ന്യൂയോർക്ക്: ആഗോള മഹാമാരിയായ കൊവിഡ് 19 ബാധിച്ച് അമേരിക്കയിൽ 24 മണിക്കൂറിനിടെ മരിച്ചവരുടെ എണ്ണം 1,344 ആയി ഉയർന്നു. ഇതോടെ യു.എസിലെ ആകെ മരണം 9616 ആയി. രോഗബാധിതരുടെ എണ്ണം മൂന്നരലക്ഷത്തിനോടും അടുത്തിട്ടുണ്ട്. 25,316 കൊവിഡ് കേസുകളാണ് അമേരിക്കയിൽ പുതിയതായി രേഖപ്പെടുത്തിയത്. ന്യൂയോർക്കിൽ 1,23,018 പേർക്ക് രോഗം ബാധിച്ചത് അമേരിക്കയുടെ ആശങ്കയേറുന്നുണ്ട്.
ന്യൂജഴ്സിൽ 37,505 പേർക്കും രോഗം ബാധിച്ചു. അതിനിടെ അമേരിക്കയിൽ രണ്ട് മലയാളികൾ കൂടി ഇന്ന് മരിച്ചു. പിറവം സ്വദേശി ഏലിയാമ്മ കുര്യാക്കോസ്, ചെങ്ങന്നൂർ സ്വദേശി ഏലിയാമ്മ ജോണും ആണ് മരിച്ചത്. വൈറസ് ബാധയെ തുടർന്ന് അമേരിക്കയിൽ മരിച്ച മലയാളികളുടെ എണ്ണം ആറായി.
അതേസമയം, പുതിയ രോഗികളുടെ എണ്ണത്തിലും ദിനംപ്രതിയുള്ള മരണ നിരക്കിലും ഇറ്റലിയിലും സ്‌പെയിനിലുമടക്കം കുറവ് വന്നിട്ടുണ്ട്. സ്‌പെയിനില്‍ കഴിഞ്ഞ മൂന്ന് ദിവസമായി മരണ നിരക്ക് കുറഞ്ഞ് വരികയാണ്. 24 മണിക്കൂറിനിടെ ഇറ്റലിയില്‍ 525 ഉം സ്‌പെയിനില്‍ 674 ഉം മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബ്രിട്ടനിൽ ആകെ മരണ സംഖ്യ 4,934 ആയി. പ്രധാനമന്ത്രി ബോറിസ് ജോൺസൺ(55) അടക്കം വൈറസ് ബാധിച്ചതോടെ യു.കെയിൽ നിലവിൽ വലിയ പ്രതിസന്ധിയാണ് നിലനിൽക്കുന്നത്. പത്തു ദിവസമായി കൊവിഡ് ബാധിതനായി തുടരുന്ന ബ്രിട്ടിഷ് പ്രധാനമന്ത്രിയെ നിലവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ലോകത്ത് കൊവിഡ് ബാധിതുടെ എണ്ണം അനുനിമിഷം വർദ്ധിക്കുന്നു. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം വൈറസ് ബാധയേത്തുടർന്ന് മരിച്ചവരുടെ എണ്ണം 69,424 ആയി ഉയർന്നു. 24 മണിക്കൂറിനിടെ ആഗോളതലത്തിൽ 4,734 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. ലോകത്താകമാനം 71,000ലേറെപ്പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.