കഴിഞ്ഞ നാൽപത് വർഷമായി മലയാളികളുടെ മുന്നിൽ നിറഞ്ഞുനിൽപ്പുണ്ട് നെടുമുടി വേണു എന്ന നടൻ. അച്ഛനായും അദ്ധ്യാപകനായും സഹോദരനായുമൊക്കെ എത്രയോ വട്ടം പകർന്നാടിയിരിക്കുന്നു. ഓരോ നിമിഷവും അഭിനയത്തോടുള്ള അടങ്ങാത്ത അഭിനിവേശമാണ്. അഭിനയിച്ച് ഫലിപ്പിച്ചതിനേക്കാൾ, ഇനി ചെയ്യാനുള്ളതിനെ ഓർത്ത് ത്രില്ലടിക്കുന്ന, മനസ് കൊണ്ട് ഇന്നും ചെറുപ്പം സൂക്ഷിക്കുന്ന മലയാളത്തിന്റെ ഈ പ്രിയനടൻ മനസ് തുറക്കുമ്പോൾ മലയാള സിനിമയുടെ ഒരു കാലഘട്ടം കൂടിയാണ് നമുക്ക് മുന്നിൽ തെളിയുന്നത്.
വെല്ലുവിളി ഉയർത്തുന്ന കഥാപാത്രങ്ങൾ
ആവർത്തനവിരസത ഒരു നടനെ സംബന്ധിച്ചിടത്തോളം മടുപ്പുളവാക്കും. ഒരു തരത്തിലും വൈവിദ്ധ്യം തോന്നാത്ത അത്തരം കഥാപാത്രങ്ങൾ ചെയ്യാൻ വൈമുഖ്യമുണ്ട്. പുതുതായി എന്ത് ചെയ്യാനുണ്ടെന്ന അന്വേഷണത്തിലാണ് ഞാനിപ്പോൾ. സിനിമകളുടെ എണ്ണം കുറച്ചിട്ടുണ്ട്. എന്നാൽ നല്ല കഥാപാത്രങ്ങളേ ചെയ്യുകയുള്ളൂയെന്ന് വാശിപിടിക്കാനും കഴിയില്ല. മലയാള സിനിമാ വ്യവസായം വളരെ ചെറുതല്ലേ. സൗഹൃദങ്ങൾക്കു വഴങ്ങി ചില വേഷങ്ങൾ ചെയ്യാറുണ്ട്. മരയ്ക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലെ സാമൂതിരിയുടെ വേഷം പ്രതീക്ഷ നൽകുന്നതാണ്. അതുപോലെ തന്നെ അടുത്തിടെ ചെയ്ത ഏറ്റവും ഇഷ്ടപ്പെട്ട ഒരു കഥാപാത്രമാണ് തമിഴ് ചിത്രമായ സർവം താളമയത്തിലെ വെമ്പു അയ്യർ എന്ന സംഗീത അദ്ധ്യാപകന്റെ വേഷം. ചില സുഹൃത്തുക്കളെ വീണ്ടും കാണാൻ വേണ്ടിയും ചില സിനിമകളിൽ അഭിനയിക്കാറുണ്ട്.
അത്ര പെട്ടെന്ന് അവസാനിപ്പിക്കില്ല
കഥാപാത്രങ്ങളുടെ സ്വഭാവത്തിനനുസരിച്ച് ശരീരം വഴങ്ങുന്നിടത്തോളം കാലം അഭിനയം തുടരുന്നതിൽ തെറ്റില്ല. പഴയതുപോലെ ചടുലമായ ചലനങ്ങൾ വേണ്ട കഥാപാത്രങ്ങൾ ചെയ്യാൻ ഇപ്പോൾ കഴിയില്ല. ഒരു നടനെ സംബന്ധിച്ചിടത്തോളം അപരിചിതമായ വാക്കാണ് റിട്ടയർമെന്റ് എന്ന് പ്രശസ്ത അമേരിക്കൻ താരം അൽപാച്ചിനോ ഒരു ഇന്റർവ്യൂവിൽ പറഞ്ഞത് ഓർക്കുന്നു. നാളെ മുതൽ എല്ലാം അവസാനിപ്പിക്കാമെന്ന് തീരുമാനിച്ചാൽ അവസാനിക്കുന്നതല്ല അത്. വഴിയേ നടന്നു പോകുന്ന ഒരാളുടെ പ്രത്യേക തരം നടപ്പുകണ്ടാൽ തന്നെ നമ്മളെ അത് ഇപ്പോഴും കൊതിപ്പിക്കും.
