ജയ്പൂർ: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്ത ദീപം തെളിക്കലിനിടെ രാജസ്ഥാനിൽ തീപിടിത്തം. ജയ്പൂരിലെ വെെശാലി നഗറിലാണ് വൻ തീപിടിത്തമുണ്ടായത്. സംഭവത്തിൽ അപകടമോ മരണമോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. പ്രധാനമന്ത്രിക്ക് പിന്തുണ നൽകിക്കൊണ്ട് രാത്രി ഒമ്പത് മണിക്ക് ഒമ്പത് മിനിറ്റ് ലെെറ്റ് അണച്ച് ദീപം തെളിക്കലിന് ശേഷമാണ് തീപിടിത്തമുണ്ടായത്.
രാജ്യത്ത് കൊവിഡ് വിരുദ്ധപോരാട്ടത്തിൽ ഐക്യദാർഢ്യത്തിനായിരുന്നു ദീപം തെളിക്കലിന് പ്രധാനമന്ത്രി ആഹ്വാനമിട്ടത്. എന്നാൽ ഇതിനിടയിൽ ചിലർ പടക്കം പൊട്ടിക്കലും പറക്കുന്ന തരത്തിലുള്ള വിളക്കുകളും കത്തിച്ചതോടെയാണ് അപകടമുണ്ടായത്. ഒരു കുടിലിനും തീപിടിച്ചിരുന്നു. ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്. ജയ്പൂരിൽത്തന്നെ ദീപം തെളിക്കലിനിടെ പടക്കം പൊട്ടിച്ച് കെട്ടിടത്തിനും തീപിടിച്ചു.
അതേസമയം, രാജ്യത്ത് പലയിടത്തും കൊവിഡ് വിരുദ്ധപോരാട്ടത്തിന് ഐക്യം വിളംബരംചെയ്ത് ദീപങ്ങൾ തെളിഞ്ഞു. ചിലയിടങ്ങളിൽ ദീപാവലിക്ക് സമാനമായി പടക്കങ്ങൾ പൊട്ടിക്കുകയും കരഘോഷം മുഴക്കുകയും ചെയ്തു. രാഷ്ട്രപതി രാം നാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, കേന്ദ്രമന്ത്രിമാര്‍, സംസ്ഥാന മുഖ്യമന്ത്രിമാര്‍, സാംസ്കാരിക, സിനിമാരംഗത്തെ പ്രമുഖരും ദീപം തെളിയിക്കുന്നതില്‍ അണിചേര്‍ന്നു.