malayalam-movie

തിരുവനന്തപുരം.കൊവിഡ് വ്യാപനത്തിനെതിരായ നിയന്ത്രണത്തിന്റെ ഭാഗമായി ചിത്രീകരണം നടന്നുവന്ന 14 മലയാള ചിത്രങ്ങളുടെ നിർമ്മാണമാണ് നിറുത്തി വച്ചത്.സെൻസർ ചെയ്ത 11 ചിത്രങ്ങൾ പ്രദർശനത്തിനൊരുങ്ങുമ്പോഴാണ് ഈ സാഹചര്യം ഉണ്ടായത്.

മാർച്ച് 11 ന് തിയറ്ററുകൾ അടച്ചതിനാൽ നിർമ്മാണം പൂർത്തിയായ ചിത്രങ്ങളുടെ സെൻസറിംഗിനുള്ള സ്ക്രീനിംഗ് അതോടെ നിറുത്തി വയ്ക്കുകയായിരുന്നു.തിരുവനന്തപുരത്ത് കെ.എസ്.എഫ്.ഡി.സിയുടെ ലെനിൻ സിനിമാസിലും മാൾ ഓഫ് ട്രാവൻകൂറിലെ കാർണിവൽ തിയറ്ററിലുമായിട്ടാണ് സെൻസറിംഗിനുള്ള ചിത്രങ്ങൾ സ്ക്രീൻ ചെയ്തിരുന്നത്.തിയറ്റർ അടച്ചതോടെ സ്ക്രീനിംഗ് മാർച്ച് 11 നു തന്നെ നിർത്തിയതായി സംസ്ഥാന സെൻസർ ബോർഡ് മേധാവി പാർവതി കേരളകൗമുദി ഓൺലൈനോട് പറഞ്ഞു.

മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ മലയാളം,ഹിന്ദി, തമിഴ് പതിപ്പുകളുടെ സെൻസറിംഗ് പൂർത്തിയായിരുന്നു. കഴിഞ്ഞ മാർച്ച് 26 ന് റിലീസ് ചെയ്യാനിരുന്ന മോഹൻലാൽ-പ്രിയദർശൻ ചിത്രമാണ് " മരക്കാർ അറബിക്കടലിന്റെ സിംഹം" .അടുത്ത റിലീസ് ഡേറ്റ് നിശ്ചയിച്ചിട്ടില്ല.ചിലപ്പോൾ മേയ് മാസത്തിൽ റിലീസ് ചെയ്തേക്കും.മാർച്ച് 31 ന് റിലീസ് ചെയ്യാനിരുന്ന ഇന്ദ്രജിത്തും സൗബിനും അഭിനയിച്ച " ഹലാൽ ലൗവ് സ്റ്റോറി",ഏപ്രിൽ രണ്ടിനിറങ്ങാനിരുന്ന മമ്മൂട്ടി നായകനാകുന്ന " വൺ",ഏപ്രിൽ ഒമ്പതിന് വച്ചിരുന്ന വിജയ്-സേതുപതി ടീമിന്റെ തമിഴ് ചിത്രം " മാസ്റ്റർ" ഏപ്രിൽ 12 ന് റിലീസ് നിശ്ചയിച്ചിരുന്ന ദിലീപ്-നാദിർഷാ ചിത്രം " കേശു ഈ വീടിന്റെ നാഥൻ" ഇവയുടെയെല്ലാം റിലീസ് തിയതി മാറ്റേണ്ടി വന്നു.വിഷുവിന് മുന്നോടിയായി റിലീസ് ചെയ്യാൻ നിശ്ചയിച്ച ഈ ചിത്രങ്ങൾ വൈകുന്നത് നിർമ്മാതാക്കൾക്കും തിയറ്ററുടമകൾക്കും വൻ നഷ്ടമാണ് വരുത്തിവയ്ക്കുന്നത്. ജിത്തുജോസഫ് സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം " റാം"വിദേശത്തു വച്ചുള്ളതൊഴികെയുള്ള രംഗങ്ങളുടെ ചിത്രീകരണം പൂർത്തിയാക്കിയപ്പോഴാണ് ലോക്ഡൗൺ വന്നത്.അതുപോലെ വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത് പ്രണവ് മോഹൻലാലും കല്യാണി പ്രിയദർശനും അഭിനയിക്കുന്ന "ഹൃദയം",മഞ്ജുവാര്യർ നിർമ്മിച്ച് സഹോദരൻ മധുവാര്യർ സംവിധാനം ചെയ്യുന്ന "ലളിതം സുന്ദരം ",മാർട്ടിൻ പ്രക്കാട്ടിന്റെ കുഞ്ചാക്കോ ബോബൻ ചിത്രം , മമ്മൂട്ടി നായകനാകുന്ന "ദ പ്രീസ്റ്റ് "എന്നിവയും ചിത്രീകരണം മുടങ്ങിയവയിൽ ഉൾപ്പെടുന്നു.

