"ജീവിച്ചിരിക്കുമോയെന്ന് അറിയില്ല.മരിക്കുമെന്നും..." ഈ അവസ്ഥയിലാണ് അമേരിക്കയിലെ ചില പ്രധാന നഗരങ്ങളിലെ ജീവിതാവസ്ഥ.കൊവിഡ്-19 ന്റെ വ്യാപനം തടയാനുള്ള നിർദ്ദേശങ്ങൾ നടപ്പിലാക്കാൻ വൈകിയതിന്റെ ഫലം അമേരിക്ക ഇന്ന് അനുഭവിക്കുകയാണ്.ഫ്ളോറിഡയിൽ താമസിക്കുന്ന തിരുവനന്തപുരം സ്വദേശി അരുൺ കേരളകൗമുദി ഓൺലൈനോട് പറഞ്ഞു.
അമേരിക്കയിലെ മരണ സംഖ്യ ഇന്നലെ വരെ 8453 ആയി.രോഗബാധിതരാകട്ടെ 311357 ഉം. ഇന്നലെ മാത്രം മരിച്ചത് 1048 പേരാണ്.ഇന്നലെ മരിച്ചവരിൽ ഒരു മലയാളിയും ഉൾപ്പെടുന്നു.തൊടുപുഴ മുട്ടം സ്വദേശി തങ്കച്ചനാണ് ഇന്നലെ ന്യൂയോർക്കിൽ മരണമടഞ്ഞത്.ഇതോടെ കൊവിഡ് ജീവൻ അപഹരിച്ച മലയാളികളുടെ എണ്ണം മൂന്നായി.
" ന്യൂയോർക്ക്,ലൂസിയാന,കാലിഫോർണിയ,ചിക്കാഗോ,തുടങ്ങിയ ഇടങ്ങളിലാണ് മരണസംഖ്യ കൂടുതൽ.തലസ്ഥാന നഗരമെന്ന നിലയിൽ വാഷിംഗ്ടണ് അധികൃതർ നല്ല ശ്രദ്ധ നൽകുന്നുണ്ട്.ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നതല്ലാത്ത സ്ഥാപനങ്ങളൊക്കെ അടച്ചിരിക്കുകയാണ്.എന്നാൽ വൈകാതെ ഇവിടെയും പടരുമെന്ന ആശങ്കയില്ലാതില്ല."- അമേരിക്കയിലെ പ്രമുഖ മലയാളി വ്യവസായിയായ ഡോ.ബാബു സ്റ്റീഫൻ പറഞ്ഞു.
ന്യൂയോർക്ക് സബ് വേ ഇനിയും അടച്ചിട്ടില്ല.എന്നാൽ ഫ്രീക്വൻസി കുറച്ചിട്ടുണ്ട്.ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് സഞ്ചരിക്കേണ്ടതുള്ളതിനാൽ ഈ യാത്രാ സംവിധാനം അടയ്ക്കാൻ കഴിയില്ലെന്ന നിലപാടിലാണ് അധികൃതർ.ലോകത്തിലെ തന്നെ ഏറ്റവും വലിയ പൊതു ഗതാഗത സംവിധാനങ്ങളിലൊന്നാണ് വിവിധയിടങ്ങളെ തമ്മിൽ കണക്ട് ചെയ്യുന്ന ന്യൂയോർക്ക് സിറ്റി സബ് വേ.നമ്മുടെ മെട്രോ സ്റ്റേഷനുകൾ പോലെ 472 സ്റ്റേഷനുകളാണ് സബ് വേയിലുള്ളത്.
