isis

ന്യൂയോർക്ക്: ലോകം മുഴുവൻ കൊവിഡ് ഭീതിയിലാണ്. നേതാക്കളും സൈനികരുമുൾപ്പെടെ എല്ലാവരും രോഗത്തെ തുരത്താനുള്ള കഠിന പരിശ്രമത്തിലാണ്. ഇസ്ലാമിക് സ്റ്റേറ്റ്, അൽഖ്വയ്ദ തുടങ്ങിയ തീവ്രവാദ സംഘടനകൾ ഈ സാഹചര്യം മുതലെടുത്ത് അക്രമണത്തിന് മുതിരാൻ സാദ്ധ്യതയുള്ളതായി ന്യൂസ് ഏജൻസി എ.പി റിപ്പോർട്ട് ചെയ്യുന്നു.

കൊവിഡ് ബാധിത പ്രദേശങ്ങളിലൂടെ യാത്ര ചെയ്യരുതെന്നും, ആക്രമണം നടത്തരുതെന്നും ഇത്തരം ഗ്രൂപ്പുകൾ മുൻപ് തങ്ങളുടെ അംഗങ്ങൾക്ക് നിർദ്ദേശം നൽകിയിരുന്നെങ്കിലും, തീവ്രവാദികൾ നിഷ്‌കരുണം ആക്രമണങ്ങൾ ആസൂത്രണം ചെയ്യാനും ആക്രമിക്കാനും അവസരം ഉപയോഗിക്കുന്നുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

കൊവിഡ് കൂടുതലായി ബാധിച്ച രാജ്യങ്ങളിൽ, സുരക്ഷ സേന പോലും രോഗത്തെ തുരത്താനുള്ള ശ്രമത്തിൽ മുഴുകിയിരിക്കുന്ന സമയം തീവ്രവാദികൾ മുതലെടുത്തേക്കാമെന്ന് ഇന്റർനാഷണൽ ക്രൈസിസ് ഗ്രൂപ്പ് മുമ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. അതേസമയം, കൊവിഡ് മുതലെടുത്തുണ്ടായ മാരകമായ ആക്രമണങ്ങൾ ഇതിനോടകം നടന്നിട്ടുണ്ടെന്ന് സംശയമുള്ളതായി എ.പി റിപ്പോർട്ട് ചെയ്തു.

റിപ്പോർട്ട് അനുസരിച്ച മാർച്ച് അവസാനം ബൊക്കോ ഹറാം ഭീകരർ ആഫ്രിക്കയിലെ ചാഡിൽ 92 സൈനികരെ വധിച്ചു. രാജ്യത്തെ ഏറ്റവും ഭീകരമായ ആക്രമണമാണിതെന്നും എ.പി റിപ്പോർട്ടു ചെയ്യുന്നു. അടുത്ത ദിവസം നടന്ന മറ്റൊരു ആക്രമണത്തിൽ ഭീകരർ 50 നൈജീരിയൻ സൈനികരുടെ ജീവനെടുത്തു.

ഇറാഖ്, സിറിയ, ആഫ്രിക്കയുടെ ചില ഭാഗങ്ങൾ എന്നിവടങ്ങളിൽ നിന്ന് അമേരിക്കയും യു.കെയുമൊക്കെ അവരുടെ സൈനികരെ പിൻവലിക്കുകയോ, വെട്ടിക്കുറക്കുകയോ ചെയ്‌തുവെന്നത് ആശങ്ക കൂട്ടുന്നു. വടക്കുകിഴക്കൻ സിറിയയിൽ ഐസിസ് വ്യാപിക്കുമോയെന്ന ആശങ്ക യു.എസ് സൈന്യത്തിന് ഉണ്ടെന്ന് ഒരു മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു.