലരുണ്ട്. രോഗികളെ പരിചരിച്ച ഡോക്ടർമാരും മാലാഖമാരും മറ്റ് ആരോഗ്യ പ്രവർത്തകരും. അവരാണ് ഇവിടെ യഥാർത്ഥ ഹീറോസ്. കൊവിഡ് -19ൽ കുത്തൊലിച്ച് പത്തനംതിട്ട ജില്ല പോകുമെന്ന ഭയപ്പാടോടെ കേരളം നോക്കിയപ്പോൾ അതിനെ ചെറുത്തു നിർത്താൻ തയാറായ ഭരണകൂടത്തിന്റെ ശക്തിയും ഇവരായിരുന്നു. ഡോ. ശരത് തോമസ് റോയി, ഡോ. നസ്ലിൻ എം. സലാം, ഡോ. ജയശ്രീ എന്നിവരായിരുന്നു, മുൻപരിചയങ്ങളില്ലാത്ത ഒരു രോഗത്തെ തികഞ്ഞ സൂക്ഷ്മതയോടെ കൈകാര്യം ചെയ്തത്.
ചൈനയിൽ പടർന്നു പിടിച്ച മഹാമാരിയെക്കുറിച്ചറിയാൻ ആദ്യഘട്ടം മുതൽ ശ്രമിച്ചതും ഇതു സംബന്ധിച്ച് വാട്ട്സ് ആപ്പ് ഗ്രൂപ്പുകളിൽ വന്ന പഠനങ്ങളുമായിരുന്നു തങ്ങളുടെ ആദ്യത്തെ കരുത്തെന്ന് ഇവർ പറയുന്നു. കൊവിഡ് - 19ന്റെ ആദ്യഘട്ടം, എങ്ങനെയായി തീരുമെന്ന ആശങ്കകൾ, എന്തും നേരിടാൻ മനസിനെ പ്രാപ്തമാക്കിയ നിമിഷങ്ങൾ... ഏറ്റവും വലിയപിന്തുണ സംസ്ഥാന സർക്കാരും ജില്ലാ ഭരണകൂടവുമായിരുന്നെന്ന് ഇവർ പറയുന്നു. ആരോഗ്യമന്ത്രി കെ. കെ. ശൈലജയോടും ജില്ലാ കളക്ടർ പി. ബി. നൂഹിനോടും എത്ര നന്ദി പറഞ്ഞാലും മതിയാകില്ല.
ഡോ. ശരത് തോമസ് റോയ് : മാർച്ച് എട്ടിന് രാവിലെ 7.30ന് കളക്ടറുടെ ചേംബറിൽ ഒരടിയന്തര യോഗം വിളിച്ചിരിക്കുന്നു. ജില്ലയിൽ കൊവിഡ് -19 രോഗം സ്ഥിരീകരിച്ചിരിക്കുന്നുവെന്ന വാർത്ത ഞെട്ടലോടെയാണ് കേട്ടിരുന്നത്. എവിടെ എങ്ങനെയായിരിക്കും ഇവരുടെ ചികിത്സ എന്നതായിരുന്നു ആദ്യത്തെ ആശങ്ക. ഇവിടെ ആയിക്കൂടെ എന്ന കളക്ടറുടെ ചോദ്യം. എല്ലാ സൗകര്യങ്ങളും ഒരുക്കി അതിനായി ഒപ്പമുണ്ടെന്ന ഡി.എം.ഒയും പറഞ്ഞതോടെ ഞങ്ങൾ തയാറായി. ഒരു വലിയ ഉത്തരവാദിത്തത്തെ ആത്മവിശ്വാസത്തോടെ ഏറ്റെടുത്തു.
ആദ്യത്തെ കുറച്ചു ദിവസങ്ങൾ അത്ര എളുപ്പമായിരുന്നില്ല. ഭയപ്പാടോടെ ഞങ്ങളും നിന്നാൽ ഉണ്ടാകുന്ന നഷ്ടം വലുതാകുമെന്ന തിരിച്ചറിവ് തന്ന കരുത്ത് ചെറുതല്ല. പ്രതീക്ഷയോടെ ഞങ്ങളെ നോക്കുന്നവരെ നിരാശരാക്കാൻ കഴിയുന്നത് എങ്ങനെയാണ്? അങ്ങനെ പോരാടുവാൻ തന്നെ തീരുമാനിച്ചു. രോഗികളുടെ ശാരീരിക ആരോഗ്യത്തോടൊപ്പം മാനസിക ആരോഗ്യവും ഏറെ ശ്രദ്ധിക്കുവാനുണ്ടായിരുന്നു. പതുക്കെ അവരും നമുക്കൊപ്പം നിന്നതോടെ കാര്യങ്ങൾ എളുപ്പമായി. ഏബ്രഹാം മോൻസി ഹൃദ്രോഗികൂടിയായതിനാൽ ഏറെ ശ്രദ്ധയോടെയാണ് കൈകാര്യം ചെയ്തത്. പാളിച്ചകളൊന്നും സംഭവിക്കാതെ പഴുതടച്ചു നിൽക്കാൻ തുണയായത് പുറത്തുള്ള വലിയൊരു വിഭാഗത്തിന്റെ പ്രാർത്ഥനകളും ശക്തിയുമായിരുന്നു.