ഇപ്പോഴും പഴയ നെടുമുടിക്കാരനാണ്
ഇപ്പോഴും ഒരു തനി നാട്ടിൻ പുറത്തുകാരന്റെ മനസാണ് എനിക്ക്. ജനിച്ചു വളർന്ന കുട്ടനാട്ടിലെ മനുഷ്യ ജീവിതങ്ങൾ എന്നെ ആഴത്തിൽ സ്വാധീനിച്ചിട്ടുണ്ട്. ആ ഗ്രാമാന്തരീക്ഷത്തിലെ ചുറ്റുപാടുകൾ മനസിൽ നിന്ന് പറിച്ചെറിയാൻ എനിക്കാവില്ല. സിനിമാ നടൻ എന്ന നിലയിൽ ഒരുപാട് പ്രശസ്തിയും അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്. അത്തരം അംഗീകാരങ്ങളുടെയും സ്തുതിപാഠകരുടെയും നടുവിൽ നിൽക്കുമ്പോൾ ഞാനൊരു കേമനാണല്ലോ എന്ന തോന്നൽ എല്ലാ കലാകാരന്മാർക്കും ഉണ്ടാവാൻ സാദ്ധ്യതയുണ്ട്. എന്നിലും ചിലപ്പോഴൊക്കെ ഉണ്ടാവാം. എന്നാൽ അങ്ങനെയുണ്ടാവുന്ന ആ അഹംഭാവത്തിനു എന്നിൽ വെറും സെക്കൻഡുകളുടെ ആയുസേ ഉണ്ടാകാറുള്ളൂ. കുട്ടനാട്ടിൽ എല്ലാവരും തുല്യരാണ്. എന്റെ നല്ല കാലം മുഴുവൻ ഞാൻ ജീവിച്ചത് അവിടെയാണ്. ഒരു കുട്ടനാട്ടുകാരന്റെ നിഷ്കളങ്കമായ മനസുകൊണ്ട് അത്തരം തെറ്റായ ആത്മബോധങ്ങളെ ഞാൻ മറികടക്കുന്നു.
അടങ്ങാത്ത അഭിനിവേശമാണ്
കുട്ടനാട്ടിൽ കുട്ടിക്കാലം മുതൽ ഞാൻ കണ്ട ആയിരക്കണക്കിനു കഥാപാത്രങ്ങൾ ഇപ്പോഴും എന്റെ ബോധമണ്ഡലത്തിലുണ്ട്. വേറിട്ട അത്തരം വ്യക്തി ജീവിതങ്ങളുടെ ഒരു ശതമാനം മാത്രമേ ഞാൻ സ്ക്രീനിൽ അവതരിപ്പിച്ചിട്ടുള്ളൂ. എന്നെയൊന്ന് തുറന്നുവിടൂയെന്ന് പറഞ്ഞു ഇപ്പോഴും എത്രയോ കഥാപാത്രങ്ങൾ ക്യൂ നിൽക്കുന്നുണ്ടെന്നറിയാമോ. അവരെയൊക്കെ എവിടെയെങ്കിലുമൊന്ന് പ്രയോഗിക്കണമല്ലോ എന്ന ചിന്തയാണ് എന്റെ ഏറ്റവും വലിയ ഊർജ്ജം. ആടിത്തീർത്തതിനെക്കാൾ എത്രയോ മനോഹരമാണ് ഇനിയും ആടാനുള്ള വേഷങ്ങൾ. നാടകം, സംഗീതം, സാഹിത്യം തുടങ്ങി നിരവധി ഘടകങ്ങൾ അതിന് പ്രചോദനമേകും.
