nirmala

ന്യൂഡൽഹി: കൊവിഡ്-19 സൃഷ്‌ടിച്ച സാമ്പത്തിക ആഘാതം മറികടക്കാൻ കേന്ദ്ര ധനമന്ത്രാലയം രണ്ടാം രക്ഷാപാക്കേജ് വൈകാതെ പ്രഖ്യാപിച്ചേക്കും. പാക്കേജ് തയ്യാറാക്കുന്നത് സംബന്ധിച്ച് ധനമന്ത്രി നിർമ്മല സീതാരാമൻ ധനമന്ത്രാലയത്തിലെയും പ്രധാനമന്ത്രിയുടെ ഓഫീസിലെയും ഉന്നത ഉദ്യോഗസ്ഥരുമായി നിർണായക ചർച്ചകൾ നടത്തുന്നുണ്ട്. അതേസമയം, രണ്ടാം രക്ഷാ പാക്കേജ് സംബന്ധിച്ച് ഔദ്യോഗികമായി സർക്കാർ പ്രതികരിച്ചിട്ടില്ല.

നീണ്ട ലോക്ക് ഡൗൺ, രാജ്യത്തെ മാനുഫാക്‌ചറിംഗ്, സേവന മേഖലകളെ കടുത്ത സമ്പദ്‌പ്രതിസന്ധിയിലേക്ക് തള്ളിയിട്ടുണ്ട്. ഇതിനു പരിഹാരം കാണുകയാകും രണ്ടാം രക്ഷാ പാക്കേജിന്റെ ലക്ഷ്യമെന്ന് കരുതുന്നു. സ്‌റ്റീൽ, സിമന്റ്, വാഹന നിർ‌മ്മാണ ഫാക്‌ടറികളെല്ലാം പൂട്ടിക്കിടപ്പാണ്. റെയിൽവേ, വ്യോമയാനം, ഹോട്ടലുകൾ തുടങ്ങിയവയും പ്രവർത്തിക്കുന്നില്ല. ഇവയ്‌ക്കാകും രണ്ടാം പാക്കേജിൽ മുൻഗണന ലഭിച്ചേക്കുക.

മാർച്ച് 26ന് ധനമന്ത്രി നിർമ്മല സീതാരാമൻ 1.70 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചിരുന്നു. 8.6 കോടി കർഷകർക്ക് 2,000 രൂപ വീതം ധനസഹായം, 20 കോടി വനിതകൾക്ക് ജൻധൻ അക്കൗണ്ടിലൂടെ 500 രൂപവീതം, ആരോഗ്യപ്രവർത്തകർക്ക് 50 ലക്ഷം രൂപയുടെ ഇൻഷ്വറൻസ്, 80 കോടിപ്പേർക്ക് അഞ്ചുകിലോ അധികധാന്യം തുടങ്ങിയ ആശ്വാസപദ്ധതികളാണ് ധനമന്ത്രി പ്രഖ്യാപിച്ചത്.

ഇതിന്റെ ചുവടുപിടിച്ച്, ധന അവലോകന നയ യോഗം നേരത്തേയാക്കി, റിസർവ് ബാങ്ക് റിപ്പോ നിരക്കിൽ 0.75 ശതമാനവും കരുതൽ ധന അനുപാതത്തിൽ ഒരു ശതമാനവും ഇളവുൾപ്പെടെ മൊത്തം 3.74 ലക്ഷം കോടി രൂപയുടെ പണലഭ്യത ഉറപ്പാക്കുന്ന പ്രഖ്യാപനവും നടത്തിയിരുന്നു. ഒന്നാം പാക്കേജും റിസർവ് ബാങ്ക് പകർന്ന ആശ്വാസവും കണക്കിലെടുത്താകും കേന്ദ്രം രണ്ടാംപാക്കേജ് തയ്യാറാക്കുക.