തൊടുപുഴ: വാപ്പീ, അമ്മീ... എന്താ ഇങ്ങോട്ട് വരാത്തേ... ആദവും ഹയയും ഒരുപോലെ ചോദിക്കുമ്പോൾ ഷൗക്കത്തലിക്കും മോളിക്കും നല്ല വിഷമം വരും. ലോക്ക്ഡൗൺ ആണെന്ന് പറഞ്ഞാൽ കുട്ടികൾക്ക് മനസിലാകില്ലല്ലോ. സിനിമാ നടൻ ആസിഫ് അലിയുടെ മക്കളാണ് നാല് വയസുകാരനായ ആദം അലിയും രണ്ടരവയസുകാരി ഹയ മസ്‌റിനും. ആഴ്ചയിലൊരിക്കൽ ഇവരെ കാണാൻ ആസിഫ് അലിയുടെ വാപ്പയും ഉമ്മയും കൊച്ചിയിലേക്ക് പോകാറുണ്ട്. ഇല്ലെങ്കിൽ ആസിഫും ഭാര്യ സമ മസ്‌റിനും ഇവിടേക്ക് വരും.
ഇതാദ്യമായാണ് ഇത്രയും ദിവസം പരസ്പരം കാണാതിരിക്കുന്നത്. കുട്ടികൾ ഉമ്മയ്ക്കൊപ്പം ഒറ്റയ്ക്കായിരുന്നു കൊച്ചിയിലെ ഫ്ലാറ്റിൽ. കളിക്കാനോ കൂട്ടുകൂടാനോ ആസിഫും ഒപ്പമുണ്ടായിരുന്നില്ല. ഒരു മാസത്തിന് ശേഷം ആസിഫിനെ കുട്ടികൾ ഇന്നലെയാണ് നേരിട്ട് കാണുന്നത്. രാജീവ് രവിയുടെ 'കുറ്റവും ശിക്ഷയും" എന്ന സിനിമയുടെ ഷൂട്ടിംഗിനായി ആസിഫ് ജയ്പൂരിലായിരുന്നു. തിരികെയെത്തി 14 ദിവസം മറ്റ് സിനിമാപ്രവർത്തകർക്കൊപ്പം എറണാകുളത്തെ മറ്റൊരു ഫ്ലാറ്റിൽ സ്വയം നിരീക്ഷണത്തിലായിരുന്നു.
വെള്ളിയാഴ്ചയാണ് സ്വന്തം ഫ്ലാറ്റിലെത്തുന്നത്. എത്തിയപ്പോൾ തന്നെ അപ്പു (ആസിഫ് അലി) തൊടുപുഴയിലെ വീട്ടിലേക്ക് വിളിച്ചിരുന്നു. മൊബൈൽ ഫോണാണ് ഇപ്പോൾ ഏക ആശ്വാസം. വല്ലാതെ മിസ് ചെയ്യുമ്പോൾ അനിയൻ അഷ്കർ അലി (അച്ചു) വീഡീയോ കോൾ ചെയ്ത് ഉമ്മയ്ക്ക് നൽകും. 'പക" എന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിലായിരുന്ന അഷ്കർഅലിയും ഇപ്പോൾ തൊടുപുഴയിലെ വീട്ടിൽ തന്നെയാണ്. തൊടുപുഴ മുൻ നഗരസഭാ ചെയർമാനായിരുന്നു ആസിഫിന്റെ വാപ്പ എം.പി ഷൗക്കത്തലി.