കാസർകോട്: കൊവിഡ് രോഗകാലത്ത് ദിശ ആരോഗ്യവകുപ്പിന്റെ പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടതാണെങ്കിലും സാഹിത്യ ലോകത്ത് അത് നോവലിസ്റ്റ് സി.വി ബാലകൃഷ്ണന്റെ വസതിയാണ്. ലോകസഞ്ചാരിയായ നോവലിസ്റ്റ് കാലിക്കടവിലെ ദിശ എന്ന സ്വന്തം വസതിയിലേക്ക് ചുരുങ്ങിയിരിക്കുന്നു. അവിടിരുന്ന് ഏതുദിശയിലേക്ക് ചിന്ത പായിച്ചാലും തെളിയുന്നത് യാത്രചെയ്ത ദേശങ്ങൾ. കണ്ട കാഴ്ചകൾ. പരിചിതവും അപരിചിതവുമായ മുഖങ്ങൾ. കൊവിഡിന്റെ സംഹാര താണ്ഡവം കഴിയുമ്പോൾ പഴയ പ്രസരിപ്പോടെ ജീവിതതാളം വീണ്ടെടുക്കാൻ അവർക്കാവുമോ? ആകുലത മറച്ചുവയ്ക്കുന്നില്ല സി. വി. ബാലകൃഷ്ണൻ. ഏറ്റവും ഒടുവിൽ എഴുതിത്തീർന്ന സ്കോട്ട്ലന്റ് യാത്രാവിവരണം ഒരു വാരികയിലൂടെ മലയാളികൾ വായിച്ചു തീർന്നപ്പോഴേക്കും കൊവിഡിന്റെ പിടിയിലമർന്നിരുന്നു ആ ദേശവും. സി.വിയുടെ ചിന്തകൾ ദേശാടന പക്ഷികളായി പറക്കുകയാണ്.
സ്കോട്ട്ലന്റിലും ലണ്ടനിലെ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലും കണ്ടത് ചൈനയിലെയും ജപ്പാനിലെയും കൊറിയയിലെയും ടൂറിസ്റ്റുകളെയും എഴുത്തുകാരെയുമാണ്. ചാൾസ് രാജകുമാരൻ രോഗം ബാധിച്ചു കിടന്ന കൊട്ടാരത്തിലും പോയിരുന്നു.
വായന ഇപ്പോൾ കടന്നുപോകുന്നത് പതിനാറാം നൂറ്റാണ്ടിൽ സ്പാനിഷ് ഭാഷയിൽ പിറന്ന 'ഡോൺ ക്വിക്സോട്ട്' എന്ന ബൃഹത്തായ നോവലിലൂടെയാണ്.
അമേരിക്കയിലെ എഡിത്ത് ഗ്രോസ് മാൻ ഇംഗ്ളീഷിലേക്കു മൊഴിമാറ്റിയ കൃതിയിലൂടെ കടന്നുപോകുമ്പോഴും ചിന്തകളിൽ വന്നു മുട്ടുന്നത് സ്പെയിനിൽ കൊവിഡിൽ മരിച്ചവരുടെ കൂട്ടക്കുഴിമാടങ്ങളാണ്. സ്കോട്ട്ലന്റ് യാത്രാവേളയിൽത്തന്നെ അടുത്തയാത്ര സ്പെയിനിലേക്കെന്ന് തീരുമാനിച്ചിരുന്നു. ഉറ്റവരെയോർത്ത് കണ്ണീർ പൊഴിക്കുന്ന ആ നാട് നാളെ എങ്ങനെ ആയിരിക്കാം? ഇനിയങ്ങോട്ട് സ്വതന്ത്രമായി യാത്ര ചെയ്യാൻ പറ്റില്ലെന്ന സി.വിയുടെ സങ്കടം ചെറുതല്ല. മനുഷ്യൻ മുഖംമൂടിയിലായി. ജീവിതം മാറിമറിയുകയാണ്. നൂറ്റാണ്ടുകൾ കൊണ്ട് നേടിയതൊക്കെയും മഹാമാരിക്ക് മുമ്പിൽ അടിയറവ് വയ്ക്കേണ്ടിവരുന്ന മനുഷ്യന്റെ നിസഹായതയുടെ ആകുലതയാണ് സി. വി. പങ്കുവെക്കുന്നത്.
മീൻതേടിയുള്ള യാത്രാനുഭവങ്ങൾ വായനക്കാരുമായി പങ്കുവച്ചിട്ടുള്ള നോവലിസ്റ്റിന് മീൻകറിയുടെ രുചിയാണ് കൊവിഡ് കാലത്ത് നഷ്ടപ്പെട്ട മറ്റൊരു ഇഷ്ടം.