modi

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്നതിനിടെ മുൻരാഷ്ട്രപതിമാരുമായും മുൻപ്രധാനമന്ത്രിമാരുമായും പ്രധാനമന്ത്രി നരേന്ദ്രമോദി ചർച്ച നടത്തി.. മുൻ രാഷ്ട്രപതിമാരായ പ്രണബ് മുഖർജി, പ്രതിഭ പാട്ടീൽ, മുൻ പ്രധാനമന്ത്രിമാരായിരുന്ന ഡോ.മൻമോഹൻസിംഗ്, എച്ച്..ഡി. ദേവഗൗഡ എന്നിവരുമായാണ് മോദി ഫോണിൽ സംസാരിച്ചത്.

കൊവിഡ് 19നെതിരായ പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടാണ് മോദി ഇവരുമായി ചർച്ചനടത്തിയതെന്നാണ് സൂചന. ലോക്ക്ഡൗൺ പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളും ചർച്ച ചെയ്തതായി റിപ്പോർട്ടുണ്ട്.

ഇതിന് പുറമെ വിവിധ കക്ഷി നേതാക്കളായ സോണിയാ ഗാന്ധി, മുലായം സിംഗ് യാദവ്, അഖിലേഷ് യാദവ്, മമതാ ബാനർജി, നവീൻ പട്‌നായിക്, കെ.ചന്ദ്രശേഖർ റാവു, എം. കെ സ്റ്റാലിൻ, പ്രകാശ് സിംഗ് ബാദൽ എന്നിവരുമായും മോദി ഫോണിൽ ചര്‍ച്ച നടത്തിയതായാണ് റിപ്പോർട്ട്..

ബുധനാഴ്ച വീഡിയോ കോൺഫറൻസ് മുഖാന്തരം ഒരു സർവകക്ഷിയോഗവും പ്രധാനമന്ത്രി വിളിച്ചിട്ടുണ്ട്. കൊവിഡിനെതിരായ പോരാട്ടത്തിന്റെ ഭാഗമായി ഇന്ന് രാത്രി 9ന് ഐക്യദീപം തെളിക്കാനും പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരുന്നു..