statue-of-unity-

അഹമ്മദാബാദ്: ലോകത്തിലെ ഏറ്റവും വലിയ പ്രതിമയായ സ്റ്റാച്യൂ ഓഫ് യൂണിറ്റിയെ ഒ.എൽ.എക്സിൽ 30,​000 കോടിക്ക് വില്പനയ്ക്ക് വച്ച സംഭവത്തിൽ ഗുജറാത്ത് പൊലീസ് അന്വേഷണം തുടങ്ങി. കൊവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്താനെന്ന പേരിലാണ് സർദാർ വല്ലഭായ് പട്ടേൽ സ്മാരകമായ സ്റ്റാച്യൂ ഓഫ് യൂണിറ്റിയെ ഇ കൊമേഴ്സ് സൈറ്റായ ഒഎൽഎക്സിൽ വിൽപന വസ്തുവായി ചേർത്തത്. വ്യാജ പേരുള്ള അക്കൗണ്ടിൽ നിന്ന് പ്രത്യക്ഷപ്പെട്ട പരസ്യം പിന്നീട് നീക്കം ചെയ്തിരുന്നു.

കോവിഡ് പ്രതിരോധത്തിനായി ആശുപത്രികൾക്കും മെഡിക്കൽ ഉപകരണങ്ങൾക്കും വേണ്ടിയുള്ള പണം ലഭ്യമാക്കാനാണ് പ്രതിമ വിൽക്കുന്നതെന്നും ഇത് അടിയന്തര ആവശ്യമാണെന്നും പരസ്യത്തിൽ പറയുന്നു. ഇത് സംബന്ധിച്ച് പ്രാദേശിക പത്രത്തിൽ വന്ന വാർത്ത ശ്രദ്ധയിൽ പെട്ട സ്റ്റാച്യു ഓഫ് യൂണിറ്റി അധികൃതർ പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു.

ഓൺലൈൻ കമ്പോളമായ ഒഎൽഎക്സ്, അതിൽ പോസ്റ്റ് ചെയ്യുന്ന കാര്യങ്ങൾ പരിശോധിച്ച് ശരിവയ്ക്കാത്തത് ഞെട്ടിപ്പിക്കുന്ന കാര്യമാണെന്നും സ്റ്റാച്യൂ ഓഫ് ലിബർട്ടി അധികൃതർ അഭിപ്രായപ്പെടുന്നു. തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചു, വ്യാജ രേഖ, വഞ്ചന തുടങ്ങിയ കുറ്റങ്ങളുമായി ബന്ധപ്പെട്ട ഐപിസി 505, 417, 469 വകുപ്പുകൾ പ്രകാരം സംഭവത്തിൽ പൊലീസ് കേസെടുത്തു..

2989 കോടി രൂപയ്ക്കാണ് സർദാർ വല്ലഭായ് പട്ടേലിന്റെ പ്രതിമ നർമ്മദയുടെ തീരത്ത് പണിതുയർത്തിയത്. 2018ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ലോകത്തെ ഏറ്റവും ഉയരം(182 മീറ്റർ) കൂടിയ പ്രതിമയാണിത്. കൊവിഡ് രോഗബാധയെത്തുടർന്ന് മാർച്ച് 17 മുതൽ പ്രതിമയും പരിസരവും അടച്ചിട്ടിരിക്കുകയാണ്.