സോഷ്യൽ ഫോബിയ അഥവാ സാമൂഹിക ഉത്കണ്ഠാ രോഗം ജനിതക കാരണങ്ങളാലും ജീവിത സാഹചര്യങ്ങൾ, അനുഭവങ്ങൾ എന്നിവയുടെ സ്വാധീനത്താലും സംഭവിക്കുന്നതാണ്. സോഷ്യൽ ഫോബിയ ഉള്ളവർക്ക് പൊതുചടങ്ങുകൾ, വിവാഹങ്ങൾ തുടങ്ങി ആൾക്കൂട്ടമുള്ള ഇടങ്ങളിൽ ഇടപഴകാൻ അതികഠിനമായ ഉത്കണ്ഠയുണ്ടാകും. ആളുകൾ തന്നെ ശ്രദ്ധിക്കുന്നതായും തന്റെ പെരുമാറ്റത്തിലെയും സംസാരത്തിലെയും ശരീരഭാഷയിലെയും കുറവുകൾ കണ്ടെത്തുന്ന അവർ പരിഹസിക്കുമെന്നുമുള്ള ഭീതിയാണ് ഉത്കണ്ഠയ്ക്ക് കാരണം. സോഷ്യൽ ഫോബിയ കുട്ടിക്കാലത്ത് തന്നെ പ്രകടമാകാറുണ്ട്. പൊതുസ്ഥലത്ത് വച്ച് അവഹേളിക്കപ്പെടുന്ന കുട്ടികൾ പിന്നീട് സോഷ്യൽ ഫോബിയ ഉള്ളവരാകാറുണ്ട്. ക്ലാസ് മുറികളിലും കളിസ്ഥലത്തും കുട്ടികൾ ഒഴിഞ്ഞു മാറി ഒറ്റയ്ക്കിരിക്കുന്നത് ഇതുകൊണ്ടാവാം. സോഷ്യൽ ഫോബിയ ഗൗരവതരമാകുമ്പോൾ ചികിത്സ വേണ്ടി വരും. കൗമാരപ്രായത്തിലാണ് സാധാരണ പ്രകടമാകുന്നത്. പുരുഷൻമാരിലാണ് പ്രശ്നം കൂടുതലായി കണ്ടുവരുന്നത്. സോഷ്യൽ ഫോബിയയുള്ളവർ ആൾക്കൂട്ടത്തോട് മാത്രമല്ല അപരിചിതരായ ആളുകളോടും അടുത്ത് ഇടപഴകാൻ വൈമുഖ്യം കാട്ടും.