വാഷിംഗ്ടൺ / ലണ്ടൻ : കൊവിഡ് ബാധ മൂലം ലോകരാജ്യങ്ങൾ ലോക്‌ഡൗൺ പ്രഖ്യാപിച്ചതിനാൽ സ്വന്തം നാട്ടിലേക്ക് തിരിച്ചുപോകാനാവാതെ ലക്ഷക്കണക്കിനാളുകളാണ് പലയിടങ്ങളിലായി കുടുങ്ങിക്കിടക്കുന്നത്. ഇതിനിടെ, പ്രത്യേക വിമാനങ്ങൾ അയച്ച് ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് തങ്ങളുടെ പൗരന്മാരെ തിരിച്ചെത്തിക്കാനുള്ള ശ്രമത്തിലാണ് അമേരിക്കയും ബ്രിട്ടനും. 22,000ലേറെ അമേരിക്കൻ പൗരന്മാർ വിവിധ രാജ്യങ്ങളിലായി കുടുങ്ങിക്കിടക്കിടപ്പുണ്ട്. ഇതിൽ ഭൂരിഭാഗവും ഇന്ത്യയിലാണ്. വൈറസ് വ്യാപനം തുടങ്ങിയതിന് ശേഷം 60 രാജ്യങ്ങളിൽ നിന്നായി 4000ത്തിലേറെപ്പേരെ അമേരിക്ക നാട്ടിലെത്തിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ വിദേശത്ത് നിന്ന് പൗരന്മാരെ കൊണ്ടുവരാനായി 70 ഓളം വിമാനങ്ങൾ അയക്കാനാണ് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ആലോചിക്കുന്നതെന്ന് കോൺസുലാർ അഫയേഴ്‍സ് പ്രിൻസിപ്പൽ ഡെപ്യൂട്ടി അസിസ്റ്റന്റ് സെക്രട്ടറി ഇയാൻ ബ്രൗൺലി പറഞ്ഞു.
ഈ മാസം എട്ട്, 10, 12 തീയതികളിൽ ഇന്ത്യയിൽ കുടുങ്ങിയവരെ കൊണ്ടുപോകാനായി പ്രത്യേക വിമാനം ലണ്ടനിൽ നിന്ന് ഗോവയിലെത്തും. ഒൻപത്, 11 തീയതികളിൽ മുംബയിൽ നിന്നും ഡൽഹിയിൽ നിന്നും വിമാനമുണ്ടാകും.