ഏതൊക്കെ പുതിയ കാറുകൾ നിരത്തിലെത്തിയാലും എത്ര ആഡംബരമുണ്ടെങ്കിലും ഇന്ത്യക്കാർ ഗൃഹാതുരത്വത്തോടെ പറയുന്നൊരു ഡയലോഗുണ്ട് ''യാത്രാസുഖം നമ്മുടെ അംബാസഡറിന്റെ അത്ര വരില്ല". അത്രമേൽ, ഇന്ത്യക്കാരുടെ ഹൃദയത്തിലേക്ക് കടന്നുകയറിയ വാഹനമാണ് ഹിന്ദുസ്ഥാൻ മോട്ടോഴ്‌സിന്റെ അംബാസഡർ.
ആറുവർഷം മുമ്പ് അംബാസഡറിന്റെ നിർമ്മാണവും വിതരണവും നിലച്ചു. 2017 ഫെബ്രുവരിയിൽ അംബാസഡർ കാർ ബ്രാൻഡിനെ ഹിന്ദുസ്ഥാൻ മോട്ടോഴ്‌സ്, വിഖ്യാത ഫ്രഞ്ച് വാഹന കമ്പനിയായ പ്യൂഷോയ്ക്ക് 80 കോടി രൂപയ്ക്ക് വിറ്റു. അംബാസഡറിനെ നവീനമായി അവതരിപ്പിച്ച്, പ്യൂഷോ ഇന്ത്യൻ വിപണിയിലേക്ക് ചുവടുവയ്ക്കുമെന്ന് അന്നേ പറഞ്ഞുകേട്ടതാണ്. ഇന്ത്യക്കാർ, അന്നുമുതൽ കാത്തിരിക്കുന്ന ആ ദിനം അടുക്കുകയാണ്.
അതെ, അംബാസഡർ വീണ്ടും വരും. പുതിയ അവതാരപ്പിറവി ഈ വർഷം തന്നെയുണ്ടാകും. ഇന്ത്യയിലെ പ്രമുഖ പ്രീമിയം ഓട്ടോമോട്ടീവ് ഡിസൈനർമാരായ ഡി.സി ഡിസൈൻസ് അഥവാ ഡി.സി2 പുതിയ അംബാസഡറിന്റെ 'കോൺസെപ്‌റ്ര്" പതിപ്പ് തയ്യാറാക്കിയിട്ടുണ്ട്. പഴയ രൂപഭംഗിയെ അനുസ്‌മരിപ്പിക്കുന്നതാണ് പുതിയ മോഡൽ. ഇക്കുറി, ഇലക്‌ട്രിക് ഹൃദയമായിരിക്കും എന്ന സവിശേഷതയുമുണ്ട്.
കറുപ്പഴകിലാണ് പുത്തൻ ഇലക്‌ട്രിക് അംബാസഡറിന്റെ കോൺസെപ്‌റ്ര്. ആഡംബരപൂർണമാണ് രൂപം. മുന്നിലെ വലിയ ക്രോം ഗ്രിൽ, പഴയ പൗരുഷഭാവം നിലനിറുത്തുന്നു. ആംഗുലറായി സജ്ജീകരിച്ച, എൽ.ഇ.ഡി പ്രൊജക്‌ടർ ഹെഡ്‌ലാമ്പ് നല്ല ഭംഗിയാണ്. ചതുരാകൃതിയാണ് വീൽ ആർച്ചുകൾക്ക്. മൾട്ടി-സ്‌പോക്ക് ക്രോം വീലുകളാകട്ടെ, ഔട്ട്സ്‌റ്രാൻഡിംഗ്! അതിമനോഹരം!
വശങ്ങളിലെ ചരിവുകളും ബോണറ്റിൽ തടിച്ചമൂക്ക് പോലെ ഉയർത്തിവച്ച മദ്ധ്യഭാഗവും പഴയ അംബാസഡറിനെ ഓർമ്മപ്പെടുത്തും. വീൽ ആർച്ചുകളും ഷോൾഡർ ലൈനുകളും റൂഫ്‌ലൈനുകളും വാഹനത്തിന്റെ പിന്നിലേക്ക് ഒഴുകിവീഴുകയാണ്. അത് സ്‌പോർട്ടീ ഭാവവും നൽകുന്നു. ടെയിൽലാമ്പുകളും എൽ.ഇ.ഡിയാണ്. ചതുരാകൃതിയിൽ അവയ്ക്ക് ക്രോമിന്റെ വേലിക്കെട്ടുമുണ്ട്. പിന്നിലും ക്രോമിന്റെ അപ്രമാദിത്തം കാണാം.
കോൺസെപ്‌റ്ര് മോഡലിന് ആകെ രണ്ടു ഡോറുകളേയുള്ളൂ. എന്നാൽ, വിപണിയിൽ എത്തുമ്പോൾ പഴയ അംബാസഡറിനെ പോലെ നാലു ഡോറുകളുണ്ടാകും. അകത്തളത്തെ കുറിച്ചുള്ള വിശദാംശങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും വിശാലവും യാത്രാസുഖമേകുന്നതും പുത്തൻ ചേരുവകൾ ചേർന്നതുമായിരിക്കും എന്ന് ഡി.സി. ഡിസൈൻ വ്യക്തമാക്കിയിട്ടുണ്ട്.
വാഹനത്തിന്റെ ഭാരം മിതമായി നിലനിറുത്താനായി, കാർബൺ മെറ്റീരിയലുകളാണ് നിർമ്മാണത്തിന് ഉപയോഗിച്ചിട്ടുള്ളത്. എന്നാൽ, കരുത്തിൽ വിച്ചുവീഴ്‌ച ചെയ്‌തിട്ടുമില്ല. ഇലക്‌ട്രിക് മോട്ടറിനെ കുറിച്ചും കൂടുതൽ വിവരങ്ങൾ കമ്പനി പുറത്തുവിട്ടിട്ടില്ല. എന്നാൽ, പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം നാലു സെക്കൻഡിൽ കൈവരിക്കുന്ന എൻജിനായിരിക്കും ഇത്.
ഇപ്പോഴും ഇന്ത്യയിൽ ചില രാഷ്‌ട്രീയ നേതാക്കൾ അംബാസഡർ ഉപയോഗിക്കുന്നുണ്ട്. ഒരുകാലത്ത് രാഷ്‌ട്രീയക്കാരുടെ മാത്രമല്ല, വി.ഐ.പികളുടെയും ഇഷ്‌ട വാഹനമായിരുന്നു ഇത്. കൊൽക്കത്തയുടെയും ഡൽഹിയുടെയും നിരത്തുകളിൽ അംബാസഡർ ടാക്‌സി ഇപ്പോഴും കാണാം. ചില അത്യാഡബംര ഹോട്ടലുകൾ അതിഥികളെ സ്വീകരിക്കാൻ ഉപയോഗിക്കുന്നത്, ചില്ലറ നവീന മാറ്റം വരുത്തിയ അംബാസഡറുകളാണ്. ഇന്ത്യയുടെ ഹൃദയത്തിലേക്ക് പുതിയ ഇലക്‌ട്രിക് അംബാസഡർ ഈ വർഷം രണ്ടാംപകുതിയോടെ എത്തിയേക്കും.