അങ്കാറ: ഭരണകൂടത്തിനെതിരെ യുദ്ധം ചെയ്തില്ല, ഒളിപ്പോര് നടത്തിയില്ല, പകരം അവർ പാട്ടുകൾ പാടി...
" ഒരു പുതിയ ലോകമുണ്ട്, ഇവിടെ മാത്രമല്ല, എല്ലായിടത്തും..."
ഹെലിനും കൂട്ടുകാരും വേദികൾ തോറും പാടിയപ്പോൾ തുർക്കിയിലെ എർദോഗൻ ഭരണകൂടം വിറച്ചു. അവർ ആ വിപ്ലവ സംഗീതത്തെ വേട്ടയാടാൻ തുടങ്ങി.
ഹെലിനെയും കൂട്ടുകാരെയും ജയിലിലടച്ചു. സംഗീത ഗ്രൂപ്പിനെ നിരോധിച്ചു. പക്ഷേ, അവർ പോരാളികളായിരുന്നു. പാടാനുള്ള സ്വാതന്ത്ര്യത്തിനും കൂട്ടുകാരെ മോചിപ്പിക്കാനുമായി അവർ ജയിലിൽ നിരാഹാരം കിടന്നു. 288 ദിവസത്തെ നിരാഹാരത്തിന് ശേഷം ഹെലിൻ ബോലെക് എന്ന 28കാരിയായ ടർക്കിഷ് വിപ്ലവ ഗായിക ലോകത്തോട് വിടപറഞ്ഞു.
തുർക്കിയിലെ ജനപ്രിയ നാടൻപാട്ട് ബാൻഡായിരുന്നു ഹെലിൻ അംഗമായിരുന്ന ഗ്രൂപ്പ് യോറം. ബാൻഡിന്റെ ഗാനങ്ങളിലൂടെയാണ് ഇടതുപക്ഷാനുഭാവമുള്ള വിപ്ലവഗീതികൾ തുർക്കിയിൽ അലയടിച്ചത്. ഇരുപതിലേറെ ആൽബങ്ങൾ യോറം പുറത്തിറക്കി. എന്നാൽ ഭരണകൂടം അസ്വസ്ഥരായി. ബാൻഡിലെ അംഗങ്ങൾക്ക് നിരോധിത സംഘടനയായ പീപ്പിൾ ലിബറേഷൻ പാർട്ടി ഫ്രണ്ടുമായി ബന്ധമുണ്ടെന്നാരോപിച്ച് 2016 -ൽ ബാൻഡ് പ്രവർത്തിച്ചിരുന്ന ഇസ്താംബുൾ കൾച്ചറൽ സെന്റർ പൊലീസ് റെയ്ഡ് ചെയ്തു. ബാൻഡിൽ പ്രവർത്തിച്ചിരുന്നവരെ അറസ്റ്റ് ചെയ്തു. 2013 -ലും യോറം അംഗങ്ങളെ അറസ്റ്റ് ചെയ്തെങ്കിലും വിട്ടയച്ചു. 2016 -ൽ അറസ്റ്റ് ചെയ്തവരിൽ ഹെലിനും ഉണ്ടായിരുന്നു.
ഹെലിനും ബാൻഡിലെ മറ്റൊരംഗം ഇബ്രാഹിം ഗോഗ്സെക്കും ജയിലിൽ നിരാഹാരം ആരംഭിച്ചു. പിന്നീട് ഇവരെ മോചിപ്പിച്ചു. അപ്പോഴും ഇബ്രാഹിമിന്റെ ഭാര്യയടക്കം രണ്ടുപേർ ജയിലിലായിരുന്നു. അവരുടെ മോചനവും ബാൻഡിന്റെ നിരോധനം പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് ഇരുവരും പുറത്തും നിരാഹാരം തുടർന്നു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയോട് സഹകരിക്കാതെ ആവശ്യങ്ങളിൽ ഉറച്ചുനിന്നു.
മനുഷ്യാവകാശ പ്രവർത്തകർ ഇരുവർക്കും വേണ്ടി ഭരണകൂടത്തോട് കലഹിച്ചു.ഭരണകൂടം വഴങ്ങിയില്ല. ഒടുവിൽ, സ്വാതന്ത്ര്യത്തിനുവേണ്ടി, ഭരണകൂട ധാർഷ്ട്യത്തോട് കലഹിച്ച് 28-ാം വയസിൽ, തന്റെ ഗാനങ്ങളും വിപ്ലവവും ലോകത്തിന് നൽകി ഹെലിൻ യാത്രയായി. ഹെലിനൊപ്പം നിരാഹാരം ആരംഭിച്ച ഗോഗ്സെക്കിന്റെ നിലയും അതീവ ഗുരുതരമാണ്.