യാത്ര മുടങ്ങിയത് ഒരുമണിക്കൂർ
ഹരിപ്പാട്: കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി തിരുവനന്തപുരത്തു നിന്ന് കാസർകോട്ടേക്ക് പുറപ്പെട്ട മെഡിക്കൽ സംഘം സഞ്ചരിച്ച കെ.എസ്.ആർ.ടി.സി എ.സി ലോ ഫ്ളോർ ബസ് ഹരിപ്പാട് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപം തകരാറിലായി.
രാവിലെ 11 മണിയോടെയാണ് ബസ് ഹരിപ്പാട്ടെത്തിയത്. സംഘാംഗങ്ങൾ ചെറിയ വിശ്രമത്തിനായി പുറത്തിറങ്ങിയ ശേഷം വീണ്ടും യാത്ര തുടരാൻ ഒരുങ്ങവേയാണ് ബാറ്ററി തകരാർ ബസ് ജീവനക്കാരുടെ ശ്രദ്ധയിൽപ്പെടുന്നത്. ലോക്ക്ഡൗൺ കാരണം ഡിപ്പോ അവധിയായതിനാൽ മെക്കാനിക്കൽ ജീവനക്കാരെ കിട്ടിയില്ല. എന്നാൽ അവധിയിലായിരുന്ന ജീവനക്കാർ മെഡിക്കൽ സംഘത്തിന്റെ അഭ്യർത്ഥന മാനിച്ച് സ്ഥലത്തെത്തി. ഹരിപ്പാട്ടെ സന്നദ്ധ സേവകരുടെ സംഘടനയായ 'ഹർട്ടി'ന്റെ പ്രവർത്തകരും ഇവർക്കൊപ്പം കൂടി. തുടർന്ന് ഡിപ്പോയിലെ മറ്റൊരു വാഹനത്തിന്റെ ബാറ്ററി ഊരി മെഡിക്കൽ സംഘത്തിന്റെ ബസിൽ ഘടിപ്പിക്കുകയായിരുന്നു. ഒരു മണിക്കൂറിനു ശേഷമാണു 25 പേർ അടങ്ങുന്ന മെഡിക്കൽ സംഘം യാത്ര തുടർന്നത്.
കാസർകോട് ജില്ലയിലെ കോവിഡ് ചികിത്സയുമായി ബന്ധപ്പെട്ട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നുള്ള സംഘം ഇന്നലെ രാവിലെയാണ് യാത്ര തിരിച്ചത്. ആരോഗ്യ മന്ത്രി കെ.കെ. ശൈലജയാണ് യാത്ര ഫ്ലാഗ് ഒഫ് ചെയ്തത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗം ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. എസ്.എസ്. സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ 10 ഡോക്ടർമാരും 10 നഴ്സുമാരും അഞ്ച് നേഴ്സിംഗ് അസിസ്റ്റന്റുമാരുമാണ് ചികിത്സാ സംഘത്തിലുള്ളത്.