
വാഷിംഗ്ടൺ ഡി.സി: സമ്പന്നതയിലും വികസനത്തിലും മറ്റ് ലോകരാഷ്ട്രങ്ങളേക്കാൾ മുന്നിലായ അമേരിക്ക അടക്കമുള്ള പാശ്ചാത്യരാജ്യങ്ങൾ കൊവിഡ് 19നെ എങ്ങനെ ഉന്മൂലനം ചെയ്യുമെന്നറിയാതെ വിറങ്ങലിച്ച് നിൽക്കുകയാണ്. ആഗോളതലത്തിൽ മരണസംഖ്യ 60,000 കടന്നു ( 65,605). 12,14,487 പേർ ചികിത്സയിലാണ്.
ലോകശക്തിയെന്ന് സ്വയം ഊറ്റം കൊണ്ടിരുന്ന അമേരിക്കയെയാണ് വൈറസ് ഇപ്പോൾ ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത്. 8454 പേരാണ് അമേരിക്കയിൽ ആകെ മരിച്ചത്. 311637 പേർ ചികിത്സയിലാണ്.
ഇന്ത്യയോടും പണ്ട് ബദ്ധവൈരിയായിരുന്ന റഷ്യ അടക്കമുള്ള രാജ്യങ്ങളോടും മെഡിക്കൽ ഉപകരണങ്ങൾക്കും മരുന്നിനും മറ്റുമായി സഹായം അഭ്യർത്ഥിക്കേണ്ട ഗതികേടിലാണ് അമേരിക്ക. ലോകത്തെ ആകെ കൊവിഡ് രോഗികളിൽ നാലിലൊന്നും അമേരിക്കയിലാണ്. രോഗ വ്യാപനം കൂടുതൽ ന്യൂയോർക്കിലും ലൂസിയാനയിലുമാണ്. ന്യൂയോർക്കിൽ ഓരോ രണ്ടര മിനിറ്റിലും ഒരാൾ മരിക്കുന്നുണ്ടെന്ന് ഗവർണർ ആൻഡ്രൂ കൂമോ വെളിപ്പെടുത്തി.
അടിയന്തര സഹായത്തിന് ന്യൂയോർക്കിൽ സൈന്യം ഇറങ്ങിയിട്ടുണ്ട്. ന്യൂയോർക്കിൽ കൺവൻഷൻ സെന്റർ ഒറ്റ രാത്രി കൊണ്ട് 2500 കിടക്കകളുള്ള ആശുപത്രിയാക്കി. അമേരിക്കയ്ക്ക് അടുത്ത രണ്ടാഴ്ച നിർണായകമായിരിക്കുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഇതിനിടെ രോഗികളുടെ എണ്ണത്തിൽ ഇറ്റലിയെ മറികടന്ന് സ്പെയിൻ രണ്ടാം സ്ഥാനത്തെത്തി. സ്പെയിനിൽ രോഗബാധിതരുടെ എണ്ണം 1,30759 ഉം മരണസംഖ്യ 12,418 ഉം ആണ്. ഇറ്റലിയിൽ ഇത് യഥാക്രമം 1,24,632 ഉം 15,362 ഉം ആണ്. ഇറ്റലി, ചൈന, നെതർലാൻഡ്സ്, ബെൽജിയം, ഇറാൻ എന്നീ രാജ്യങ്ങളിൽ പുതിയ രോഗികളുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. എന്നാൽ, ബ്രിട്ടനിൽ മരണം 20 ശതമാനം വർദ്ധിച്ചു. രാജ്യത്ത് മരണസംഖ്യ 4313 ഉം രോഗബാധിതരുടെ എണ്ണം 41,903 ഉം ആണ്. ഫ്രാൻസ്, ജർമ്മനി എന്നീ രാജ്യങ്ങളിലും രോഗികളുടെ എണ്ണത്തിൽ വർദ്ധനവുണ്ട്
ആരോഗ്യ ഇൻഷുറൻസില്ലാത്ത 2.75 കോടി അമേരിക്കക്കാർക്കും കൊവിഡ് ചികിത്സയ്ക്കു സർക്കാർ പരിരക്ഷ. ഇതിന് 10,000 കോടി ഡോളറിന്റെ ഫണ്ട്.
ചൈന 1100 വെന്റിലേറ്റർ ന്യൂയോർക്കിന് നൽകി.
ന്യൂയോർക്കിൽ ആരോഗ്യപ്രവർത്തകർക്ക് മാസ്ക്, കൈയുറ, ഗൗൺ തുടങ്ങിയ അടിസ്ഥാന ഉപകരണങ്ങൾ കിട്ടുന്നില്ല. ഓക്സിനും ക്ഷാമം.
അമേരിക്കയിൽ ജയിലുകളിലെ നൂറോളം പേർക്ക് രോഗം.
അമേരിക്കയിലെ 50 സംസ്ഥാനങ്ങളിൽ നൂറിലേറെ താൽക്കാലിക ആശുപത്രികൾ നിർമ്മിക്കുന്നു.
അമേരിക്കൻ ആണവ യുദ്ധക്കപ്പലിലെ ( യു.എസ്.എസ് തിയോഡർ റൂസ്വെൽറ്റ് ) വൈറസ് വ്യാപനം പരസ്യപ്പെടുത്തിയതിന് ക്യാപ്റ്റൻ ബ്രെറ്റ് ക്രോസിയറെ കമാൻഡ് പദവിയിൽ നിന്നു നീക്കി.
രോഗികളുടെ എണ്ണത്തിൽ ചൈന ആറാം സ്ഥാനത്ത്. മരണം - 3329, രോഗബാധിതർ - 81669
കുവൈറ്റിൽ ആദ്യ മരണം .
പ്രശസ്ത സംഗീതജ്ഞൻ എൽട്ടൻ ജോൺ കൊവിഡിൽ നിന്ന് എച്ച്.ഐ.വി രോഗികളെ സംരക്ഷിക്കാൻ പത്ത്ലക്ഷം ഡോളർ ( 7.64 കോടി രൂപ ) നൽകി.