joy-alukkas-

പ്രാർത്ഥനയും പത്രംവായനയും പ്രാതലും കഴിഞ്ഞ് തൃശൂർ ശോഭാ സിറ്റിയിലെ വില്ലയിൽ നിന്ന് ജോയ് ആലൂക്കാസ് കൃഷിയിടത്തിലേക്ക് ഇറങ്ങുകയല്ല, നേരെ പടി കയറുകയാണ്. കാരണം, ടെറസിലാണ് ഇരുപതിനായിരം ചതുരശ്ര അടിയിലെ പച്ചക്കറിപ്പരപ്പ്. ഭാര്യ ജോളിയും ഇളയ മകൾ എൽസയും ഒപ്പം കൂടും. വീട്ടിൽ ഒരു കഥാപാത്രം കൂടി ബാക്കിയുണ്ട്. തൃശൂരുകാരൻ തന്നെയായ ഗോൾഡൻ റിട്രീവർ നായ്‌ക്കുട്ടി സ്‌കൂബി. പ്രായം മൂന്നു മാസം. ആൾ ശിശു ആയതുകൊണ്ട് ടെറസിലേക്ക് പ്രവേശനമില്ല.

മകനും മൂത്ത മകളും ദുബായിൽ കുടുംബസമേതം. ലോക്ക് ഡൗൺ എങ്ങനെയെന്നു ചോദിച്ചാൽ ജോയ് ആലൂക്കാസ് പറയും: ഫാസ്റ്റ് എൻട്രി ആയിരുന്നെങ്കിലും തിരിച്ചുപോക്ക് സ്ളോ ആയേക്കും! (ഇത് ഒരു നടയ്‌ക്കു പോകുന്ന കോളില്ലെന്ന് പച്ചമലയാളത്തിൽ എഴുതിക്കോ എന്ന് അനുബന്ധമായി ഒരു പൊട്ടിച്ചിരി!). കൊവിഡിന്റെ എൻട്രി ടൈമിൽ ജോയ് ആലൂക്കാസ് ദുബായിലായിരുന്നു. കഴിഞ്ഞ പത്തിന് കൊച്ചിയിൽ വിമാനമിറങ്ങി,​ കാറിൽ തൃശൂരിലെ വീട്ടിലേക്ക് ചെറിയൊരു ചുമയുമായി വന്നുകയറിയപ്പോൾ ഭാര്യ പറഞ്ഞു: ഇനി,​ ഇതൊക്കെ തീരുംവരെ പുറത്തിറങ്ങണ്ട!

ലോക്ക് ഡൗണിനും മുമ്പേ ലോക്ക്

മൂന്നു ദിവസം കൂടി കഴിഞ്ഞാൽ ജോയ് ആലൂക്കാസിന് ഭാര്യ വിധിച്ച 'ഹൗസ് ക്വാറന്റൈൻ' ഒരു മാസമാകും! കാലാവസ്ഥ മാറുമ്പോൾ ചുമ പതിവുള്ളതാണ്. ഭാര്യ കൂടി സമ്മതിക്കണ്ടേ?​ അങ്ങനെ അക്ഷരാർത്ഥത്തിൽ ജോയ് ആലൂക്കാസ് വീട്ടിൽ ലോക്ക് ആയി; പത്തു നാൾ കഴിഞ്ഞപ്പോഴേക്കും രാജ്യം ലോക്ക് ഡൗണിലുമായി. സ്വിറ്റ്സർലന്റിലെ പഠിത്തം കഴിഞ്ഞ് ഇളയ മകൾ എൽസ വന്നതുകൊണ്ട് ബോറടിയില്ല. മോൾക്ക് കല്യാണാലോചന നടക്കുന്നു. അതു കൂടി കഴിഞ്ഞാൽ ഞങ്ങൾ കംപ്ളീറ്റ് ഫ്രീ ആയി...

പാചകം കുറച്ചൊക്കെ അറിയാം. അതുകൊണ്ട് അടുക്കളയിൽ ഭാര്യയ്‌ക്കൊപ്പം കൂടും. അവിയൽ,​ ഉപ്പേരി,​ മെഴുക്കുപുരട്ടി... എല്ലാത്തിലും ഒന്നു കൈവയ്‌ക്കും. ജോളി കുറേക്കാലമായി വെജിറ്റേറിയൻ ആണ്. ജോയ് ആലൂക്കാസിനും 'നോൺ' പതിവല്ല. വേണമെന്നു തോന്നുമ്പോൾ മീനോ ഇറച്ചിയോ വയ്‌ക്കാൻ ജോലിക്കാരുണ്ടെങ്കിലും,​ തത്കാലം രക്ഷയില്ല. പച്ചക്കറിയെല്ലാം സ്വന്തം തോട്ടത്തിൽ നിന്ന്. ബാക്കിവരുന്നത് ബന്ധുക്കൾക്കും കൂട്ടുകാർക്കും കൊടുക്കും. രാവിലെ ഒരു മണിക്കൂർ ടെറസിൽ. ഗ്രീൻഹൗസിലാണ് കൃഷി. തോട്ടത്തിലൂടെ നടക്കുമ്പോൾത്തന്നെ ഒരുന്മേഷം.കൃഷി മാറ്റിവച്ചാൽ മറ്റൊരു നേരമ്പോക്കിന് ടേബിൾ ടെന്നിസ്.

