ന്യൂഡൽഹി: കൊവിഡിന് പിന്നാലെ രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്ക് ഉടൻ പരിഹാരം കാണണമെന്ന് റിസർവ് ബാങ്ക് മുൻഗവർണറും സാമ്പത്തിക വിദഗ്ദ്ധനുമായ രഘുറാം രാജൻ. സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം ഒരുപക്ഷേ ഇന്ത്യ അഭിമുഖീകരിച്ച ഏറ്റവും വലിയ സാമ്പത്തിക അടിയന്തരാവസ്ഥയാണ് രാജ്യം ഇപ്പോഴനുഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ‘സമീപകാല ഇന്ത്യയുടെ ഏറ്റവും വലിയ വെല്ലുവിളി’ എന്ന പേരിലുള്ള ബ്ലോഗിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
2008-2009 ലുണ്ടായ ആഗോള സാമ്പത്തിക പ്രതിസന്ധി വലിയൊരു ഞെട്ടലുണ്ടാക്കിയതാണ്. എന്നാൽ അന്നും തൊഴിലാളികൾക്ക് ജോലിക്ക് പോകാൻ കഴിയുമായിരുന്നു, ധനകാര്യ സംവിധാനം ഏറെക്കുറെ മികച്ചതായിരുന്നു, സർക്കാരിന്റെ ധനസ്ഥിതി ആരോഗ്യകരമായിരുന്നു. എന്നാൽ ഇന്ന് അങ്ങനെയല്ല സ്ഥിതിയെന്ന് അദ്ദേഹം പറഞ്ഞു.
വൈറസ് നിയന്ത്രിച്ചതിനുശേഷം സ്വീകരിക്കേണ്ട നടപടികൾ ആസൂത്രണം ചെയ്യാനും അദ്ദേഹം സർക്കാരിനോട് ആവശ്യപ്പെട്ടു. വൈറസിനെ പ്രതിരോധിക്കാന്‍ കഴിഞ്ഞില്ലെങ്കിൽപ്പോലും ലോക്ഡൗണിന് ശേഷം എന്ത് ചെയ്യണമെന്നതിനെക്കുറിച്ച് പദ്ധതി തയ്യാറാക്കണം. ഇത്രയേറെ ദിവസങ്ങൾ രാജ്യം അടച്ചുപൂട്ടിയിടുക എന്നത് വളരെയേറെ പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്ന കാര്യമാണ്. അതുകൊണ്ട് വൈറസ് വ്യാപനം അധികം ഇല്ലാത്ത സ്ഥലങ്ങളെ എങ്ങനെ പഴയ രീതിയിലേക്കെത്തിക്കാം എന്നതിനെക്കുറിച്ച് ആലോചിക്കണം.”
ദരിദ്രരും ശമ്പളമില്ലാത്തവരുമായ ആളുകൾക്ക് അടിയന്തര ശ്രദ്ധ നൽകേണ്ടതിനെക്കുറിച്ചും അദ്ദേഹം തന്റെ ബ്ലോഗിലൂടെ സംസാരിച്ചു. പലരും പറയുന്നതു പോലെ നേരിട്ടുള്ള കൈമാറ്റം ഭൂരിഭാഗം വീടുകളിലേക്കും എത്തിച്ചേരാം, എന്നാൽ എല്ലായിടത്തേക്കും എത്തണമെന്നില്ല. തന്നെയുമല്ല ഒരു മാസത്തേക്ക് അത് അപര്യാപ്തമാണെന്നും തോന്നുന്നു. ഇതിനകം അനന്തരഫലം നാം കണ്ടു – കുടിയേറ്റ തൊഴിലാളികളുടെ പാലായനം. അടുത്തത് അതിജീവിക്കാനാകാതെ വരുമ്പോൾ ലോക്ക്ഡൗണിനെ ലംഘിച്ച് അവർ ജോലിക്ക് പോകുന്നതായിരിക്കും കാണേണ്ടി വരികയെന്നും രഘുറാം രാജൻ പറയുന്നു.