തിരുവനന്തപുരം: അമേരിക്കയിലെ ന്യൂയോർക്കിൽ കൊവിഡ് 19 കാരണം ഇന്നലെ മരണമടഞ്ഞ മൂന്ന് മലയാളികളിൽ ബിരുദ വിദ്യാർത്ഥിയും. ന്യൂയോർക്കിൽ സ്ഥിരതാമസമായ തിരുവല്ല കടപ്ര വളഞ്ഞവട്ടം വലിയ പറമ്പിൽ തൈക്കടവിൽ സജി ഏബ്രഹാമിന്റെ മകനാണ് മരമമടഞ്ഞ ഷോൺ എസ്. ഏബ്രഹാം. നാലു ദിവസം മുമ്പാണ് ഷോണിന് രോഗം സ്ഥിരീകരിച്ചത്. മല്ലപ്പള്ളി നെടുങ്ങാടപ്പള്ളി വടക്കേക്കര വീട്ടിൽ സോളി ഏബ്രഹാമാണ് മാതാവ്. മൂന്നു വർഷം മുമ്പാണ് ഷോൺ ഒടുവിൽ നാട്ടിലെത്തിയത്. സംസ്‌കാരം ന്യൂയോർക്കിൽ നടക്കും.
ഇന്നലെത്തന്നെ ന്യൂയോർക്കിൽ മരിച്ച തങ്കച്ചന് ട്രാൻസ്‌പോർട്ട് കമ്പനിയിലെ ജോലിയുടെ ഭാഗമായി കൂടുതൽ പേരുമായി സമ്പർക്കമുണ്ടായിരുന്നു. മാർച്ച് 31നാണ് പനിയുടെ ലക്ഷണം കണ്ട് ആശുപത്രിയിലെത്തിയത്. 18 ദിവസത്തെ അവധിക്ക് നാട്ടിലെത്തിയ തങ്കച്ചൻ കഴിഞ്ഞ ഡിസംബർ 23 നാണ് ന്യൂയോർക്കിലേക്ക് തിരിച്ചു പോയത്. ഏറ്റുമാനൂർ കാണക്കാരി കൊങ്ങാമ്പുഴ കാലായിൽ ഷീബയാണ് ഭാര്യ. ന്യൂയോർക്കിൽത്തന്നെ നഴ്സ് ആണ് ഷീബ.
കൊവിഡ് ലക്ഷണങ്ങളോടെ അഞ്ചു ദിവസമായി റിയാദിലെ സൗദി ജർമ്മൻ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലപ്പുറം പെരുവള്ളൂർ പറമ്പിൽപീടിക സ്വദേശി നടമ്മൽ പുതിയകത്ത് സഫ്‌വാൻ (41) മരിച്ചത് ശനിയാഴ്ച രാത്രി 9.30 നാണ്. റിയാദിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു ഇയാൾ.
ന്യൂയോർക്ക് മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് അതോറിറ്റി ഉദ്യോഗസ്ഥനായ പത്തനംതിട്ട ഇലന്തൂർ സ്വദേശി തോമസ് ഡേവിഡ് (43), എറണാകുളം രാമമംഗലം സ്വദേശി കുഞ്ഞമ്മ സാമുവൽ (85. ന്യൂജഴ്സി) എന്നിവരാണ് അമേരിക്കൽ കൊവിഡ് കാരണം നേരത്തെ മരണമടഞ്ഞ മലയാളികൾ.