mohanlal

കൊവിഡ് 19 നെ തുരത്താനുള്ള കഠിന പരിശ്രമത്തിലാണ് രാജ്യം. എല്ലാവരും ഒറ്റക്കെട്ടായി മഹാമാരിയ്‌ക്കെതിരെ പോരാടണമെന്നും,അഞ്ചാം തീയതി രാത്രി ഒമ്പത് മണിക്ക് വീടുകളിൽ ദീപം തെളിയിക്കണമെന്നുമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തിന് പിന്തുണയുമായി നടൻ മോഹൻലാൽ. പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ഒരുമയുടെ ദീപം എല്ലാവരും തെളിയിക്കണമെന്ന് മോഹൻലാൽ ഫേസ്ബുക്ക് വീഡിയോയിലൂടെ പറഞ്ഞു.

'ഇന്ത്യൻ ജനത കൊവിഡിനെതിരെയുള്ള നിശബ്ദ യുദ്ധത്തിലാണ്. ഇതുവരെ കാണാത്ത ശത്രുവിനെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായി രാജ്യം മുഴുവൻ ലോക്ക് ഡൗണിലാണ്. ഇന്ന് രാത്രി ഒമ്പത് മണിക്ക് ഒമ്പത് മിനിറ്റ് എല്ലാവരും ആത്മാവിനെ ഉജ്ജ്വലിപ്പിക്കാനായി വിളക്ക് കത്തിക്കൽ ക്യാമ്പയിൻ നടക്കുകയാണ്. വീടുകളിൽ എല്ലാവരും വിളക്കുകൾ തെളിയ്‌ക്കൂ. ആ പ്രകാശം പ്രതീക്ഷയുടെയും ഒരുമയുടെയും ദീപസ്തംഭമാകട്ടെ. ആ വെളിച്ചം നമ്മുടെ മനക്കരുത്തിന്റെ പ്രതീകമാകട്ടെ . ഇന്ത്യക്കാരുടെ ഈ ഒത്തുചേരലിന് എല്ലാവിധ ആശംസകളും. ലോകസമസ്ത സുഖിനോ ഭവന്തു'-മോഹൻലാൽ പറഞ്ഞു.

ഏപ്രില്‍ അഞ്ച് ഞായറാഴ്ച രാത്രി ഒന്‍പത് മണിക്ക് രാജ്യത്തെ ജനങ്ങള്‍ വീടുകളിലെ എല്ലാ ലൈറ്റുകളുമണച്ച് ദീപം തെളിക്കണമെന്ന് രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിരുന്നു. മോദിയുടെ ആഹ്വാനത്തെ വിമർശിച്ചും അനുകൂലിച്ചും നേരത്തെ രാഷ്ട്രീയപാർട്ടികൾ രംഗത്തെത്തിയിരുന്നു.