ഇപ്പോഴും ക്രേസ് പഴയ സിനിമ

ടെറസിൽ നിന്ന് ഇറങ്ങിവന്ന് കുളി കഴിഞ്ഞാൽ ടിവി കാഴ്‌ചയാണ്. ചാനലുകളിലെ പഴയ മലയാളം സിനിമകളുടെ സ്ഥിരം പ്രേക്ഷകൻ. കണ്ട സിനിമ തന്നെ ആസ്വദിച്ചിരുന്ന് കാണുമ്പോൾ മകളുടെ കമന്റ് വരും: ഹൊ,​ പടം ഇന്നലെ റിലീസ് ആയതേയുള്ളൂ! മോൾ നന്നായി വായിക്കുമെങ്കിലും,​ ജോയ് ആലൂക്കാസ് വായനയെ പത്രത്തിനപ്പുറത്തേക്ക് കടക്കാൻ സമ്മതിച്ചിട്ടില്ല. മോളുടെ ബോറടി മാറാൻ തൃശൂരിൽ നിന്ന് വാങ്ങിയതാണ് നായ്‌ക്കുട്ടിയെ. പക്ഷെ,​ മോളുടെ അച്ഛനാണ് കൂടുതൽ നേരം സ്‌കൂബിക്കൊപ്പം കളിയെന്ന് ജോളി! സ്‌കൂബിയെ ട്രെയിൻ ചെയ്യിക്കാനുള്ള ശ്രമമാണ് ഇപ്പോൾ. പ്രത്യേകം ട്രെയിനറെ വച്ചിട്ടില്ല. അതിനു താനും ജോളിയും തന്നെ ധാരാളമെന്ന് ജോയ് ആലൂക്കാസ്.

പതിനൊന്ന് രാജ്യങ്ങളിലായി 155 ജൂവലറി ഔട്ട്ലെറ്റുകളുണ്ട്,​ ജോയ് ആലൂക്കാസ് ഗ്രൂപ്പിന്. ജോളി സിൽക്‌സിന് കേരളത്തിൽ അഞ്ച് ഷോറൂം. യു.എ.ഇയിലും കുവൈറ്റിലും ഒമാനിലുമായി 61 മണി എക്‌സ്ചേഞ്ച് കേന്ദ്രങ്ങൾ. എല്ലാം ലോക്ക് ഡൗണിൽ. ലണ്ടനിലും അമേരിക്കയിലും മൂന്നു മാസം കഴിഞ്ഞേ ഔട്ട്ലെറ്റുകൾ തുറക്കാനാവൂ. മറ്റു രാജ്യങ്ങളിൽ എന്താകുമെന്ന് വ്യക്തതയില്ല. സിംഗപ്പൂരിൽ ആദ്യം വലിയ പ്രശ്‌നമില്ലായിരുന്നു. കഴിഞ്ഞ ദിവസമാണ് അവിടെയും ഒരു മാസത്തെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. വിദേശികൾ ഉൾപ്പെടെ എണ്ണായിരത്തോളം ജീവനക്കാരുണ്ട്. കടകൾ അടഞ്ഞുകിടന്നാലും ആരുടെയും ശമ്പളം മുടക്കിയിട്ടില്ല. ഇപ്പോഴത്തെ ബിസിനസ് പ്രതിസന്ധി മൂന്നു മാസം തുടരുമെന്നാണ് ജോയ് ആലൂക്കാസിന്റെ കണക്ക്. അത്രയും നാളത്തേക്ക് മനസ്സിനെ പാകപ്പെടുത്തിക്കഴിഞ്ഞു.


