ന്യൂഡൽഹി: രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 3577 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 505 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.. ആകെ 83 പേർ മരിച്ചതായുംകേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. തബ് ലീഗ് ജമാഅത്ത് സമ്മേളനം നടന്ന നിസാമുദ്ദീനിലെ മർകസ് രാജ്യത്തെ പ്രധാന രോഗവ്യാപനകേന്ദ്രമായി ആരോഗ്യമന്ത്രാലയം പ്രഖ്യാപിച്ചു. സമ്മേളനത്തിൽ പങ്കെടുത്തവരും അവരുമായി സമ്പർക്കം പുലർത്തിയതുമായ ഇരുപത്തിരണ്ടായിരം പേർ നിരീക്ഷണത്തിലാണ്. കേരളം ഉൾപ്പെടെ 17 സംസ്ഥാനങ്ങളിലെ രോഗബാധിതരുടെ നിരക്ക് കുത്തനെ കൂടാൻ സമ്മേളനം ഇടയാക്കിയെന്നും ആരോഗ്യമന്ത്രാലയം വിലയിരുത്തി.
ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്ത മഹാരാഷ്ട്രയിൽ രേരാഗബാധിതരുടെ എണ്ണം 690 ആയി ഉയർന്നു. ഇതുവരെ 275 പേർ രോഗമുക്തി നേടി.ശനിയാഴ്ച മുതൽ 11 മരണങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് മന്ത്രാലയ ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാജ്യത്തൊട്ടാകെയുള്ള 274 ജില്ലകളിൽ കുറഞ്ഞത് ഒരു പോസിറ്റീവ് കേസെങ്കിലും റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഇന്ത്യയിൽ കൊവിഡ് കേസുകൾ ഇരട്ടിയാകുന്നതിനുള്ള നിരക്ക് നിലവിൽ 4.1 ദിവസമാണ്. എന്നാൽ തബ്‌ലീഗ് ജമാഅത്തുമായി ബന്ധപ്പെട്ട കേസുകൾ ഉണ്ടായില്ലായിരുന്നുവെങ്കിൽ ഇത് 7.4 ദിവസമാകുമായിരുന്നുവെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.