ഭാര്യയുടെ പ്രസവം അടുത്തുവരികയാണ്. അവൾക്കൊപ്പം സമയം കണ്ടെത്താൻ കഴിയാതെ പോകുന്നതിൽ മാത്രമാണ് ഇത്തിരി സങ്കടം തോന്നിയത്.
ഡോ. നസ്ലിൻ എം. സലാം: ആ ദിവസം കളക്ടറുടെ ചേംബറിൽ നടന്ന മീറ്റിംഗിനു ശേഷം രോഗികളോട് രോഗവിവരം പറയാൻ നിയോഗിച്ചത് എന്നെയാണ്. എങ്ങനെയാണ് ഇതവരോട് പറയുക എന്ന ചിന്ത അലട്ടാതിരുന്നില്ല. കളക്ടറേറ്റിൽ നിന്ന് ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടയിൽ അതിനായി ഞാനെന്റെ മനസിനെ പാകപ്പെടുത്തി. നിങ്ങൾക്കൊന്നും സംഭവിക്കില്ല എന്ന ഉറപ്പോടെ ഞാനത് അവരോടു പറഞ്ഞു. ചിലരൊക്കെ പൊട്ടിക്കരഞ്ഞു. അതിജീവിക്കാൻ കഴിയുമെന്ന് ഉറപ്പുണ്ടോ എന്നു ചോദിച്ചു. ഈ ചോദ്യങ്ങൾ പ്രതീക്ഷിച്ചതുകൊണ്ടു തന്നെ കൃത്യമായി മറുപടിയും നൽകി.
ഇവരുടെ പരിചരണം ഏറ്റെടുത്തതോടെ ഫോണെടുക്കുന്നത് തന്നെ വായിക്കാനും പഠിക്കാനുമായി. ചികിത്സയുടെ ഓരോ ഘട്ടത്തിലും കൃത്യമായ പഠനങ്ങൾ നടത്തുന്നുണ്ടായിരുന്നു. അതിനേക്കാൾ കരുത്തു നൽകിയത് പുറത്തു നിന്നുള്ള ആളുകളുടെ പിന്തുണയായിരുന്നു. 30-ാം തീയതി അവർ ആശുപത്രി വിട്ടു പോയപ്പോൾ അറിഞ്ഞ ആത്മസുഖമാണ് ഇനി മുന്നോട്ടുള്ള ഊർജം.
ഡോ. ജയശ്രീ: കൊവിഡ്- 19 സംശയത്തോടെ റാന്നിയിൽ നിന്നുള്ള കുടുംബം ആശുപത്രിയിൽ എത്തുമ്പോൾ ഇവരുടെ സ്രവം പരിശോധനയ്ക്ക് ആദ്യമായി എടുത്തത് ഞാനായിരുന്നു. ഒന്നും സംഭവിക്കില്ല എന്ന ഉറച്ച പ്രതീക്ഷയിലായിരുന്നു. എന്നാൽ പരിശോധനാ ഫലം ഞെട്ടലോടെയാണ് കേട്ടിരുന്നത്. ഇവരുടെ ചികിത്സ ഞങ്ങൾ ഏറ്റെടുക്കുമ്പോൾ ഒരു വെല്ലുവിളിയായി തന്നെ സ്വീകരിച്ചു. എന്തും നേരിടാനുള്ള കരുത്തോടെയാണ് അവർക്കരികിലേക്ക് ചെന്നെത്തിയത്. എന്നാൽ അതിനു ശേഷം വീട്ടിലേക്ക് ചെന്നെത്തി കഴിഞ്ഞ് സ്വയം ഐസൊലേഷനിലേക്കു മാറി. കുഞ്ഞുങ്ങളോടടക്കം മാറി നിൽക്കേണ്ടി വന്നത് വല്ലാത്ത നൊമ്പരമായി. അതോടെ വാശി ഇരട്ടിക്കുകയായിരുന്നു. ജീവിതം തന്നെ ഇവർക്കുവേണ്ടി മാറ്റിവയ്ക്കുമ്പോൾ അസുഖത്തെ പരാജയപ്പെടുത്തണമെന്ന വാശി. അസുഖം ഭേദമായി പോകുമ്പോഴാണ് അവർ ഞങ്ങളുടെ മുഖം തന്നെ കണ്ടത്.
ഡി. എം. ഒ ഡോ. ഷീജ, ഡെപ്യൂട്ടി ഡി. എം. ഒ ഡോ. നന്ദിനി, ആശുപത്രി സൂപ്രണ്ടന്റ് ഡോ. സാജൻ, ആർ.എം.എ ഡോ. ആശിഷ് മോഹൻകുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെകടർ സുരേഷ്, നഴ്സുമാർ, അറ്റന്റർമാർ, ആംബുലൻസ് ഡ്രൈവർമാരായ അനിൽ, സുരേഷ്, ശുചീകരണ തൊഴിലാളികൾ എന്നിവരും ഈ അതിജീവനത്തിന് കരുത്ത് പകർന്നവരാണ്, കേരളത്തിന് ആത്മധൈര്യം നൽകിയവരാണ്.