thankachan-

 കേരളത്തിനു പുറത്ത് ഇതുവരെ മരിച്ചത് 12 മലയാളികൾ  ഇന്നലെ മാത്രം മൂന്ന് മരണം  274 ജില്ലകൾ കൊവിഡ് ബാധിതം

ന്യൂഡൽഹി/ തിരുവനന്തപുരം: രാജ്യത്ത് കൊവിഡ് മരണസംഖ്യ 100 പിന്നിട്ടതിന്റെ ആശങ്കകൾക്കിടെ,​ വൈറസ് ബാധിതരായി കേരളത്തിനു പുറത്ത് മരണമടയുന്ന മലയാളികളുടെ എണ്ണം വർദ്ധിക്കുന്നു. ഇന്ത്യയിൽ ഇന്നലെ രാത്രി വരെ കൊവിഡ് മരണങ്ങൾ 106 ആയതായാണ് അനൗദ്യോഗിക റിപ്പോർട്ട്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് മരണസംഖ്യ 83 ആണ്.

അതേസമയം,​ ഇന്നലെ മാത്രം വിദേശത്ത് മൂന്നു മലയാളികൾ കൊവിഡ് ബാധിതരായി മരിച്ചു. ഇതോടെ കേരളത്തിനു പുറത്ത് വൈറസ് ബാധ കാരണം മരണമടഞ്ഞ മലയാളികളുടെ എണ്ണം 12 ആയി.

അമേരിക്കയിലെ ന്യൂയോർക്കിൽ തൊടുപുഴ മുട്ടം സ്വദേശി ഇഞ്ചനാട്ട് തങ്കച്ചൻ (51)​,​ പത്തനംതിട്ട തിരുവല്ല കടപ്ര വളഞ്ഞവട്ടം വലിയ പറമ്പിൽ തൈക്കടവിൽ സജി ഏബ്രാഹാമിന്റെ മകൻ ഷോൺ എസ് ഏബ്രഹാം (21),​ അയർലണ്ടിൽ നഴ്സായ കോട്ടയം കുറുപ്പന്തറ പഴംചിറയിൽ ബീനാ ജോർജ് (58) എന്നിവരാണ് ഇന്നലെ കൊവിഡിനു കീഴടങ്ങിയത്. സൗദി അറേബ്യയിൽ ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി പുതിയാകാത്ത് സഫ്‍വാൻ ശനിയാഴ്ച രാത്രിയിലാണ് മരിച്ചത്.

ന്യൂയോർക്ക് മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് അതോറിട്ടി ഉദ്യോഗസ്ഥനായിരുന്ന തങ്കച്ചൻ മാർച്ച് 31 ന് പനിയെ തുടർന്ന് ആശുപത്രിയിലെത്തിയെങ്കിലും മരുന്നു നൽകി മടക്കി. പിറ്റേന്ന് രോഗം മൂർച്ഛിച്ച നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ പരിശോധനകളിൽ കൊവിഡ് 19 സ്ഥിരീകരിച്ചു. വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ പുലർച്ചെ മരണമടയുകയായിരുന്നു.

ന്യൂയോർക്കിൽത്തന്നെ എൽമണ്ടിൽ ഡിഗ്രി വിദ്യാ‌ർത്ഥിയാണ് ഇന്നലെ ഉച്ചയ്‌ക്ക് മരണമടഞ്ഞ ഷോൺ എബ്രഹാം. നാലു ദിവസം മുമ്പാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. അയർലണ്ടിൽ മരിച്ച കോട്ടയം സ്വദേശി ബീന ജോർജ് ദ്രോഗഡ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സ് ആയിരുന്നു. അർബുദ രോഗി കൂടിയായ ബീനയ്‌ക്ക് രണ്ടു ദിവസം മുൻപാണ് കൊവിഡ് സ്ഥിരീകരിച്ചത്.

റിയാദിൽ ശനിയാഴ്‌ച രാത്രി മരണമടഞ്ഞ മലപ്പുറം സ്വദേശി സഫ്‌വാൻ അഞ്ചു ദിവസമായി സൗദി ജർമ്മൻ ആശുപത്രിയിൽ കൊവിഡ് 19 ന് ചികിത്സയിലായിരുന്നു. ഒരു മാസം മുമ്പ് സന്ദർശക വിസയിൽ സൗദിയിലെത്തിയ ഭാര്യ ഖമറുന്നീസ ഇതേ രോഗലക്ഷണങ്ങളുമായി ഇപ്പോൾ ആശുപത്രിയിലാണ്. കണ്ണൂർ പാനൂർ സ്വദേശി ഷബ്നാസ് സൗദിയിലെ ആശുപത്രിയിൽ ഒരാഴ്ച മുമ്പ് മരണമടഞ്ഞിരുന്നു. അമേരിക്കയിൽ നാലും ബ്രിട്ടനിൽ രണ്ടും മലയാളികൾ കഴിഞ്ഞ ദിവസങ്ങളിലാണ് മരിച്ചത്. മുംബയിലും ദുബായിലും നേരത്തെ ഒരാൾ വീതം മരിച്ചു.

രാജ്യത്ത് കൊവിഡ്

രോഗികൾ 3374

ഇന്നലെ സ്ഥിരീകരിച്ചത്-505

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് രാജ്യത്ത് കൊവിഡ് ബാധിതരുടെ ആകെ എണ്ണം 3577 ആണ്. എന്നാൽ,​ രോഗം ബാധിച്ചവരുടെ സംഖ്യ 3800 കടന്നതായാണ് അനൗദ്യോഗിക റിപ്പോർട്ടുകൾ.

 കൂടുതൽ മരണം മഹാരാഷ്‌ട്രയിൽ: 36

 തമിഴ്‌നാട്ടിൽ ഇന്നലെ രണ്ടു മരണം,​ ആകെ 5

 ഗുജറാത്തിൽ മരണം-11

 പഞ്ചാബിൽ മരണം- 6

കൊവിഡ് സംശയിക്കുന്നയാൾ ഡൽഹി എയിംസ് കെട്ടിടത്തിനു മുകളിൽ നിന്ന് ചാടി ആത്മഹത്യയ്‌ക്ക് ശ്രമിച്ചു

 മഹാരാഷ്‌ട്രയിൽ വൈറസ് വ്യാപനത്തിന് ഇടയാക്കിയെന്ന കുറ്റത്തിന് 10 ഫിലിപ്പൈൻസ് സ്വദേശികൾക്കെതിരെ കേസ്