covid-

​​​​ന്യൂഡൽഹി : കൊവിഡ് രോഗം വ്യാപകമാകുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ശക്തമാക്കി കേന്ദ്ര സർക്കാർ. ഇതിന്‍റെ ഭാഗമായി കേന്ദ്ര ആരോഗ്യ വകുപ്പ് അഗ്രസീവ് കണ്ടെയ്‌മെന്റ്‌ പ്ളാൻ തയ്യാറാക്കി. തുടർച്ചയായ നാല് ആഴ്ചയോളം പുതിയ പോസിറ്റീവ് കേസുകൾ ഒന്നും റിപ്പോർട്ട് ചെയ്യാത്ത സാഹചര്യത്തിൽ മാത്രമെ കൊവിഡ് പൂർണമായും ഒഴി‌ഞ്ഞ് പോയതായി കണക്കാക്കാൻ സാധിക്കുവെന്നും 20 പേജുളള അഗ്രസീവ് കൺടൈൻമെന്‍റെ പ്ളാനിൽ പറയുന്നു. രാജ്യത്തെ ഹോട്ട് സ്പോർട്ടുകളും നിയന്ത്രണ സ്ഥലങ്ങളും ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഇന്ത്യയിൽ 274 ജില്ലകളിലാണ് നിലവിൽ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.


കൊവിഡ് പ്രതിരോധം ശക്തമാക്കുന്നതിന്‍റെ ഭാഗമായി ഹോട്ട് സ്പോട്ടുകൾ പൂർണമായും അടച്ചിടാൻ തീരുമാനിച്ചിട്ടുണ്ട്.82 ശതമാനം രോഗികളുള്ള 62 ജില്ലകൾ അടച്ചിടാനാണ് നിർദ്ദേശം. കേരളത്തിലെ ഏഴ് ജില്ലകളിൽ കർശന നിയന്ത്രണം വേണമെന്നും കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. മികച്ച നിലവാരത്തിലുള്ള 2.7കോടി എൻ 95മാസ്കുകളും പതി​നാറുലക്ഷത്തോളം പരി​ശോധനാകി​റ്റുകളും വെന്റിലേറ്ററുകളും തയ്യാറാക്കാൻ ഉദ്പാദകർക്ക് കേന്ദ്രസർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. അടുത്ത രണ്ടുമാസത്തെ ഉപയോഗത്തിനാണിതെന്നാണ് റിപ്പോർട്ട്.

അതിനിടെ രാജ്യത്ത് കൊവിഡ് മൂലം മരിച്ചവരുടെ എണ്ണം നൂറ്റിപ്പത്ത് കടന്നു . ഇന്നുരാവിലെ ഭോപ്പാലിൽ കൊവിഡ് ബാധിച്ച് അറുപത്തിരണ്ടുകാരൻ മരിച്ചു.ഇതോടെ മദ്ധ്യപ്രദേശിൽ മരിച്ചവരുടെ എണ്ണം15 ആയി.മഹാരാഷ്ട്രയിൽ ഇന്നലെമാത്രം 12 പേരാണ് മരിച്ചത്. ഇതോടെ സംസ്ഥാനത്തെ മരണം 44 ആയി. തമിഴ്നാട്ടിലും രോഗബാധിതരുടെ എണ്ണം കൂടുകയാണ്. കർണാടകത്തിൽ ഇന്നലെ ഏഴുപേർക്കാണ് രോഗം സ്ഥിരീകരിച്ചത്.