vk-prashanth

തിരുവനന്തപുരം: കൊവിഡ് 19 വൈറസ് രോഗത്തിനെ പ്രതിരോധിക്കാനുള്ള ഹോമിയോ മരുന്നുകൾ വിതരണം ചെയ്യുന്നു എന്ന് പറഞ്ഞുകൊണ്ടുള്ള വട്ടിയൂർക്കാവ് എം.എൽ.എ വി.കെ പ്രശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദത്തിൽ. പോസ്റ്റിനൊപ്പം 'കോവിഡ് ഹോമിയോ പ്രിവന്റീവ് മെഡിസിൻ' എന്നൊരു രജിസ്‌ട്രേഷൻ സൈറ്റിലേക്കുള്ള ലിങ്കും എം.എൽ.എ നൽകിയിട്ടുണ്ട്. ഹോമിയോ മെഡിക്കല്‍ കോളജ്, ഹോമിയോപ്പതി ഡിപ്പാര്‍ട്ട്മെന്റ് എന്നിവയുമായി ചേര്‍ന്നാണ് ഈ പദ്ധതിയെന്നും എം.എല്‍.എ പറയുന്നുണ്ട്.

ഡോക്ടർമാരുൾപ്പെടെ നിരവധി പേർ സി.പി.എം എം.എൽ.എക്കെതിരെ പ്രതിഷേധവുമായി രംഗത്ത് വന്നിരിക്കുകയാണ് ഇപ്പോൾ. പ്രശാന്ത് 'കലക്കവെള്ളത്തിൽ മീൻ പിടിക്കുകയാണെ'ന്നും 'മരുന്നിന്റെ കാര്യത്തിൽ തെളിവ് നൽകാൻ എം.എൽ.എ തയ്യാറാകണ'മെന്നുമാണ് ഫേസ്ബുക്ക് പോസ്റ്റിനു താഴെയായി ഇവർ അഭിപ്രായപ്പെടുന്നത്.

രോഗത്തെ പ്രതിരോധിക്കാൻ ഹോമിയോ മരുന്ന് സഹായകമാകുമെന്ന് എവിടെയാണ് പറഞ്ഞിട്ടുള്ളതെന്നും ഇക്കാര്യത്തിൽ എന്ത് ഉറപ്പാണ് എം.എൽ.എയ്ക്ക് നൽകാനുള്ളതെന്നും കമന്റുകളിലൂടെ ഡോക്ടർമാരും ചോദിക്കുന്നു. എന്നാൽ കമന്റ് ബോക്സിലൂടെ തന്നെ എം.എൽ.എ ചോദ്യങ്ങൾക്ക് മറുപടിയും നൽകിയിട്ടുണ്ട്. വൈറസ് രോഗങ്ങൾക്കെതിരെയുള്ള ശരീരത്തിന്റെ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനാണ് മരുന്ന് ഉപയോഗിക്കുന്നതെന്നും താത്പര്യമുള്ളവർക്ക് മാത്രം മരുന്ന് ഉപയോഗിക്കാമെന്നുമാണ് വി.കെ പ്രശാന്ത് കമന്റിലൂടെ പറഞ്ഞിരിക്കുന്നത്.