കൊവിഡ് 19 രോഗത്തിനെതിരെ പോരാടാനായി പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും ഒപ്പം നിന്നുകൊണ്ട് ഇന്ന് രാത്രി ഒൻപത് മണിക്ക് താൻ ദീപം തെളിക്കുമെന്ന് സിനിമാ സംവിധായകൻ പ്രിയദർശൻ. ദീപം തെളിക്കുന്നത് വൈറസിനെ കൊല്ലില്ല, പക്ഷെ അത് രാജ്യത്തിന്റെ നാനാത്വത്തില്‍ ഏകത്വം എന്ന ആശയത്തെ ശക്തിപ്പെടുത്താൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ ജനങ്ങളുടെ കീർത്തി ഉയർത്തുകയെന്നതും അവരുടെ ആത്മബലം വർധിപ്പിക്കുക എന്നതുമാണ് പ്രധാനമന്ത്രി ദീപം തെളിക്കാൻ ആഹ്വാനം ചെയ്തതിലൂടെ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഈ സമയത്ത് അദ്ദേഹത്തെ വിമർശിക്കുന്നവർക്ക് സ്വയം രാജ്യസ്നേഹി എന്ന് വിളിക്കാൻ സാധിക്കില്ലെന്നും പ്രിയദർശൻ പറയുന്നു.
കൊവിഡ് പ്രതിരോധിക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തോട് ആഹ്വാനം ചെയ്ത ദീപം തെളിക്കൽ ഇന്നാണ്. രാത്രി 9 മണിക്ക് 9 മിനിട്ട് ലൈറ്റുകളെല്ലാം അണച്ച് ദീപം തെളിക്കാൻ മറക്കരുതെന്ന് പ്രധാനമന്ത്രി വീണ്ടും ഓർമ്മിപ്പിച്ചിരുന്നു. ഒമ്പത് മണിക്ക് ഒമ്പത് മിനിട്ട് മറക്കരുതെന്ന് പ്രധാനമന്ത്രിയും കേന്ദ്ര മന്ത്രിമാരും ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു.