border-issue-

കരളുറപ്പോടെ തന്നെ കേരളം കൊവിഡിനെതിരായ പോരാട്ടം തുടരുകയാണ്. രോഗ ബാധിതരുടെ എണ്ണത്തിന്റെ കണക്കുകൾ പുറത്തുവിടുമ്പോഴും രോഗം ഭേദമായവരുടെ എണ്ണത്തിലും കേരളത്തില്‍ വര്‍ദ്ധനവുണ്ട്. ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ മികച്ച പ്രവർത്തനം തന്നെയാണ് കേരളമെമ്പാടം നടത്തുന്നത്. അതിനിടെ കർണാടക കേരളത്തിന് അതിർത്തി തുറക്കാത്തതു സംബന്ധിച്ച വിഷയമാണ് ഇപ്പോൾ ചർച്ച.

അതിര്‍ത്തികള്‍ തുറക്കില്ലെന്ന് കര്‍ണാടക സര്‍ക്കാര്‍ നിലപാട് ആവര്‍ത്തിക്കുമ്പോഴും രോഗികള്‍ക്ക് മുന്നില്‍ കേരളം വഴി തുറക്കുന്നുണ്ട്. കര്‍ണാടകയിലെ അതിര്‍ത്തി ഗ്രാമങ്ങളിലെ പ്രദേശവാസികള്‍ക്ക് അടിയന്തര ആരോഗ്യപ്രശ്നങ്ങള്‍ക്ക് വയനാട്ടില്‍ എത്താമെന്ന് കളക്ടര്‍ വ്യക്തമാക്കിയിരുന്നു. കൂടാതെ കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി തിരുവനന്തപുരത്ത് നിന്നും കാസർകോട്ടേക്ക് മെഡിക്കൽ സംഘം പുറപ്പെട്ടിട്ടുമുണ്ട്. ഇതിനിടെ " അതിർത്തിയിൽ കർണാടകം നാലു കുട്ട മണ്ണിട്ടാൽ തീരാവുന്നതേയുള്ളൂ കേരളത്തിന്റെ ഒന്നാം നമ്പർ " എന്നും ചിലർ വിമർശനമുയർത്തുന്നുണ്ട്. ഇതുസംബന്ധിച്ച ഒരു കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് നെൾസൻ ജോസഫ്.

"അഞ്ഞൂറ്റിയൻപത്തിയഞ്ച് കിലോമീറ്റർ അപ്പുറത്ത് തിരുവനന്തപുരത്തുനിന്ന് ഡോക്ടർമാരും നഴ്സുമാരും അടങ്ങുന്ന ആരോഗ്യപ്രവർത്തകർ യാത്ര തുടങ്ങിയിട്ടുണ്ട്. കാസർഗോഡിനു കൈത്താങ്ങായി.ഒരു പ്രളയത്തിനു മുക്കിക്കളയാൻ പറ്റിയിട്ടില്ല. പിന്നെയാണ് ഒരു നാലു കുട്ട മണ്ണ്. കേരളത്തിൻ്റെയോ കർണാടകത്തിൻ്റെയോ മാത്രം പ്രശ്നമല്ല ഈ പാൻഡമിക് എന്ന് മനസിലാക്കാൻ തലയിൽ തലച്ചോറിൻ്റെ സ്ഥാനത്ത് ചാണകമില്ലാതിരിക്കണം"-അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

" അതിർത്തിയിൽ കർണാടകം നാലു കുട്ട മണ്ണിട്ടാൽ തീരാവുന്നതേയുള്ളൂ കേരളത്തിൻ്റെ ഒന്നാം നമ്പർ "

ചില ഗ്രൂപ്പുകളിൽ വ്യാപകമായി പ്രചരിച്ച മെസ്സേജാണ് ഇത്.

അവരും കൂടി ഉൾപ്പെടുന്ന കേരളത്തിൻ്റെ ഒന്നാം നമ്പരിൻ്റെ, അവർക്കും കൂടി അഭിമാനിക്കാൻ അവകാശമുള്ള കേരളത്തിൻ്റെ ഒന്നാം നമ്പരിൻ്റെ കാര്യമാണ് പറയുന്നത് എന്ന ബോധം പോലുമില്ല.

എന്നാൽ കേട്ടോ,

അഞ്ഞൂറ്റിയൻപത്തിയഞ്ച് കിലോമീറ്റർ അപ്പുറത്ത് തിരുവനന്തപുരത്തുനിന്ന് ഡോക്ടർമാരും നഴ്സുമാരും അടങ്ങുന്ന ആരോഗ്യപ്രവർത്തകർ യാത്ര തുടങ്ങിയിട്ടുണ്ട്. കാസർഗോഡിനു കൈത്താങ്ങായി..

ഒരു പ്രളയത്തിനു മുക്കിക്കളയാൻ പറ്റിയിട്ടില്ല. പിന്നെയാണ് ഒരു നാലു കുട്ട മണ്ണ്.

കേരളത്തിൻ്റെയോ കർണാടകത്തിൻ്റെയോ മാത്രം പ്രശ്നമല്ല ഈ പാൻഡമിക് എന്ന് മനസിലാക്കാൻ തലയിൽ തലച്ചോറിൻ്റെ സ്ഥാനത്ത് ചാണകമില്ലാതിരിക്കണം.

കർണാടകത്തിനു സഹായം ആവശ്യമായി വന്നാലും കേരളം നൽകും.

കാരണം കൊവിഡ് ഒരു സംസ്ഥാനത്തിൻ്റെയോ രാജ്യത്തിൻ്റെയോ പ്രശ്നമല്ല, ലോകവ്യാപകമായി 'മനുഷ്യർ' നേരിടുന്ന ഒരു പ്രശ്നമാണെന്ന് കേരളത്തിനറിയാം...

ആരോഗ്യപ്രവർത്തകർക്ക് അഭിവാദ്യങ്ങൾ