അഭിനയം പെട്ടെന്നാണ് സംഭവിക്കുന്നത്
നമ്മളെ വിശ്വസിച്ചു കൊണ്ടു ഇറങ്ങി പുറപ്പെടുക എന്നതാണ് ഞാൻ സ്വീകരിക്കുന്ന രീതി. ഓരോ കഥാപാത്രങ്ങളെയും അവതരിപ്പിക്കുന്നതിന് മുൻപ് ആ കഥാപാത്രത്തിന്റേതായ കാൻവാസ് മനസിൽ സൃഷ്ടിക്കും. അയാളുടെ പശ്ചാത്തലവും ചലനങ്ങളുമെല്ലാം മനസിൽ മെനഞ്ഞെടുത്തതിന് ശേഷം സ്വയം അഭിനയിക്കുകയാണ്. ഒരു അന്ധന്റെ വേഷം ചെയ്യാൻ വേണ്ടി ചിത്രീകരണം തുടങ്ങുന്ന ദിവസമായിരിക്കും വിളിക്കുന്നത്. അങ്ങനെ നോക്കുമ്പോൾ നമ്മുടെ നാട്ടിലെ നടന്മാരെല്ലാം എത്രത്തോളം മികച്ച അഭിനേതാക്കളാണെന്ന് തോന്നാറുണ്ട്. കാരണം ഇത്രയും ചെറിയ സൗകര്യങ്ങളിൽ നിന്നുകൊണ്ട് നമ്മൾ ലോക നിലവാരത്തിലുള്ള സിനിമകൾ സൃഷ്ടിക്കുന്നില്ലേ. നമുക്ക് ചുറ്റും കാണുന്ന കാഴ്ചകളെ രഹസ്യമായി ചിത്രീകരിച്ചു സിനിമയാക്കുക എന്ന രീതിയല്ല സിനിമാ അഭിനയം. നമ്മൾ നിത്യേന കാണുന്ന യഥാർത്ഥ കഥാപാത്രങ്ങളെ നമ്മുടെതായ ഒരു നിറം ചാർത്തൽ നടത്തിയ ശേഷമാണ് സ്ക്രീനിൽ അവതരിപ്പിക്കുന്നത്. അത്തരം രൂപ പരിണാമങ്ങൾക്ക് വിധേയമാകുമ്പോഴേ അത് അഭിനയം ആകുന്നുള്ളൂ. അത് എത്രത്തോളം അളവിൽ കൊടുക്കണമെന്നത് അഭിനേതാവ് തീരുമാനിക്കേണ്ടതാണ്. പരിധിയിൽ കൂടിയാൽ അമിതാഭിനയവും കുറഞ്ഞാൽ അണ്ടർ ആക്ടിംഗുമാകും. റിയലിസ്റ്റിക് രീതിയിൽ അഭിനയിക്കുന്ന ഒരുപാട് നല്ല നടന്മാർ ഇന്നുണ്ട്. എന്നാൽ അതിനെ ട്രെൻഡായിട്ടൊന്നും അംഗീകരിക്കാൻ കഴിയില്ല.
നായകകഥാപാത്രങ്ങൾ
വളരെ കുറച്ചു സിനിമകളിൽ അത്തരം കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. വില്ലന്മാരെ കായികമായി നേരിട്ടുകൊണ്ട് ധീരത കാണിക്കുന്ന കഥാപാത്രങ്ങളൊന്നും ഞാൻ അധികം ചെയ്തിട്ടില്ല . എന്റെ ശാരീരികമായ പരിമിതികൾ കൊണ്ടായിരിക്കാം അത്തരം കഥാപാത്രങ്ങൾ എന്നെ തേടി വരാത്തത്. ഒരു നായകനടനാവുക, അതിനുവേണ്ടി കഠിനമായി പരിശ്രമിക്കുക തുടങ്ങിയവയൊന്നും എനിക്ക് കഴിയുന്ന കാര്യങ്ങളല്ല. ഇപ്പോൾ എനിക്ക് വ്യത്യസ്തമായ വേഷങ്ങൾ ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ട്. ഒരു സീനിൽ മാത്രം വരുന്ന കഥാപാത്രങ്ങളും പൊട്ടനും ഭീരുവും സ്ത്രീലമ്പടനും പോലെയുള്ള ഏതുതരം കഥാപാത്രങ്ങളും ചെയ്യാം. നായകനായാൽ ഇതൊന്നും കഴിയില്ല.
ആത്മസംതൃപ്തിയുണ്ട്, എന്നാലും
90 ശതമാനം കഥാപാത്രങ്ങളും കുറച്ചു കൂടി നന്നാക്കാമായിരുന്നുവെന്ന് തോന്നിയിട്ടുണ്ട്. ശരിക്കുള്ള ഒരു കലാകാരൻ പൂർണതയ്ക്കുവേണ്ടിയുള്ള നിരന്തര അദ്ധ്വാനത്തിലായിരിക്കും. ചില സിനിമകൾ കാണുമ്പോൾ അത് നമ്മളല്ല, കഥാപാത്രമാണെന്ന തോന്നൽ ഉണ്ടാവും. കുറച്ചു നേരത്തേക്കെങ്കിലും മനസിനെ വേട്ടയാടുന്ന അവസ്ഥ. ഇത് നമ്മൾ തന്നെയാണോ ചെയ്തത് എന്നൊരു തോന്നൽ. ആ തോന്നലാണ് ഒരു നടന് ലഭിക്കുന്ന ഏറ്റവും വലിയ ആത്മനിർവൃതി. ഒരു നടനുണ്ടാകുന്ന അത്തരം സൂക്ഷ്മമായ ആനന്ദമാണ് ഏതൊരു അവാർഡിനെക്കാളും വലുത്. മറ്റൊന്ന് അഭിനയിക്കുന്ന സമയത്തു കാമറയ്ക്കു മുന്നിലുണ്ടാകുന്ന അവസ്ഥയാണ്. ആക്ഷനും കട്ടിനും ഇടയിലുള്ള ആ അവസ്ഥ. ആ അവസ്ഥയെയാണ് പരകായപ്രവേശം എന്നൊക്കെ പറയുന്നത്. അപ്പോഴുണ്ടാകുന്ന ഒരു തരം ലഹരിയാണ് വീണ്ടും വീണ്ടും അഭിനയിക്കാൻ പ്രേരിപ്പിക്കുന്നത്.