അമേരിക്കയിലെ ആരോഗ്യ സംവിധാനത്തെക്കുറിച്ച് കാലിഫോർണിയയിൽ കഴിഞ്ഞ ഒരു വർഷമായിക്കഴിയുന്ന കേരള സർവകലാശാല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ളിഷിലെ അദ്ധ്യാപികയും ചലച്ചിത്ര നിരൂപകയുമായ ഡോ.മീനാ ടി.പിള്ള പറയുന്നത് ഇങ്ങനെ----" പനിച്ച്,കുരച്ച് എത്രതന്നെ വയ്യാണ്ടായി ആശുപത്രിയിലേക്ക് വിളിച്ചാലും നിങ്ങൾ ഇങ്ങോട്ട് വരേണ്ടെന്നാണ് മറുപടി ലഭിക്കുക.കൊവിഡിന് മരുന്നില്ല.നിങ്ങൾ വീട്ടിലിരുന്ന് കൈകഴുകുകയും മറ്റ് സാനിറ്റൈസേഷൻ കാര്യങ്ങളും ചെയ്യുക.ശ്വാസം ഒട്ടും വലിക്കാൻ പറ്റാതാകുമ്പോൾ മാത്രം ഇങ്ങോട്ടു വന്നാൽ മതി.അമേരിക്കയിലെ ഭൂരിഭാഗം വരുന്ന സാധാരണക്കാരും നിവൃത്തിയുണ്ടെങ്കിൽ ആശുപത്രിയിൽ പോവുകയില്ല.ഇൻഷ്വറൻസ് എത്ര നല്ലതാണെങ്കിലും ഒരു പാർട് പേമെന്റ് നമ്മുടെ കൈയ്യിൽ നിന്നും അവർ വാങ്ങും. കുത്തക ഇൻഷ്വറൻസ് കമ്പനികളുടെയും ഫാർമസ്യൂട്ടിക്കൽസിന്റെയും പിടിയിലാണ് ഇവിടുത്തെ ഹെൽത്ത് കെയർ സംവിധാനം.പ്രശസ്തരായ ഹോളിവുഡ് താരങ്ങളും പ്രമുഖ കായിക താരങ്ങളുമൊക്കെ തങ്ങൾക്ക് കൊവിഡ് വന്നെന്ന് വിളിച്ചു പറയുമ്പോഴും സാധാരണക്കാരനായ അമേരിക്കക്കാരന് അത് പറയാൻ പറ്റുന്നില്ല.കൊവിഡ് ഉണ്ടോയെന്ന പരിശോധനയ്ക്ക് തന്നെ ഇന്ത്യൻ രൂപയിൽ ഏകദേശം മൂന്നര ലക്ഷമെങ്കിലുമാകും.ഇത് താങ്ങാൻ പറ്റാത്തതിനാലാണ് രോഗ വിവരം പുറത്തു പറയാതെ വീട്ടിലിരുന്ന് ചികിത്സിക്കാൻ സാധാരണക്കാർ തയ്യാറാകുന്നത്.
രോഗം മൂർച്ഛിച്ച് ആശുപത്രിയിലായാലോ കുറഞ്ഞത് 10 മുതൽ 16 ലക്ഷം രൂപയെങ്കിലും വേണ്ടി വരും.സാധാരണക്കാർ എങ്ങനെ വഹിക്കാനാണ്.അമേരിക്കയിൽ കൊവിഡ് പടർന്ന് പിടിക്കുന്നതിന്റെ പ്രധാനകാരണം ഇതു തന്നെയാണ്.ഇങ്ങനെയൊരു രാജ്യത്തെ വികസിച്ച രാജ്യം എന്നു പറയുന്നതിന്റെ അളവുകോൽ എനിക്കിനിയും മനസിലായിട്ടില്ല.നമ്മുടെ പൊതു വിദ്യാഭ്യാസവും,പൊതുജനാരോഗ്യ സംവിധാനവുമൊക്കെ കണ്ണിലെ കൃഷ്ണമണി പോലെ കാത്തു സൂക്ഷിക്കണമെന്ന് പറയാൻ അമേരിക്കയിലെ ജീവിതം എന്നെ പഠിപ്പിക്കുന്നു.".
ഫുൾബ്രൈറ്റ് സ്കോളർഷിപ്പിന്റെ ഭാഗമായിട്ടാണ് ഡോ.മീനാ ടി.പിള്ള കാലിഫോർണിയയിൽ പോയത്.