covid-19

വാഷിംഗ്ടൺ: ലോകത്താകമാനം കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. 12 ലക്ഷം പേർക്ക് ഇതിനോടകം തന്നെ രോഗം ബാധിച്ചു. മരണസംഖ്യ 64,000 പിന്നിട്ടു. അമേരിക്കയിലും സ്‌പെയിനിലുമാണ് സ്ഥിതി ഏറ്റവും രൂക്ഷം. ഇന്നലെമാത്രം അമേരിക്കയിൽ ആയിരത്തിലധികം പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. രോഗികളുടെ എണ്ണം മൂന്ന് ലക്ഷം കടന്നു.

അമേരിക്കയിൽ റിപ്പോർട്ട് ചെയ്ത കൊവിഡ് മരണങ്ങളിൽ ഭൂരിഭാഗവും ന്യൂയോർക്കിൽ നിന്നുള്ളതാണ്. 24 മണിക്കൂറിനുള്ളിൽ അഞ്ഞൂറിലധികം പേർ മരിച്ചു. രോഗികളെ കിടത്താൻ സ്ഥലമില്ലാത്തതിനാൽ ന്യൂയോർക്ക് സിറ്റിയിൽ 4000 കിടക്കകളുള്ള താൽക്കാലിക ആശുപത്രി സ്ഥാപിച്ചു.


അഞ്ഞൂറിലധികം പേരാണ് സ്‌പെയിനിൽ 24 മണിക്കൂറിനിടെ മരിച്ചത്. മൊത്തം മരണം 11947 ആയി. 1,26,168 പേർ ചികിത്സയിലാണ്. ഫ്രാൻസിൽ 24 മണിക്കൂറിനിടെ അയിരത്തി മുന്നൂറിലധികം പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ ഏഴായിരം പിന്നിട്ടു. ഫ്രാൻസും കൊവിഡ് മരണത്തിൽ ചൈനയെ മറികടന്നു. ഒരു ലക്ഷത്തിനടുത്ത് രോഗികൾ ഉണ്ട്. കൊവിഡ് പൊട്ടിപ്പുറപ്പെട്ട ചൈനയിൽ കഴിഞ്ഞ ദിവസം മുപ്പത് പേർക്ക് രോഗം സ്ഥിരീകരിച്ചു. മൂന്ന് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

അതേസമയം, ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം മൂവായിരം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 600 ഓളം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ 75 ആയി ഉയർന്നു. കേരളത്തിൽ ഇന്നലെ 11 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നു. കാസർകോട്ട് ആറു പേർക്കും കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട്, കണ്ണൂർ എന്നിവിടങ്ങളിൽ ഓരോരുത്തർക്കുമാണ് പുതുതായി രോഗം ബാധിച്ചത്.