സൗഹൃദങ്ങളുടെ ആഘോഷം
അഭിനയിച്ച പഴയ കാല സിനിമകളൊക്കെ കാണുമ്പോൾ അത്തരം ഓർമ്മകൾ മനസിനെ വല്ലാതെ വേട്ടയാടാൻ തുടങ്ങും. കൂടെ അഭിനയിച്ചവരിൽ വളരെ കുറച്ചുപേരല്ലേ ഇന്ന് ജീവിച്ചിരിപ്പുള്ളു. നൊമ്പരമായി അവരൊക്കെ എപ്പോഴും മനസിലൂടെ കടന്നുപോകാറുണ്ട്. ഉത്സവംപോലെ ആഘോഷിച്ച് കൊണ്ടുനടന്ന ഒരു ജീവിതമായിരുന്നു എന്റേത്. ഓരോ ജീവിത ഘട്ടങ്ങളും അതാവശ്യപ്പെടുന്ന ഗൗരവത്തോടെ നമ്മൾ സമീപിക്കണം. ഞാൻ കഴിവിനെ ധൂർത്തടിച്ചിരുന്നത് തിരശീലയ്ക്കു പിന്നിലായിരുന്നുവെന്ന് സേതുമാധവൻ സാർ പറഞ്ഞിട്ടുണ്ട്. ആലോചിച്ചു നോക്കുമ്പോൾ ശരിയാണ്. അരങ്ങിനെക്കാളും എപ്പോഴും അണിയറയിലെ ആഘോഷങ്ങളുടെ ധൂർത്തായിരുന്നു എന്റെ ജീവിതം. കൊട്ടും പാട്ടും അഭിനയവുമൊക്കെയായി അണിയറയിൽ മതിവരുവോളം ആടിത്തിമിർത്തു.
സംവിധാനം ഉണ്ടായേക്കും
ശരിക്കും ഇരുത്തം വന്നിട്ട് ചെയ്ത സിനിമ ആയിരുന്നില്ല പൂരം. അപ്രതീക്ഷിതമായ ഒരു സാഹചര്യത്തിൽ ചെയ്യേണ്ടി വന്നതാണ്. സർഗാത്മകതയുടെ പൂർണമായ ലഹരി അനുഭവപ്പെടുന്നത് സംവിധാനം ചെയ്യുമ്പോഴാണ്. ഞാൻ ഇപ്പോൾ സംവിധാനത്തെക്കുറിച്ചു കാര്യമായി ആലോചിച്ചുകൊണ്ടിരിക്കുകയാണ്. ഒരുപാട് വിഷയങ്ങൾ മനസിലുണ്ട്. മറ്റുതിരക്കുകളൊക്കെ ഒഴിഞ്ഞു അതിനു വേണ്ട സാവകാശം ലഭിക്കുമ്പോൾ എഴുത്തു ജോലികളിലേക്ക് കടക്കണം.
നല്ല നിമിഷങ്ങൾ നഷ്ടമായിട്ടുണ്ട്
കുടുംബത്തിലെ ഒരുപാട് നല്ല മുഹൂർത്തങ്ങൾ നഷ്ടമായിട്ടുണ്ട്. നല്ല ഭർത്താവും നല്ല അച്ഛനുമൊക്കെയായി നിരവധി കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ജീവിതത്തിൽ അതൊന്നും ആകാൻ കഴിഞ്ഞില്ല. എന്റെ ജീവിതത്തിന്റെ നല്ല കാലം മുഴുവൻ കഥാപാത്രങ്ങളുടെ പിറകെയുള്ള സഞ്ചാരമായിരുന്നു . നമ്മുടെ വികാരവിചാരങ്ങളെല്ലാം പലപ്പോഴും കഥാപാത്രങ്ങളുടെ വികാരങ്ങളായി മാത്രം ചുരുങ്ങിപ്പോയി. മക്കളുടെ കാര്യങ്ങളെല്ലാം ഭാര്യ സുശീല നന്നായി തന്നെ നോക്കി. മക്കളായ ഉണ്ണി വേണുവും കണ്ണൻ വേണുവും ഇപ്പോൾ ദുബായിലാണ്.