അമേരിക്കയിൽ കൊവിഡ് രോഗികളിൽ മലേറിയ മരുന്ന് പരീക്ഷിക്കുന്നു
വാഷിംഗ്ടൺ: കൊവിഡിനെതിരായ പോരാട്ടത്തിന് മലേറിയയ്‌ക്ക് ഉപയോഗിക്കുന്ന മരുന്നായ ഹൈഡ്രോക്‌സി ക്ലോറോക്വിൻ ലഭ്യമാക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യർത്ഥിച്ചു.
‘മോദിയുമായി ഫോണിൽ സംസാരിച്ചിരുന്നു. ഹൈഡ്രോക്സി ക്ലോറോക്വിൻ വേണമെന്ന അമേരിക്കയുടെ ആവശ്യം ഇന്ത്യ ഗൗരവമായി പരിഗണിക്കും’– ട്രംപ് വ്യക്തമാക്കി.
കൊറോണ വൈറസ് ടാസ്ക് ഫോഴ്സുമായി ബന്ധപ്പെട്ട് വൈറ്റ് ഹൗസിൽ നടന്ന വാർത്താസമ്മേളനത്തിലാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്.
മലേറിയയ്‌ക്കെതിരായ ഈ മരുന്ന് കയറ്റുമതി ചെയ്യുന്നത് കഴിഞ്ഞ മാസം 25ന് ഇന്ത്യ നിരോധിച്ചിരുന്നു. അതിന് പിന്നാലെയാണ് അമേരിക്ക ഇന്ത്യയോട് മരുന്ന് ആവശ്യപ്പെട്ടത്. കയറ്റുമതി നിരോധിച്ചെങ്കിലും ജീവകാരുണ്യപരമായ ആവശ്യങ്ങൾക്ക് മരുന്ന് നൽകുമെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു.
ശനിയാഴ്‌ച രാവിലെയാണ് ട്രംപ് ഫോണിൽ മോദിയുമായി സംസാരിച്ചത്. ഇന്ത്യ വൻതോതിൽ ഹൈഡ്രോക്‌സി ക്ലോറോക്വിൻ നിർമ്മിക്കുന്നുണ്ട്. ഈ മരുന്നിന് ഫലമുണ്ടെന്നും വിജയിച്ചാൽ അത് സ്വർഗത്തിൽ നിന്നുള്ള സമ്മാനമായിരിക്കുമെന്നും ട്രംപ് പറഞ്ഞു.
ഹൈഡ്രോക്‌സി ക്ലോറോക്വിൻ
ക്ലോറോക്വിൻ അടങ്ങിയ നിവാക്വിൻ എന്ന ഗുളികയാണ് മലേറിയയ്‌ക്ക് ഉപയോഗിക്കുന്നത്.
കൊവിഡ് 19 ചികിത്സയിൽ ഹൈഡ്രോക്‌സി ക്ലോറോക്വിന് മേന്മകൾ ഉണ്ടെന്ന് പ്രാഥമിക പരീക്ഷണങ്ങളിൽ തെളിഞ്ഞിട്ടുണ്ട്
അതിന്റെ അടിസ്ഥാനത്തിലാണ് അമേരിക്ക ഈ മരുന്ന് കൊവിഡ് ചികിത്സയ്‌ക്ക് ഉപയോഗിക്കാൻ ശ്രമിക്കുന്നത്.
ഇതിനോടൊപ്പം മറ്റ് ചില മരുന്നുകളും ചേർത്ത് കൊവിഡ് രോഗികൾക്ക് നൽകാൻ അമേരിക്കൻ ഫെഡറൽ ഡ്രഗ് അഡ്മിനിസ്ട്രേഷൻ കഴിഞ്ഞയാഴ്ച തിരക്കിട്ട് അനുമതി നൽകിയിരുന്നു
അതിന്റെ അടിസ്ഥാനത്തിൽ ന്യൂയോർക്കിൽ 1,500 കൊവിഡ് രോഗികളിൽ ഔഷധസംയുക്തത്തിന്റെ പരീക്ഷണവും തുടങ്ങി.
വിജയ പ്രതീക്ഷയിൽ മൂന്ന് കോടിയോളം ഡോസ് മരുന്ന് അമേരിക്ക സ്റ്റോക്ക് ചെയ്‌തിട്ടുണ്ട്.
ദശലക്ഷക്കണക്കിന് ഡോസാണ് ഇന്ത്യയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ക്ലോറോക്വിൻ അമേരിക്കയുടെ ദേശീയ ഔഷധ ശേഖരത്തിന്റെ ഭാഗമാക്കി
കൊവിഡ് അമേരിക്കയിൽ
ഞായറാഴ്ച വരെ മരണം 8,454
രോഗികൾ 311,637
ഒറ്റദിവസം 23,949 കേസുകളും, 1023 മരണങ്ങളും
അടുത്ത മാസങ്ങളിലായി രണ്ട് ലക്ഷം പേർ മരിക്കുമെന്ന് മുന്നറിയിപ്പ്
ട്രംപ് യാത്രാവിലക്ക് പ്രഖ്യാപിക്കും മുമ്പ് ചൈനയിൽ നിന്ന് രണ്ട് ലക്ഷംപേർ അമേരിക്കയിൽ എത്തിയെന്ന് റിപ്പോർട്ട്
''മികച്ച ചർച്ചയാണു ട്രംപുമായി നടത്തിയത്. കോവിഡിന് എതിരായ പോരാട്ടത്തിൽ ഇന്ത്യ– യു.എസ് സഖ്യത്തിന്റെ മുഴുവൻ കരുത്തും അണിനിരത്തും.''
--പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വിറ്റ്