tj-joseph

കേരളത്തിന്റെ സാമൂഹിക, രാഷ്ട്രീയ ചരിത്രത്തിലെ തീരാകളങ്കമാണ് തൊടുപുഴ ന്യൂമാൻ കോളേജിലെ അദ്ധ്യാപകനായ ടി.ജെ ജോസഫിന് നേരെയുണ്ടായ മതതീവ്രവാദികളുടെ ആക്രമണം. എസ്.ഡി.പി.ഐയുടെ കീഴിൽ പ്രവർത്തിച്ചിരുന്ന സംഘടനയായ പോപ്പുലർ ഫ്രണ്ടാണ് 2010 ജൂലൈ നാലാം തീയതി പ്രൊഫസറെ അദ്ദേഹത്തിന്റെ വീടിനടുത്ത് വച്ച് തികച്ചും അടിസ്ഥാനവിരുദ്ധമായ ആരോപണങ്ങളുടെ പേരിൽ ക്രൂരമായി ആക്രമിച്ചതും കൈകാലുകൾ വെട്ടിമുറിച്ചതും. ഈ ദുർഘടാവസ്ഥയിലാണ് പ്രൊഫസർക്ക് തന്റെ അദ്ധ്യാപന ജോലിയും നഷ്ടമാകുന്നത്. കോളേജ് മാനേജ്‌മെന്റാണ് മുട്ടാപ്പോക്ക് കാരണങ്ങൾ പറഞ്ഞുകൊണ്ട് പ്രൊഫസറെ പുറത്താക്കിയത്.

ഇങ്ങനെയൊരു സാഹചര്യത്തിലാണ് ഇടതുപക്ഷ അദ്ധ്യാപക സംഘടനകൾ തിരുവനന്തപുരത്ത് വച്ച് സംഘടിപിച്ച ഒരു ജനകീയ കൺവെൻഷനിലേക്ക് പ്രൊഫ. ജോസഫിന് ക്ഷണം ലഭിക്കുന്നത്. അന്നത്തെ പാർട്ടി സെക്രട്ടറിയായിരുന്ന, ഇപ്പോഴത്തെ കേരളാ മുഖ്യമന്ത്രി പിണറായി വിജയനാണ് തന്നെ വേദിയിലേക്ക് കൈ പിടിച്ചുകയറ്റിയതെന്ന് അദ്ദേഹം ഓർക്കുന്നു.

2010 നവംബർ 16ന് നടന്ന സമ്മേളനത്തിന്റെ വേദിക്കയിൽ വച്ച് കേരളം മൊത്തം പ്രൊഫസറോടൊപ്പം ഉണ്ടെന്നും പ്രൊഫസറെ ആക്രമിച്ച പോപ്പുലർ ഫ്രണ്ടിനും അദ്ദേഹത്തെ പുറത്താക്കിയ കോളേജ് മാനേജ്‌മെന്റിനും ഒരേ സ്വരമാണെന്നും പിണറായി വിജയൻ പ്രസംഗിച്ചത് താനെഴുതിയ പുസ്തകമായ 'അറ്റുപോകാത്ത ഓർമകളി'ൽ പ്രൊഫ. ടി.ജെ ജോസഫ് പരാമർശിക്കുന്നുണ്ട്.

പ്രൊഫസറുടെ ഈ ഓർമക്കുറിപ്പുകൾ തീർച്ചയായും ഇക്കാലത്തും പ്രസക്തമാണ്. മതതീവ്രവാദ ശക്തികൾക്കതിരെ കൃത്യമായ, ചഞ്ചലപ്പെടാത്ത നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയൻ എന്നും സ്വീകരിച്ചിട്ടുള്ളതെന്നാണ് ഇത് വെളിവാക്കുന്നത്. കേരളത്തിൽ നടന്ന പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധങ്ങളിൽ എസ്.ഡി.പി.ഐയെ പോലുള്ള തീവ്രവാദ സംഘടനകൾ നുഴഞ്ഞുകയറി ജനങ്ങൾക്കിടയിൽ സ്പർദ്ധയുണ്ടാക്കാൻ ശ്രമിക്കുന്നു എന്ന് അദ്ദേഹം അടുത്തിടെ നടത്തിയ പ്രസ്താവനയും ഇതുമായി ചേർത്ത് വായിക്കാവുന്നതാണ്.