kohli-piterson

റോയൽ ചലഞ്ചേഴ്സ് ബാംഗ്ളൂരിന്റെ പ്രകടനത്തെപ്പറ്റി കെവിൻ പീറ്റേഴ്സണുമായി വിരാട് കൊഹ്‌ലിയുടെ ഇൻസ്റ്റഗ്രാം ചാറ്റ്

" ഒാരോ സീസണിലും കിരീടം കിട്ടുമെന്ന പ്രതീക്ഷയോടെയാണ് കളിക്കാനിറങ്ങുന്നത് . എന്നാൽ പ്രതീക്ഷകളുടെ ഇൗ അമിത ഭാരം തന്നെ ഞങ്ങളെ മാനസികമായി തളർത്തിക്കളയും." - പയുന്നത് ഐ.പി.എൽ ക്ളബ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ളൂരിന്റെ ക്യാപ്ടൻ വിരാട് കൊഹ്‌ലിയാണ്. മുൻ ഇംഗ്ളണ്ട് നായകൻ കെവിൻ പീറ്റേഴ്സണുമായുള്ള ഇൻസ്റ്റഗ്രാം ചാറ്റിലാണ് ഇന്ത്യൻ ക്യാപ്ടൻ കൂടിയായ വിരാട് തന്റെ ധർമ്മസങ്കടങ്ങൾ വ്യക്തമാക്കിയത്.

വിരാടിന്റെ ചാറ്റിൽ നിന്ന്

എന്തെങ്കിലും വേണമെന്ന് അതിയായി ആഗ്രഹിച്ചാൽ അത് നമ്മിൽ നിന്ന് അകന്നുപൊയ്ക്കൊണ്ടേയിരിക്കുമെന്ന സ്ഥിതിയാണ് ഞങ്ങൾക്ക്. കിരീടം കിട്ടാത്തത് ഒാരോ വർഷവും സമ്മർദ്ദം വർദ്ധിപ്പിച്ചുകൊണ്ടേയിരിക്കുന്നു.

എല്ലാസീസണും തുടങ്ങുമ്പോൾ ഇത്തവണ എന്താലയാലും നേടുമെന്ന് കരുതും. പക്ഷേ കഥ പഴയതുതന്നെ.കിരീടപ്രതീക്ഷകളുടെ ഭാരമില്ലാതെ സന്തോഷത്തോടെ കളിക്കാൻ കഴിയുന്നേയില്ല.

ആരാധകരെയും കുറ്റം പറഞ്ഞിട്ടുകാര്യമില്ല. കൊഹ്‌ലി,ഡിവില്ലിയേഴ്സ്,ക്രിസ് ഗെയ്ൽ തുടങ്ങിയ പേരുകൾ കേൾക്കുമ്പോൾതന്നെ അവർ പലതും പ്രതീക്ഷിക്കും.

ഞങ്ങൾ ഒരിക്കൽപോലും കിരീടം നേടാത്തതിനാൽ മൂന്ന് തവണ ഫൈനലിലെത്തി എന്ന് മേനി നടിക്കുന്നതിൽ ഒരു കാര്യവുമില്ല.

എത്ര മികച്ച ടീമാണെങ്കിലും കിരീടം നേടിയാലേ അത് സ്ഥാപിക്കാനാകൂ. ഒരിക്കലെങ്കിലും ചാമ്പ്യൻസ് ആകാനുള്ള എല്ലായോഗ്യതയും ഞങ്ങൾക്കുണ്ട്. അത് ന‌ടക്കുക തന്നെ ചെയ്യും.

മൂന്ന് തവണ ഫൈനലിൽ കളിച്ചിട്ടും ഇതുവരെ കിരീടം നേടാൻ കഴിയാത്തവരാണ് ആർ.സി.ബി. 12 സീസണുകൾ പിന്നിട്ട ഐ.പി.എല്ലിൽ നിലവിൽ കളിക്കുന്നവരിൽ മൂന്ന് ക്ളബുകൾക്ക് മാത്രമാണ് കിരീടം നേടാൻ കഴിയാത്തത്. ഡൽഹിയും പഞ്ചാബ് കിംഗ്സുമാണ് മറ്റ് രണ്ട് ടീമുകൾ.