trump-and-modi

വാഷിംഗ്ടൺ: കോവിഡ് 19 രോഗികളെ ചികിത്സിക്കാൻ ഹൈഡ്രോക്‌സിക്ലോറോക്വിൻ ഗുളികകൾ നൽകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യർത്ഥിച്ച് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മലേറിയ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നാണ് ഹൈഡ്രോക്സിക്ലോറോക്വിൻ. ഈ മരുന്ന് കയറ്റുമതി ചെയ്യുന്നതിന് ഇന്ത്യ വിലക്കേർപ്പെടുത്തിയിരുന്നു.

അമേരിക്കയ്ക്ക് വേണ്ടി വിലക്കിൽ ഇളവ് ചെയ്യണമെന്ന് ഡൊണാൾഡ് ട്രംപ് മോദിയോട് ടെലിഫോൺ സംഭാഷണത്തിലൂടെ അഭ്യർത്ഥിക്കുകയായിരുന്നു. വൈറ്റ് ഹൗസിൽ നടന്ന കൊവിഡ് ടാസ്‌ക് ഫോഴ്സിന്റെ അവലോകന യോഗത്തിലാണ് ട്രംപ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഡോക്ടർമാർ നിർദേശിച്ചാൽ ഈ മരുന്ന് കഴിക്കാൻ താൻ തയ്യാറാണെന്നും ട്രംപ് വ്യക്തമാക്കി.

'ഇന്ത്യ ആ മരുന്ന് ധാരാളം ഉത്പാദിപ്പിക്കുന്നു. അവരുടെ കോടിക്കണക്കിന് വരുന്ന ജനങ്ങൾക്ക് മരുന്ന് വളരെയധികം ആവശ്യമാണ്'-ട്രംപ് പറഞ്ഞു. അമേരിക്കൻ പ്രസിഡന്റുമായി ഫോണിൽ സംസാരിച്ച വിവരം മോദി ട്വീറ്റ് ചെയ്തിട്ടുണ്ട്. കൊവിഡിനെ തുരത്തുന്നതുമായി ബന്ധപ്പെട്ട് ധാരണയിലെത്തിയെന്നാണ് അദ്ദേഹം ട്വീറ്റിൽ പറയുന്നത്.

Spoke on phone to President of the Government of Spain, H.E. Pedro Sanchez. Conveyed my deepest condolences for the tragic loss of life in Spain. We agreed to collaborate in fighting the pandemic. @sanchezcastejon

— Narendra Modi (@narendramodi) April 4, 2020

അതേസമയം, ലോകത്താകമാനം കൊവിഡ് വ്യാപിച്ചിരിക്കുകയാണെങ്കിലും അമേരിക്കയിലാണ് സ്ഥിതി ഏറ്റവും രൂക്ഷം. ഇന്നലെമാത്രം അമേരിക്കയിൽ ആയിരത്തിലധികം പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. രോഗികളുടെ എണ്ണം മൂന്ന് ലക്ഷം കടന്നു. മരണങ്ങളിൽ ഭൂരിഭാഗവും ന്യൂയോർക്കിൽ നിന്നുള്ളതാണ്. 24 മണിക്കൂറിനുള്ളിൽ അഞ്ഞൂറിലധികം പേർ മരിച്ചു.