sindhu

തുടർച്ചയായ മൂന്നാംവർഷവും പി.വി സിന്ധു ലോക ബാഡ്മിന്റൺ ചാമ്പ്യനായി തുടർന്നേക്കും

കൊവിഡ് 19 വന്നത് ഇന്ത്യൻ വനിതാ ബാഡ്മിന്റൺ താരം പി.വി സിന്ധുവിന് തന്റെ ലോകചാമ്പ്യൻപദവി ഒരു വർഷം കൂടി തുടരാൻ വഴിയൊരുക്കിയേക്കും.

2006 മുതൽ ഒാരോ വർഷവും ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് നടത്താറുണ്ട്. എന്നാൽ ഒളിമ്പിക്സ് ഉള്ള വർഷങ്ങളിൽ ലോക ചാമ്പ്യൻഷിപ്പ് വയ്ക്കാറില്ല.തൊട്ടടുത്ത വർഷമാണ് പിന്നീട് നടത്തുക.അതിനാൽ ഒളിമ്പിക് വർഷത്തിന് മുമ്പ് ലോകചാമ്പ്യരാകുന്നവർക്ക് ഇൗ രണ്ട് വർഷവും അതേ നിലയിൽ തുടരാം.

2019ലാണ് സിന്ധു ലോകചാമ്പ്യനായത്. ഇൗ വർഷം ഒളിമ്പിക്സ് നിശ്ചയിച്ചിരുന്നതിനാൽ ലോക ചാമ്പ്യൻഷിപ്പ് നടത്തുന്നില്ല. എന്നാൽ കൊവിഡ് കാരണം ഒളിമ്പിക്സ് അടുത്തവർഷത്തേക്ക് മാറ്റിയത് 2021ലും ലോക ചാമ്പ്യൻഷിപ്പിന് തടസമായിരിക്കുകയാണ്.

ഒളിമ്പിക് വർഷത്തിലും ലോകചാമ്പ്യൻഷിപ്പ് നടത്താൻ ലോക ബാഡ്മിന്റൺ ഫെഡറേഷൻ തീരുമാനിച്ചാൽ മാത്രമേ ഇക്കാര്യത്തിൽ വ്യത്യാസമുണ്ടാകൂ. എന്നാൽ ആഗസ്റ്റ് മാസത്തിലാണ് സാധാരണ ഗതിയിൽ ലോക ചാമ്പ്യൻഷിപ്പ് നടക്കുക. 2021 ആഗസ്റ്റിൽ നിശ്ചയിച്ചിരിക്കുന്ന അടുത്ത ചാമ്പ്യൻഷിപ്പ് ഒളിമ്പിക്സ് കാരണം മാറ്റിയേ മതിയാകൂ.തുടർന്ന് നവംബർ വരെ മറ്റ് ടൂർണമെന്റുകൾ ചാർട്ട് ചെയ്തിരിക്കുന്നതിനാൽ ലോക ചാമ്പ്യൻഷിപ്പ് നടത്താനുമാവില്ല. 2022 ലേ ഇനി ലോകചാമ്പ്യൻഷിപ്പ് നടക്കാൻ സാദ്ധ്യതയുള്ളൂ. അതുവരെ സിന്ധുവിന് ലോകചാമ്പ്യനായി തുടരാനാകും.

അതേസമയം ആൾ ഇംഗ്ളണ്ട് ചാമ്പ്യൻഷിപ്പ് കഴിഞ്ഞ് ഇന്ത്യയിൽ തിരിച്ചെത്തിയ സിന്ധു ഇന്നലെ തന്റെ ഹോം ക്വാറന്റൈൻ കഴിഞ്ഞ സന്തോഷത്തിലാണ്. ഇംഗ്ളണ്ടിൽ നിന്ന് മാർച്ച് 14ന് മടങ്ങിയെത്തിയ സിന്ധുവിന്റെ ഗൃഹനിരീക്ഷണം മാർച്ച് 28ന് അവസാനിക്കേണ്ടതായിരുന്നുവെങ്കിലും ഇംഗ്ളണ്ടിലെത്തും മുമ്പ് സ്പെയ്നിലും മറ്റും പോയിരുന്നതിനാൽ ഏപ്രിൽ അഞ്ചുവരെ നിരീക്ഷണത്തിൽ തുടരാൻ സിന്ധുവിനോട് ആരോഗ്യവകുപ്പ് അധികൃതർ ആവശ്യപ്പെടുകയായിരുന്നു.

2015ൽ പരിക്കിനെത്തുടർന്ന് എനിക്ക് അഞ്ചുമാസം കോർട്ടിൽ നിന്ന് വിട്ടുനിൽക്കേണ്ടിവന്നിരുന്നു.അതിന് ശേഷം ആദ്യമായാണ് മൂന്നാഴ്‌ച കോർട്ട് കാണാതിരിക്കുന്നത്. ക്വാറന്റൈൻ കഴിഞ്ഞയുടനെ ചേച്ചിയുടെ മകളെ കാണാൻ ഒാടിച്ചെല്ലുകയായിരുന്നു.

പി.വി സിന്ധു