അമരത്തുണ്ട്,​ എല്ലാവരും

മകൻ ജോൺ പോൾ ആണ് ജോയ് ആലൂക്കാസ് ജൂവലറി ഗ്രൂപ്പിന്റെ എക്‌കിക്യുട്ടീവ് ഡയറക്‌ടർ. വിദേശങ്ങളിലെ ബിസിനസിന്റെ ചുമതലയും ജോൺ പോളിന്. ജോണിന്റെ ഭാര്യ സോണിയ ഗ്രൂപ്പ് ഡയറക്‌ടർ. മൂത്ത മകൾ മേരി ആന്റണിയും ഭർത്താവ് ആന്റണി ജോസും ചേർന്ന് മണി എക്‌സ്ചേഞ്ച് ബിസിനസ് നോക്കുന്നു. മക്കൾ രണ്ടു പേർക്കും രണ്ടു പെൺമക്കൾ വീതം.നാട്ടിൽ അച്‌ഛനും അമ്മയ്‌ക്കും ഒപ്പമുള്ള എൽസ ജോളി സിൽക്‌സിന്റെയും മാൾ ഒഫ് ജോയ്-യുടെയും ഡയറക്‌ടർ. മൂത്ത രണ്ടു പേരും ദുബായിൽ ഒരേ സ്ഥലത്ത്,​ ഒരേ കോളനിയിലാണ് താമസം. ദുബായ്‌ യാത്രകളിൽ ജോയ് ആലൂക്കാസിനൊപ്പം ഭാര്യ ജോളിയുമുണ്ടാകും. മക്കളെയും കാണാം,​ ബിസിനസും നടക്കും. ജോളി നാട്ടിൽ നിന്ന് എന്നും വിളിച്ച് മക്കളുടെയും കൊച്ചുമക്കളുടെയും വിശേഷമറിയും. ദുബായിൽ കടകൾ അടച്ചിട്ടിരിക്കുന്നതുകൊണ്ട് മകന്റെയും മകളുടെയും വീടുകളിലും അവധി മേളം.

അടുക്കളയിലെ ആലൂക്കാസ്

ഉച്ചയൂണു കഴിഞ്ഞ ചെറിയൊരു ഉറക്കമുണ്ട്,​ ജോയ് ആലൂക്കാസിന്. വൈകിട്ട് എഴുന്നേൽക്കുമ്പോൾ അടുക്കളയിൽ ജോളിയുടെ വക സ്‌നാക്‌സ് റെഡിയാകുന്നുണ്ടാകും. പരിപ്പുവട,​ ഉഴുന്നുവട,​ ബജി. പഴംപൊരി... തുടങ്ങിയ ഐറ്റംസ് ആണ്. കൂടെച്ചെന്നു നിന്ന് പ്രോത്സാഹിപ്പിക്കും. നമ്മളായിട്ട് ഇടപെട്ട് വെറുതെ പലഹാരത്തിന്റെ ടേസ്റ്റ് കളയണ്ടല്ലോ! വിദേശങ്ങളിൽ ഉൾപ്പെടെ ജൂവലറികളും മറ്റ് ബിസിനസ് സ്ഥാപനങ്ങളും പ്രവർത്തിക്കുന്ന കെട്ടിടങ്ങളിൽ 99 ശതമാനവും വാടകയ്‌ക്കാണ്. കട അടച്ചിട്ടാലും വാടക കൃത്യം. ബാങ്ക് വായ്‌പയുടെ പലിശയും മുടക്കാൻ പറ്റില്ല. അതൊക്കെ കണക്കുകൂട്ടിയാൽ മനസ്സമാധാനം പോകും. തത്‌കാലം,​ മൂന്നു മാസത്തെ അവധി മുന്നിൽക്കണ്ടുള്ള തയ്യാറെടുപ്പുകളാണ്. അതിനിടയിൽ,​ കൃഷിയും സിനിമയും പാചകവും നായ്‌ക്കുട്ടിയുമൊത്ത് കളിയുമൊക്കെയായി ഈ ഇടവേള.

ലണ്ടനിൽ കുടുങ്ങിയ

ആ 40 ദിവസം

ഇതുപോലെ ഒരിടത്ത് കുടുങ്ങിപ്പോയ അനുഭവം ജോയ് ആലൂക്കാസിന് നേരത്തെ ഒരിക്കലേ ഉണ്ടായിട്ടുള്ളൂ. പന്ത്രണ്ടു വർഷം മുമ്പാണ്- ലണ്ടനിലെ ബിസിനസ് ടൂറിനിടെ വിസയ്‌ക്ക് ചെറിയ പ്രശ്‌നം വന്നു. അതു ശരിയാക്കിക്കിട്ടാൻ എടുത്തത് 40 ദിവസം! അവിടെ വീടുള്ളത് ഭാഗ്യം. പുറത്തു പോകുന്നതിനൊന്നും തടസ്സമില്ലായിരുന്നെങ്കിലും ജോയ് ആലൂക്കാസ് വീട്ടിലിരിക്കാൻ തന്നെ തീരുമാനിച്ചു. പാചകക്കാരെയും പാട്ടുകാരെയും വരുത്തി. ആ നാല്‌പതു ദിവസങ്ങളെ 'രുചികരവും സംഗീതാത്മകവുമാക്കി' ജോയ് ആലൂക്കാസ് വിസയോട് പ്രതികാരം തീർത്തു! ഇത്തവണ ദുബായിൽ നിന്ന് നാട്ടിലെത്തുമ്പോഴും സ്ഥിതി ഇത്ര സീരിയസ് ആകുമെന്ന് കരുതിയതല്ല. ലോകം മുഴുവൻ ഒരുമിച്ച് നിശ്ചലമായ കാഴ്‌ച ആദ്യം.