ഈ പ്രതിസന്ധിക്കിടയിലും ജോർദാനിൽ ചിത്രീകരണം തുടർന്നുവന്ന ബ്ളെസി-പൃഥ്വിരാജ് ചിത്രം " ആടുജീവിതം" അവിടെ കർഫ്യൂ പ്രഖ്യാപിച്ചതോടെ നിറുത്തിവച്ചു. ആഫ്രിക്കയിലെ ജിബൂട്ടിയിൽ ഒരുങ്ങുന്ന " ജിബൂട്ടി" എന്നു പേരുള്ള മലയാള ചിത്രം മാത്രമാണ് ഇപ്പോൾ ഷൂട്ടിംഗ് തുടരുന്ന ഒരേയൊരു ചിത്രം. സിനിമ ചിത്രീകരണം മുടങ്ങിയതോടെ ലൈറ്റ് ബോയ്സ് മുതൽ താഴെത്തട്ടിലുള്ള അണിയറ പ്രവർത്തകരുടെ ജീവിത മാർഗ്ഗം നിലച്ച അവസ്ഥയിലാണ്. അവരെ സഹായിക്കാൻ ഫെഫ്ക യുടെ നേതൃത്വത്തിൽ ധനസമാഹരണം നടത്തിവരികയാണ് .ആദ്യ ഗഡു വിഷുവിന് നൽകാനാണ് ആലോചിക്കുന്നത്.40 ലക്ഷം രൂപയാണ് ഇതുവരെ സമാഹരിച്ചിട്ടുള്ളത്.

സമീപകാലത്തൊന്നും നേരിട്ടിട്ടില്ലാത്ത തകർച്ചയെ നേരിടുകയാണ് മലയാള സിനിമാ ലോകം.കൊവിഡ് -19 സൃഷ്ടിച്ച പ്രതിസന്ധിയിൽ സംസ്ഥാനത്തെ മുഴുവൻ തിയറ്ററുകളും അടഞ്ഞു കിടക്കുകയും സിനിമാ ചിത്രീകരണങ്ങൾ നിറുത്തിവയ്ക്കുകയും ചെയ്തതോടെ ചലച്ചിത്ര മേഖലയിൽ 500 മുതൽ 550 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.സമ്പൂർണ്ണ ലോക്ക് ഡൗണായതിനാൽ വിഷു റിലീസും മുടങ്ങി. മധ്യവേനലവധി, വിഷു, റംസാൻ എന്നീ വിശേഷ ദിവസങ്ങളും വരുന്നതിനാൽ ഏപ്രിലും മേയും തിയറ്ററുകളിൽ ഏറ്റവും കൂടുതൽ പ്രേക്ഷകരെത്തുന്ന മാസങ്ങളാണ്. മികച്ച കളക്ഷനാണ് ഈ കാലയളവിൽ ലഭിക്കാറുള്ളത്.എന്നാൽ വിഷു റിലീസ് മുടങ്ങിയതോടെ വലിയ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്.മേയിൽ വരുന്ന റംസാനിലാണ് ഇനി പ്രതീക്ഷ.പക്ഷേ അപ്പോഴേക്കും സ്ഥിതിഗതികൾ സാധാരണനിലയിലെത്തുമോയെന്ന ആശങ്ക ഇല്ലാതില്ല.മാത്രമല്ല ലോക്ഡൗണും നിയന്ത്രണങ്ങളും പിൻവലിച്ചാലും തിയറ്ററുകളിലേക്ക് പ്രേക്ഷകർ സജീവമായി തിരിച്ചെത്താൻ പിന്നെയും സമയമെടുത്തേക്കുമെന്നാണ് ചലച്ചിത്ര പ്രവർത്തകർ വിലയിരുത്തുന്നത്. തിയറ്ററുകൾ തുറന്ന് പ്രവർത്തിക്കാൻ സാനിറ്റൈസ് ചെയ്യുന്നതുൾപ്പെടെ വലിയ ചെലവും വേണ്ടിവരും. കേരളത്തിൽ സ്ഥിതിഗതികൾ മെച്ചപ്പെട്ടാലും തമിഴ്നാട് ഉൾപ്പെടെയുള്ള അന്യ സംസ്ഥാനങ്ങൾ സാധാരണ അവസ്ഥയിലെത്താതെ ഷൂട്ടിംഗ് പുനരാരംഭിക്കാൻ കഴിയില്ല.ജൂൺ ജൂലായ് മാസത്തോടെ മാത്രമെ ചിത്രീകരണം ഇപ്പോഴത്തെ അവസ്ഥയിൽ പുനരാരംഭിക്കാൻ കഴിയുകയുള്ളു.