ganga

വാരണസി: ഇന്ത്യ മുഴുവൻ കൊവിഡ് ഭീതിയിലാണ്. രോഗത്തിന് ഇതുവരെ ഫലപ്രദമായ വാക്‌സിൻ കണ്ടെത്താത്തത് ജനങ്ങളുടെ ആശങ്ക കൂട്ടിക്കൊണ്ടിരിക്കുകയാണ്. എന്നാൽ ഈ സമയത്ത് വാരണസിയിൽ കൗതുകകരമായ ഒരു മാറ്റം ഉണ്ടായി. അത് മറ്റൊന്നുമല്ല ജനങ്ങൾ വീട്ടിനുള്ളിലായതോടെ ഗംഗാ നദിയുടെ ഗുണനിലവാരം അമ്പത് ശതമാനത്തോടെ മെച്ചപ്പെട്ടു. കൂടാതെ ഗംഗയെ ആരാണ് ഇത്രയും കാലം മലിനപ്പെടുത്തിയിരുന്നതെന്ന് കണ്ടെത്താനും സാധിച്ചു.

'ഗംഗാ നദിയിലെ മലിനീകരണത്തിന്റെ പ്രധാന കാരണം ഫാക്ടറികളാണ്. ലോക്ക് ഡൗൺ കാരണം എല്ലാം അടച്ചുപൂട്ടിയതോടെ സ്ഥിതി മെച്ചപ്പെട്ടു. ഗംഗയിൽ 40 -50 ശതമാനം പരോഗതി ഞങ്ങൾ കണ്ടു. ഇത് ഒരു സുപ്രധാന സംഭവമാണ്' ഐഐടിബിഎച്ച്‌യു കെമിക്കൽ എഞ്ചിനീയറിംഗ് ആൻഡ് ടെക്‌നോളജി പ്രൊഫസർ ഡോ. പി കെ മിശ്ര പറഞ്ഞു.

"ലോക്ക് ഡൗൺ സമയത്ത് ഗംഗാ നദിയിലെ വെള്ളം ശുദ്ധമായിത്തീർന്നിരിക്കുന്നു. ഗംഗാ നദിയിലെ ശുദ്ധജലം നോക്കുമ്പോൾ ഞങ്ങൾക്ക് സന്തോഷമുണ്ട്."- നാട്ടുകാരൻ പറഞ്ഞു. 'മാർച്ച് 15-16 തീയതികളിൽ മഴയെത്തുടർന്ന് ഗംഗയിൽ ജലനിരപ്പും വർദ്ധിച്ചു, അതിനർത്ഥം അതിന്റെ ശുചീകരണ ശേഷിയും വർദ്ധിച്ചു എന്നാണ്. ലോക്ക് ഡൗണിന് മുമ്പുള്ള കാലഘട്ടവും അതിന് ശേഷവും നോക്കിയാൽ ഗണ്യമായ പുരോഗതിയുണ്ട്'- അദ്ദേഹം കൂട്ടിച്ചേർത്തു.


'വാരണസിയിലെ നാട്ടുകാർ സന്തുഷ്ടരാണ്. വെള്ളം ഇന്ന് ശുദ്ധമായി കാണുന്നു. ഇതിന് പിന്നിലെ ഏറ്റവും വലിയ കാരണം എല്ലാ ഫാക്ടറികളും അടച്ചിരിക്കുന്നു എന്നതാണ്. ആളുകൾ വെള്ളത്തിലിറങ്ങുന്നില്ല. 10 ദിവസം കൂടി ഈ അവസ്ഥ തുടർന്നാൽ ഗംഗാ നദി പണ്ടത്തെപ്പോലെ ആയിരിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു'- മറ്റൊരു പ്രദേശവാസി പറഞ്ഞു. കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനുള്ള മുൻകരുതൽ നടപടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി മാർച്ച് 24 ന് രാജ്യത്ത് 21 ദിവസത്തെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരുന്നു.