gold

കൊച്ചി: കൊവിഡ്-19 മഹാമാരി ആഗോളതലത്തിൽ സമ്പദ്‌വ്യവസ്ഥയെ തകർത്തെറിഞ്ഞിട്ടും ഒരാൾ മാത്രം സന്തോഷത്തിലാണ്! മറ്രാരുമല്ലത്, നമ്മുടെ പൊന്ന് തന്നെ! കൊവിഡ്-19 ഭീതിവിതച്ച 2020ൽ ഇതുവരെ ഏറ്റവുമധികം നേട്ടമുണ്ടാക്കിയത് ട്രഷറികളാണ്. രണ്ടാംസ്ഥാനത്താണ് സ്വർണം. ഡോളർ മൂന്നാംസ്ഥാനത്തുണ്ട്.

എന്നാൽ, ആഗോളതലത്തിൽ നിക്ഷേപകർക്ക് ഏറെ പ്രിയമെന്ന നിലയിൽ സ്വർണം മുന്നേറുകയാണ്. ട്രഷറികളിലും ഡോളറിലും കനത്ത ചാഞ്ചാട്ടമുണ്ട്. അതേസമയം, സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണം സ്ഥിരതയോടെ മുന്നേറുകയാണ്. നിക്ഷേപകർക്ക് ഇതിനകം 6 ശതമാനം ലാഭം സ്വ‌ർണം നൽകി. ആഗോള ഓഹരി വിപണികളിൽ നിന്ന് 2020ൽ ഇതുവരെ 16 ലക്ഷം കോടി ഡോളറിന്റെ (ഏകദേശം 1,208 ലക്ഷം കോടി രൂപ) നിക്ഷേപം ഇടിഞ്ഞു.

ഇന്ത്യൻ ഓഹരി സൂചികയായ സെൻസെക്‌സ് കുറിച്ചത് 52 ലക്ഷം കോടി രൂപയ്ക്കുമേൽ മൂല്യത്തകർച്ചയാണ്. ക്രൂഡോയിൽ വില 60 ശതമാനത്തോളം ഇടിഞ്ഞു. രൂപയടക്കം വികസ്വര രാജ്യങ്ങളിലെ കറൻസികളുടെ മൂല്യം 25 ശതമാനത്തോളം കുറഞ്ഞു. ബാരലിന് 60-80 ഡോളർ വരെയായിരുന്ന ക്രൂഡോയിൽ വില ഇടിഞ്ഞത് 19 ഡോളറിലേക്ക്. (കഴിഞ്ഞവാരം വില 28-34 ഡോളറിലേക്ക് തിരിച്ചുകയറി).

2008-09ലെ ആഗോള മാന്ദ്യകാലത്ത്, സ്വ‌ർണവില ഔൺസിന് 20 ശതമാനം വരെ ഇടിഞ്ഞെങ്കിലും സുരക്ഷിത നിക്ഷേപമെന്ന നിലയിൽ അതിവേഗം നേട്ടത്തിലേക്ക് കയറിയിരുന്നു. 2008 സെപ്‌തംബർ-ഡിസംബറിലെ 20 ശതമാനം ഇടിവിൽ നിന്ന് 2009ലെ സമാനകാലയളവ് ആയപ്പോഴേക്കും സ്വർണവില 40 ശതമാനത്തോളം മുന്നേറി.

ഇനി കുതിപ്പിന്റെ കാലം

സ്വ‌ർണവില വരുംനാളുകളിൽ കുതിക്കുമെന്നാണ് പ്രമുഖ ധനകാര്യ സ്ഥാപനമായ സിറ്റി ഗ്രൂപ്പ് അടക്കം പ്രവചിക്കുന്നത്. 2011ൽ രാജ്യാന്തര വില ഔൺസിന് റെക്കാഡായ 1,921.17 ഡോളറായിരുന്നു. കഴിഞ്ഞ വാരാന്ത്യം വില 1,612 ഡോളറാണ്. 2021ൽ വില 2,000 ഡോളർ കടന്നേക്കും.

മാർച്ച് ആറിന് കുറിച്ച, ഗ്രാമിന് 4,040 രൂപയും പവന് 32,320 രൂപയുമാണ് കേരളത്തിലെ റെക്കാഡ്. ഇന്നലെ വില ഗ്രാമിന് 4,000. പവന് 32,000. ലോക്ക്‌ഡൗൺ ആയിട്ടും വില കൂടുകയാണ്. ലോക്ക്ഡൗൺ കഴിഞ്ഞാലും വില കൂടിയേക്കുമെന്ന് വിതരണക്കാർ പറയുന്നു.