tiger-shrimp

 30% മാത്രം പരിശോധിക്കാൻ നിലവിൽ ഇളവ്

കൊച്ചി: ഇന്ത്യയിൽ നിന്നുള്ള കാരച്ചെമ്മീനിന്റെ ഗുണനിലവാര പരിശോധന ജപ്പാൻ പൂ‌ർണമായി ഒഴിവാക്കിയേക്കും. നിലവിൽ, ഇറക്കുമതി ചെയ്യുന്ന കാരച്ചെമ്മീനിന്റെ 30 ശതമാനം മാത്രം പരിശോധിച്ചാൽ മതിയെന്ന് ജപ്പാൻ ഭരണകൂടം നിർദേശിച്ചിട്ടുണ്ട്. വൈകാതെ പരിശോധന പൂർണമായി ഒഴിവാക്കിയേക്കും.

ജപ്പാനിൽ നിന്നുള്ള രണ്ടംഗ വിദഗ്ദ്ധസംഘം മാർച്ച് ആദ്യവാരം ഇന്ത്യയിലെത്തി കാരച്ചെമ്മീനിന്റെ ഹാച്ചറികൾ, കൃഷിയിടങ്ങൾ, സംസ്‌കരണ കേന്ദ്രങ്ങൾ എന്നിവ സന്ദർശിച്ച് റിപ്പോർട്ട് നൽകിയിരുന്നു. ഇവരുടെ പരിശോധനയിൽ കൃത്രിമ ആന്റിബാക്‌ടീരിയൽ മരുന്നായ ഫ്യൂറോസോളിഡോൺ കണ്ടെത്തിയിരുന്നില്ല. തുടർന്നാണ്, ജാപ്പനീസ് ആരോഗ്യ മന്ത്രാലയം പരിശോധനാ ഇളവ് നൽകിയത്.

ഇന്ത്യയിലെ ജപ്പാൻ ഏംബസി, എക്‌സ്‌പോർട്ട് ഇൻസ്‌പെക്‌ഷൻ കൗൺസിൽ ഒഫ് ഇന്ത്യ, സമുദ്രോത്പന്ന കയറ്റുമതി വികസന അതോറിറ്റി (എംപെഡ) എന്നിവയ്ക്ക് ഇതു സംബന്ധിച്ച അറിയിപ്പ് കിട്ടിയെന്ന് എംപെഡ ചെയർമാൻ കെ.എസ്. ശ്രീനിവാസ് പറഞ്ഞു.

സ്വാദൂറും ചെമ്മീൻ

ആഗോളതലത്തിൽ ഇന്ത്യൻ കാരച്ചെമ്മീനിന് നല്ല ഡിമാൻഡുണ്ട്. കയറ്റുമതിയുടെ 40 ശതമാനവും ജപ്പാനിലേക്കാണ്. അമേരിക്കയും യൂറോപ്പുമാണ് മറ്റു പ്രമുഖ വിപണികൾ.

പുതിയ ഊർജം

എംപെഡയുടെ എറണാകുളം വല്ലാർപാടത്തെ മൾട്ടി സ്‌പീഷീസ് അക്വാ കൾച്ചർ കോംപ്ളക്‌സിൽ മികച്ച ഗുണനിലവാരമുള്ള കാരച്ചെമ്മീൻ കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കുന്നുണ്ട്. മികച്ച വളർച്ചയുള്ളതും രോഗരഹിതവുമാണിവ. വനാമി ചെമ്മീനിന്റെ കടന്നുകയറ്റം മൂലം കാരച്ചെമ്മീനിന്റെ കൃഷിയും കയറ്റുമതിയും കുറഞ്ഞിരുന്നു. പരിശോധനാ ഇളവ് നൽകിയ ജപ്പാന്റെ നടപടി, കാരച്ചെമ്മീനിന് പുതിയ ഊർജം നൽകുമെന്നാണ് പ്രതീക്ഷ.